മുംബൈ: ഐപിഎൽ ഇനി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി ടാറ്റ തന്നെ സ്‌പോൺസർ ചെയ്യും. അടുത്ത അഞ്ച് വർഷത്തെ ഐപിഎൽ ടൈറ്റിൽ അവകാശം 2500 കോടി രൂപ മുടക്കിയാണ് ടാറ്റ ഗ്രൂപ്പ് നിലനിർത്തിയത്. 2024-2028 കാലയളവിലേക്കാണ് 2500 കോടി രൂപ ടൈറ്റില് അവകാശത്തിനായി ടാറ്റ മുടക്കുക. ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയാണ്.

ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ രൂക്ഷമായതോടെ ചൈനീസ് ഉൽപ്പന്നങ്ങളും ബ്രാൻഡുകളും ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ശക്തമായപ്പോഴാണ് 2022ൽ ടാറ്റ ഐപിഎൽ ടൈറ്റിൽ സ്‌പോൺസർമാരായി രംഗത്തെത്തിയത്. പിന്നീട് 2022ലും 2023ലും ടാറ്റ തന്നെ ടൈറ്റിൽ സ്‌പോൺസർമാരായി തുടർന്നു.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌പോൺസർഷിപ്പ് തുകയാണിത്. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ വനിതാ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്‌പോൺസർമാരുമാണ് ടാറ്റ.

''ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർമാരായി ടാറ്റ ഗ്രൂപ്പുമായുള്ള പങ്കാളിത്തം ഞങ്ങൾ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. ലീഗ് അതിരുകൾ മറികടന്നു, സമാനതകളില്ലാത്ത ആവേശവും വിനോദവും കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന ഒന്നാണ് ഐപിഎൽ,'' ബിസിസിഐയുടെ ഓണററി സെക്രട്ടറി ജയ് ഷാ പറഞ്ഞു.

ടൈറ്റിൽ സ്‌പോൺസർമാരായി ചൈനീസ് കമ്പനികൾ വേണ്ടെന്ന നിലപാടിൽ ബിസിസിഐ ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല. അതുപോലെ ഗെയിമിങ്, ബെറ്റിങ്, ക്രിപ്‌റ്റോ കറൻസി, ചൂതാട്ട മദ്യ നിർമ്മാണക്കമ്പനികൾക്കും ടൈറ്റിൽ സ്‌പോൺസർമാരാവുന്നതിന് വിലക്കുണ്ട്. ടൈറ്റിൽ സ്‌പോൺസർക്കുള്ള ബിഡ് സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 12ന് അവസാനിച്ചപ്പോൾ ആദിത്യ ബിർള ഗ്രൂപ്പ് ആയിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നത്.

എന്നാൽ ബിഡ് തുറന്നപ്പോൾ ഇരു വിഭാഗവും ഏതാണ്ട് അടുത്ത തുകയാണ് ക്വാട്ട് ചെയ്തിരുന്നത്. തുടർന്നാണ് ടാറ്റക്ക് തന്നെ സ്‌പോൺസർഷിപ്പ് കരാർ നൽകാൻ ബിസിസിഐ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

ഐപിഎൽ 2024-28ന്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പിനായി ടാറ്റ ഗ്രൂപ്പുമായുള്ള സഹകരണം ഐപിഎല്ലിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഐപിഎൽ ചെയർമാൻ അരുൺ സിങ് ധുമാൽ പറഞ്ഞു. ''ടാറ്റ ഗ്രൂപ്പിന്റെ 2,500 കോടി രൂപയുടെ റെക്കോർഡ് കരാർ ഐപിഎൽ കായിക ലോകത്ത് കൈവശമുള്ള അപാരമായ മൂല്യത്തിന്റെയും ആകർഷണത്തിന്റെയും തെളിവാണ്.

''ഈ അഭൂതപൂർവമായ തുക ലീഗിന്റെ ചരിത്രത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിക്കുക മാത്രമല്ല, ആഗോള സ്വാധീനമുള്ള ഒരു പ്രധാന കായിക ഇനമെന്ന നിലയിൽ ഐപിഎല്ലിന്റെ സ്ഥാനം വീണ്ടും സ്ഥിരീകരിക്കുകയും ചെയ്യുന്നു. ക്രിക്കറ്റിനോടും സ്പോർട്സിനോടും ഉള്ള ടാറ്റ ഗ്രൂപ്പിന്റെ പ്രതിബദ്ധത തീർച്ചയായും പ്രശംസനീയമാണ്, മാത്രമല്ല ഞങ്ങൾ ഒരുമിച്ച് പുതിയ ഉയരങ്ങൾ കീഴടക്കാൻ കാത്തിരിക്കുകയാണ്'' സിങ് കൂട്ടിച്ചേർത്തു.

2022ൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കായിക ലീഗായി ഐപിഎൽ മാറിയിരുന്നു. അമേരിക്കയിലെ നാഷണൽ ഫുട്‌ബോൾ ലീഗിന് തൊട്ടുപിന്നിലാണ് മൂല്യത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഐപിഎല്ലിന്റെ സ്ഥാനം. 2022ൽ ഐപിഎൽ ഡിജിറ്റൽ സംപ്രേഷണവകാശം 23,758 കോടി രൂപക്ക് റിലയൻസിന്റെ ഉടമസ്ഥതതയിലുള്ള വയാകോം18നും ടെലിവിഷൻ സംപ്രേഷണവകാശം 23575 കോടി രൂപക്ക് ഡിസ്‌നി സ്റ്റാറും സ്വന്തമാക്കിയിരുന്നു.