തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ആതിഥേയരായ കേരളത്തിന് എതിരെ മുംബൈയ്ക്ക് ഏഴ് റൺസിന്റെ നിർണായ ലീഡ്. തുമ്പ, സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ മുംബൈയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 251 റൺസ് പിന്തുടർന്ന കേരളം 244 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഏഴ് റൺസിന്റെ ലീഡാണ് മുംബൈ നേടിയത്.

ഒരു ഘട്ടത്തിൽ മികച്ച നിലയിലായിരുന്ന കേരളത്തെ ഏഴ് വിക്കറ്റ് നേടിയ മോഹിത് അവാസ്തിയാണ് തകർത്തത്. 65 റൺസ് നേടിയ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. രോഹൻ കുന്നുമ്മൽ (56) അർധ സെഞ്ചുറി നേടി. ക്യാപ്റ്റൻ സഞ്ജു സാംസൺ 38 റൺസെടുക്കാനാണ് സാധിച്ചത്.

മോശമല്ലാത്ത തുടക്കമാണ് കേരളത്തിന് ലഭിച്ചിരുന്നത്. ഓപ്പണിങ് വിക്കറ്റിൽ രോഹൻ - കൃഷ്ണ പ്രസാദ് (21) സഖ്യം 46 റൺസ് ചേർത്തു. തുടക്കം മുതൽ ആക്രമിച്ച് കളിക്കുകയെന്ന രീതിയാണ് ഇരുവരും സ്വീകരിച്ചത്. എന്നാൽ എട്ടാം ഓവറിലെ ആദ്യ പന്തിൽ കൃഷ്ണ പ്രസാദിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി നാല് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിങ്സ്.

പിന്നീടെത്തിയ രോഹന് പ്രേമിന് (0) നാല് പന്ത് മാത്രമായിരുന്നു ആയുസ്. ഇതോടെ രണ്ടിന് 46 എന്ന നിലയിലായി കേരളം. തുടർന്ന് സച്ചിൻ ബേബി - രോഹൻ സഖ്യം പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇരുവരും 63 റൺസ് കൂട്ടിചേർത്തു. അർധ സെഞ്ചുറി പൂർത്തിയാക്കി ഉടൻ രോഹനെ, ദുബെ ബൗൾഡാക്കി. എട്ട് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്.

പിന്നാലെ സഞ്ജു ക്രീസിലേക്ക്. ഏകദിന ശൈലിയിലാണ് സഞ്ജു ബാറ്റ് വീശിയത്. സച്ചിൻ ബേബിക്കൊപ്പം 61 റൺസ് കൂട്ടിചേർത്ത ശേഷമാണ് സഞ്ജു മടങ്ങുന്നത്. ഷംസ് മുലാനിയുടെ പന്തിൽ ദുബെയ്ക്ക് ക്യാച്ച്. അഞ്ച് ബൗണ്ടറികൾ സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെടും. തുടർന്നെത്തിയ വിഷ്ണു വിനോദ് (29), ശ്രേയസ് ഗോപാൽ (12), ജലജ് സക്സേന (0) എന്നിവർക്ക് തിളങ്ങാനായില്ല. ബേസിൽ തമ്പി (1), വിശ്വേഷർ സുരേഷ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. നിതീഷ് എം ഡി (6) പുറത്താവാതെ നിന്നു. ഇതിനിടെ സച്ചിൻ ബേബിയെ തനുഷ് കോട്യൻ വിക്കറ്റിന് മുന്നിൽ കുടക്കി. എട്ട് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈയെ കേരളം 251ന് എറിഞ്ഞിടുകയായിരുന്നു. തനുഷ് കൊട്യൻ (56), ഭുപൻ ലാൽവാനി (50), ശിവം ദുബെ (51) എന്നിവർ മാത്രമാണ് മുംബൈ നിരയിൽ തിളങ്ങിയത്. ഇന്ത്യൻ സീനിയർ താരവും മുംബൈ ക്യാപ്റ്റനുമായി അജൻക്യ രഹാനെ ഗോൾഡൻ ഡക്കായി. മുംബൈയുടെ ഇന്നിങ്സിന് ശേഷം ആദ്യ ദിവസത്തെ കളി നിർത്തിവെക്കുകയായിരുന്നു. ശ്രയസിന് പുറമെ ബേസിൽ തമ്പി, ജലജ് സക്‌സേന എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.