- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും കോലി പിന്മാറി
മുംബൈ: ഇംഗ്ലണ്ടിനെതിരായ നിർണായക ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇറങ്ങുംമുമ്പെ ആതിഥേയരായ ഇന്ത്യക്ക് കനത്ത തിരിച്ചടി. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വിരാട് കോലി പിന്മാറി. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് കോലിയുടെ പിന്മാറ്റമെന്ന് ബിസിസിഐ അറിയിച്ചു.
'ക്യാപ്റ്റൻ രോഹിത് ശർമ, ടീം മാനേജ്‌മെന്റ്, സെലക്ടർമാർ എന്നിവരുമായി വിരാട് സംസാരിച്ചു, രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എല്ലായ്‌പ്പോഴും തന്റെ മുൻഗണനയാണ്, എന്നാൽ വ്യക്തിരമായ, ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് കോലി വ്യക്തമാക്കി' ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. ഈ സമയത്ത് വിരാട് കോലിയുടെ സ്വകാര്യതയെ മാനിക്കാനും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ബിസിസിഐ അഭ്യർത്ഥിച്ചു.
വ്യാഴാഴ്‌ച്ച, ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് വിശാഖപ്പട്ടണത്തും ആരംഭിക്കും. ഈ രണ്ട് ടെസ്റ്റിൽ നിന്നും വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് കോലി വിട്ടുനിൽക്കുന്നത്. ഫെബ്രുവരി 15ന് രാജ്കോട്ടിൽ നടക്കുന്ന ടെസ്റ്റിലേക്ക് കോലി തിരിച്ചെത്തും.
കോലിയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചേതേശ്വർ പൂജാര പകരക്കാരനാവാൻ സാധ്യതയേറെയാണ്. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പൂജാരയ്ക്കായിരുന്നു. നേരത്തെ, മുഹമ്മദ് ഷമിയേയും ആദ്യ രണ്ട് ടെസ്റ്റിൽ നിന്നൊഴിവാക്കിയിരുന്നു. പരിക്കിനെ തുടർന്നാണ് ഷമിയെ ഒഴിവാക്കിയത്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾക്ക് താരം തിരിച്ചെത്തും. രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്. ജസ്പ്രിത് ബുമ്രയാണ് വൈസ് ക്യാപ്റ്റൻ.
നാല് സ്‌പെഷ്യലിസ്റ്റ് സ്പിന്നർമാരും പേസർമാരും ടീമലെത്തി. രവീന്ദ്ര ജഡേജ, ആർ അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നർമാർ. പേസർമാരായി ജസ്പ്രിത് ബുമ്ര, ആവേഷ് ഖാൻ, മുകഷ് കുമാർ, മുഹമ്മദ് സിറാജ് എന്നിവരും ടീമിലെത്തി. രോഹിത്തിനെ കൂടാതെ ശുഭ്മാൻ ഗിൽ, യഷസ്വി ജെയ്‌സ്വാൾ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരാണ് ബാറ്റർമാർ. രഞ്ജി ട്രോഫിയിൽ ഇരട്ട സെഞ്ചുറി നേടിയ വെറ്ററൻ താരം ചേതേശ്വർ പൂജാരയ ടീമിലെക്ക് പരിഗണിച്ചിരുന്നില്ല. അജിൻക്യ രഹാനെയും പുറത്തുതന്നെയാണ്.
ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യഷസ്വി ജെയസ്വാൾ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, (വിക്കറ്റ് കീപ്പർ), കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രിത് ബുമ്ര, ആവേഷ് ഖാൻ.