- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ വർഷത്തെ ഏകദിന ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി
ദുബായ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയ നേടിയിട്ടും ഐസിസിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഏകദിന ക്രിക്കറ്റ് ടീമിൽ ഇന്ത്യൻ ആധിപത്യം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന ടീമിൽ രോഹിത് അടക്കം ആറ് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകളിൽ നിന്ന് രണ്ട് താരങ്ങൾ വീതവും ഒരു ന്യൂസിലൻഡ് താരവും ടീമിലെത്തി. പാക്കിസ്ഥാൻ, ഇംഗ്ലണ്ട്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളുടെ ഒരു താരത്തിനും ടീമിലിടം നേടാൻ സാധിച്ചില്ല. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷത്തെ ഏകദിന ക്രിക്കറ്റ് ടീമിനെയാണ് ഐസിസി പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ മൂന്ന് ബാറ്റർമാരും ബൗളർമാരുമാണ് ടീമിലെത്തിയത്. രോഹിത്തിനൊപ്പം ശുഭ്മാൻ ഗിൽ, വിരാട് കോലി എന്നിവരാണ് ടീമിലെ ബാറ്റർമാർ. മുഹമ്മദ് ഷമി, മുഹഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ ബൗളർമാരും. അതേസമയം, ജസ്പ്രിത് ബുമ്രയ്ക്ക് ടീമിലിടം കണ്ടെത്താനായില്ല. ഷമി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായിരുന്നു. സിറാജിനും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുകയുണ്ടായി.
രോഹിത് - ഗിൽ സഖ്യം തന്നെയാണ് ടീമിന്റെ ഓപ്പണർമാർ. മൂന്നാമനായി ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് കളിക്കും. വിരാട് കോലി നാലാമനാവും. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലാണ് മധ്യനിരയിൽ കടിഞ്ഞാൺ ഏറ്റെടുക്കുക. ദക്ഷിണഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസനാണ് വിക്കറ്റ് കീപ്പർ. പേസ് ഓൾറൗണ്ടറായി ദക്ഷിണാഫ്രിക്കയുടെ തന്നെ മാർകോ ജാൻസനും. കുൽദീപല്ലാതെ ടീമിലെ മറ്റൊരു സ്പിന്നർ ഓസീസിന്റെ ആഡം സാംപയാണ്. പേസർമാരായി സിറാജും ഷമിയും.
കഴിഞ്ഞ വർഷത്തെ ഐസിസിയുടെ ഏറ്റവും മികച്ച ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ട്രാവിസ് ഹെഡ്, വിരാട് കോലി, ഡാരിൽ മിച്ചൽ, ഹെന്റിച്ച് ക്ലാസൻ, മാർക്കോ ജാൻസൻ, ആഡം സാംപ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.