- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായകൻ സൂര്യകുമാർ യാദവ്; 2023ലെ ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ച് ഐസിസി
ദുബായ്: 2023ലെ ട്വന്റി 20 ക്രിക്കറ്റ് ടീം ലോകഇലവനെ പ്രഖ്യാപിച്ച് ഐസിസി. നാല് ഇന്ത്യൻ താരങ്ങൾ ഇടം പിടിച്ച ഐസിസിയുടെ ട്വന്റി 20 ടീമിന്റെ നായകനാകുന്നത് ഇന്ത്യൻ താരം സൂര്യകുമാർ യാദവാണ്. രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, യശസ്വി ജയ്സ്വാൾ എന്നിവരാണ് സൂര്യകുമാർ യാദവിന് പുറമെ ഐസിസി ടീമിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ.
കഴിഞ്ഞ വർഷം 18 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 733 റൺസടിച്ച സൂര്യകുമാർ യാദവ് ഐസിസി അംഗരാജ്യങ്ങളിൽ റൺവേട്ടയിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു. രണ്ട് സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 15 മത്സരങ്ങളിൽ 430 റൺസടിച്ച യശസ്വി ജയ്സ്വാൾ, 21 മത്സരങ്ങളിൽ 26 വിക്കറ്റെടുത്ത അർഷ്ദീപ് സിങ്, ട്വന്റി 20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ രവി ബിഷ്ണോയ് എന്നിവരാണ് ഐസിസി ടീമിലെത്തി മറ്റ് ഇന്ത്യൻ താരങ്ങൾ.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിൽ നിന്ന് ഫിൽ സാൾട്ട് മാത്രമാണ് ട്വന്റി 20 ടീമിലെത്തിയത്. വിൻഡീസ് താരം നിക്കോളാസ് പുരാൻ, ന്യൂസിലൻഡിന്റെ മാർക്ക് ചാപ്മാൻ തുടങ്ങിയവരും ഐസിസി ട്വന്റി 20 ടീമിലെത്തി. ഉഗാണ്ട താരം അൽപേഷ് രാംജാനി, അയർലൻഡിന്റെ മാർക് അഡയർ, സിംബാബ്വെ താരങ്ങളായ സിക്കന്ദർ റാസ, റിച്ചാർഡ് ഗരാവ എന്നിവരും ഐസിസി ടീമിലുണ്ട്.
ഏകദിന ലോകകപ്പിന് ശേഷം രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ അവസരം ലഭിച്ച സൂര്യകുമാറിന് കീഴിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ട്വന്റി 20 മത്സരങ്ങൾ കളിച്ചിരുന്നു.
2023ൽ ബാറ്റ്കൊണ്ടും ബാൾ കൊണ്ടും ഓൾറൗണ്ട് മികവ് കൊണ്ടും ശ്രദ്ധേയ പ്രകടനം നടത്തിയ താരങ്ങളെയാണ് ഐ.സി.സി പരിഗണിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് സൂര്യകുമാർ ടീമിന്റെ ഭാഗമാകുന്നത്. അതേ സമയം ഓസ്ട്രേലിയൻ ടീമിൽ നിന്നും പാക്കിസ്ഥാൻ ടീമിൽ നിന്നും ഒരു താരം പോലും ലോകഇലവനിൽ ഇടംപിടിച്ചിട്ടില്ല.
ഐ സി സി തെരഞ്ഞെടുത്ത 2023ലെ ട്വന്റി 20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഫിൽ സാൾട്ട്, നിക്കോളാസ് പൂരൻ, മാർക്ക് ചാപ്മാൻ, സിക്കന്ദർ റാസ, അൽപേഷ് രാംജാനി, മാർക്ക് അഡൈർ, രവി ബിഷ്ണോയ്, റിച്ചാർഡ് നഗാരവ, അർഷ്ദീപ് സിങ്.
വനിതകളിൽ ഓഫ് സ്പിന്നർ ദീപ്തി ശർമ മാത്രമാണ് ഇന്ത്യയിൽനിന്ന് ഇടം നേടിയത്. ശ്രീലങ്കയുടെ ചമരി അത്തപ്പത്തുവാണ് നായിക. ബെത്ത് മൂണി, എല്ലിസ് പെറി, ആഷ് ഗാർഡ്നർ, മേഗൻ ഷറ്റ് എന്നീ നാല് ഓസ്ട്രേലിയൻ താരങ്ങളും ഇംഗ്ലണ്ടിന്റെ നാറ്റ് സ്കൈവർ ബ്രന്റ്, സോഫി എക്ലസ്റ്റോൺ, ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർട്ട്, വെസ്റ്റിൻഡീസിന്റെ ഹെയ്ലി മാത്യൂസ്, ന്യൂസിലാൻഡിന്റെ അമേലിയ കെർ എന്നിവരും ടീമിലുണ്ട്.