തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈ - കേരളം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. കരുത്തരായ മുംബൈക്കെതിരെ അവസാന ദിവസത്തെ കളി ശേഷിക്കെ കേരളത്തിന് ജയിക്കാൻ 303 റൺസ് കൂടി വേണം. മൂന്നാം ദിനം രണ്ടാം ഇന്നിങ്സിൽ 319 റൺസിന് പുറത്തായ മുംബൈ, കേരളത്തിന് മുമ്പിൽവെച്ചത് 327 റൺസ് വിജയലക്ഷ്യമാണ്.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കേരളം മൂന്നാം ദിനം കളിനിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 24 റൺസെന്ന നിലയിലാണ്. രോഹൻ കുന്നുമ്മലും (12*), ജലജ് സക്സേനയുമാണ് (12*) ക്രീസിൽ. പത്ത് വിക്കറ്റ് ശേഷിക്കേ അവസാന ദിനം കേരളത്തിന് ജയിക്കാൻ 303 റൺസ് കൂടി വേണം. സ്‌കോർ മുംബൈ 251, 321, കേരളം 244, 24-0.

നേരത്തേ വിക്കറ്റ് നഷ്ടമില്ലാതെ 105 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച മുംബൈ 319 റൺസിന് ഓൾഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീതം നേടിയ ജലജും ശ്രേയസ് ഗോപാലുമാണ് കേരളത്തിനായി ബൗളിങ്ങിൽ തിളങ്ങിയത്. നിധീഷ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. 73 റൺസെടുത്ത ജെയ് ബിസ്തയും 88 റൺസെടുത്ത ഭുപെൻ ലാൽവാനിയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 148 റൺസ് നേടി മികച്ച തുടക്കമാണ് മുംബൈക്ക് സമ്മാനിച്ചത്.

എന്നാൽ മൂന്നാം ദിനം കേരള ബൗളർമാർ കളംപിടിച്ചു. ബിസ്തയെ നിധീഷും ലാൽവാനിയെ ശ്രേയസ് ഗോപാലും പുറത്താക്കിയതോടെ മുംബൈ ഇന്നിങ്സിന്റെ താളംതെറ്റി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയേയും (16), സുവേദ് പാർക്കറേയും (14) പെട്ടെന്ന് മടക്കി ജലജ് അവരെ പ്രതിരോധത്തിലാക്കി. പ്രസാദ് പവാർ (35), ഷാംസ് മുലാനി (30), മോഹിത് അവസ്തി (32) എന്നിവർക്ക് മാത്രമാണ് പിന്നീട് രണ്ടക്കം കടക്കാനായത്. ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചറി നേടിയ ശിവം ദുബെയ്ക്ക് ഒരു റൺ മാത്രമെടുക്കാനേ സാധിച്ചുള്ളൂ.

നേരത്തേ ഒന്നാം ഇന്നിങ്സിൽ മുംബൈയെ 251 റൺസിന് പുറത്താക്കിയ കേരളം, മികച്ച തുടക്കത്തിന് ശേഷം അവിശ്വസനീയമായി തകർന്ന് ലീഡ് വഴങ്ങുകയായിരുന്നു. മികച്ച തുടക്കം കിട്ടിയെങ്കിലും 11 റൺസിനിടെ അവസാന അഞ്ചുവിക്കറ്റുകൾ കേരളം നഷ്ടപ്പെടുത്തി. ശനിയാഴ്ച രാവിലെ ബാറ്റിങ് തുടങ്ങിയ കേരളം നാലുവിക്കറ്റിന് 221 റൺസിലെത്തിയിരുന്നു. ലീഡ് നേടുമെന്ന് ഉറപ്പിച്ചിരിക്കെ, 22 റൺസിനിടെ ആറുവിക്കറ്റ് നഷ്ടപ്പെടുത്തി, 11 റൺസ് ചേർക്കുന്നതിനിടെയാണ് അവസാന അഞ്ചുബാറ്റർമാർ മടങ്ങിയത്.