തിരുവവന്തപുരം: കൊച്ചിയിൽ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. കൊച്ചി ചെങ്ങമനാടാണ് പുതിയ സ്റ്റേഡിയം നിർമ്മിക്കുക. ഇവിടെ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് അറിയിച്ചു. ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെ 750 കോടി രൂപയുടേതാണ് പദ്ധതി. 'കൊച്ചി സ്പോർട്സ് സിറ്റി' എന്ന പേരിൽ പദ്ധതി രൂപരേഖ സർക്കാരിനു സമർപ്പിച്ചു.

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കായിക ഉച്ചകോടിയിലാണ് കെ സി എ പ്രസിഡന്റ് ജയേഷ് ജോർജ് കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ള നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചത്. കൊച്ചിൻ സ്പോർട്സ് സിറ്റി അടക്കം സംസ്ഥാനത്ത് കായിക മേഖലയിൽ ഉന്നത നിലവാരമുള്ള 12 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി കോടികൾ നിക്ഷേപമുള്ള പദ്ധതികളാണ് കെസിഎ സർക്കാരിന് മുമ്പാകെ സമർപ്പിച്ചത്.

ആലുവ-നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്ത് ചെങ്ങമനാട് വില്ലേജിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റിയാണ് ഇതിൽ പ്രധാനം. 40,000 ഇരിപ്പിടങ്ങൾ, ഇൻഡോർ, ഔട്ട്‌ഡോർ പരിശീലന സൗകര്യം, പരിശീലന ഗ്രൗണ്ട്, സ്പോർട്സ് അക്കാദമി, റിസർച്ച് സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്ക്, സ്പോർട്സ് മെഡിസിൻ ആൻഡ് ഫിറ്റ്‌നസ് സെന്റർ, ഇ-സ്പോർട്സ് അരീന, വിനോദ മേഖല, ക്ലബ് ഹൗസ് എന്നിവയുൾക്കൊള്ളുന്നതായിരിക്കും കൊച്ചിൻ സ്പോർട്സ് സിറ്റി.



ഇതിന് പുറമെ വിവിധ ജില്ലകളിലായി മൂന്ന് ആഭ്യന്തര ക്രിക്കറ്റ് വേദികൾ കൂടി കെസിഎ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള സൗകര്യങ്ങളുടെ നവീകരണവും പദ്ധതി നിർദേശങ്ങളിലുണ്ട്. കാര്യവട്ടത്തെ സ്പോർട്സ് ഹബ്ബായ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം 33 വർഷത്തേക്ക് നിലനിർത്താനും കെസിഎ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാന സർക്കാരിനെ സമീപിക്കും. കൊച്ചിയിൽ നിർമ്മിക്കാൻ പോകുന്ന പുതിയ സ്റ്റേഡിയത്തിന്റെ പ്രാരംഭ രൂപകല്പനും ചടങ്ങിൽ കെ സി എ സർക്കാരിന് കൈമാറിയിട്ടുണ്ട്. 23 മുതൽ 26 വരെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിൽ കേരള സർക്കാർ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ കെസിഎ എക്‌സിബിഷൻ പവലിയനും ഒരുക്കിയിട്ടുണ്ട്.