- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് ബോധംകെട്ടു; വിളിച്ചിട്ടും കണ്ണുതുറക്കാതെ ഗ്ലെൻ മാക്സ്വെൽ; ഓസീസ് താരത്തിനെ ക്രിക്കറ്റ് ഓസ്ട്രേലിയ ചോദ്യം ചെയ്തേക്കും; വിൻഡീസിന് എതിരായ ഏകദിന പരമ്പരയിൽ നിന്നും താരം പുറത്ത്
സിഡ്നി: അഡ്ലെയ്ഡിൽ നടന്ന ഒരു നൈറ്റ് പാർട്ടിക്കിടെ മദ്യപിച്ച് ബോധംപോയി ആശുപത്രിയിലായ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെല്ലിനെതിരെ അന്വേഷണം. ക്രിക്കറ്റ് ഓസ്ട്രേലിയ ഓസിസ് താരത്തെ ചോദ്യം ചെയ്തേക്കും. സംഭവം പുറത്തായതിനു പിന്നാലെ ക്രിക്കറ്റ് ബോർഡ് ഇതിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് ഗ്ലെൻ മാക്‌സ്വെല്ലിനെ ഒഴിവാക്കാൻ കാരണം അച്ചടക്ക നടപടിയുടെ ഭാഗമെന്നാണ് വിവരം.
കഴിഞ്ഞയാഴ്ച ഒരു നൈറ്റ് പാർട്ടിക്കിടെ മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ ഉൾപ്പെട്ട സിക്സ് ആൻഡ് ഔട്ട് ബാൻഡിന്റെ സംഗീതപരിപാടിയിൽ പങ്കെടുക്കുകയായിരുന്ന മാക്സ്വെല്ലും സുഹൃത്തുക്കളും പരിപാടിക്ക് ശേഷം സ്റ്റേജിനു പിന്നിൽവെച്ച് മദ്യപിക്കുകയായിരുന്നുവെന്ന് സിഡ്‌നി മോണിങ് ഹെറാൾഡ് റിപ്പോർട്ടിൽ പറയുന്നു. ശേഷം ഇവർ ബാൻഡ് അംഗങ്ങൾക്കൊപ്പം പാട്ടുകൾ പാടിയിരുന്നു. തുടർന്ന് താരവും സുഹൃത്തുക്കളും മുറിയിലെത്തിയും മദ്യപാനം തുടർന്നു. ഇതിനിടെ മാക്സ്വെൽ ബോധരഹിതനാകുകയും സുഹൃത്തുക്കൾ എത്ര വിളിച്ചിട്ടും ബോധംവരാതിരുന്നതോടെ ആംബുലൻസ് വിളിച്ച് താരത്തെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ശേഷം മാക്സ്വെൽ പരിശീലനത്തിനെത്തിയിരുന്നു. പിന്നാലെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് മാക്സ്വെല്ലിനെ ഒഴിവാക്കിയിരുന്നു. താരത്തിനെതിരായ അച്ചടക്കനടപടിയുടെ ഭാഗമാണ് ഇതെന്ന് വിലയിരുത്തലുണ്ടായെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം നിഷേധിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച ബോർഡ്, സംഭവത്തിൽ താരത്തെ ചോദ്യം ചെയ്തേക്കുമെന്നും വ്യക്തമാക്കി.
കഴിഞ്ഞ വർഷം സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ കാൽതെറ്റി വീണ മാക്സ്വെല്ലിന്റെ കാലിലെ എല്ല് പൊട്ടിയിരുന്നു. പിന്നീട് ആറ് മാസത്തെ വിശ്രമത്തിന് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്താനായത്. പിന്നീട് ഇന്ത്യയിൽ നടന്ന ലോകകപ്പിനിടെ ഗോൾഫ് കോർട്ടിൽ തെന്നിവീണും താരത്തിന് പരിക്കേറ്റിരുന്നു.
സംഭവത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു കായികതാരത്തിന് നിരക്കുന്ന പെരുമാറ്റമല്ല മാക്‌സ്വെല്ലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസും സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. മാക്‌സ്വെൽ പരിധിവിട്ടോ എന്ന ചോദ്യത്തിന് അതിന് മാക്‌സ്വെൽ തന്നെ മറുപടി പറയണമെന്നായിരുന്നു കമിൻസിന്റെ മറുപടി. നമ്മൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലം നമ്മൾ തന്നെ അനുഭവിക്കണമെന്നും തങ്ങളെല്ലാം പ്രായപൂർത്തിയായവരാണെന്നും സ്വയം തീരുമാനമെടുക്കാൻ കഴിയണമെന്നും കമിൻസ് പറഞ്ഞു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം മാക്‌സ്വെൽ ഗ്രൗണ്ടിൽ എത്തിൽ പരിശീലനം നടത്തിയിരുന്നു. എന്നാൽ ഏകദിന ടീമിൽ നിന്ന് മാക്‌സ്വെല്ലിനെ ഒഴിവാക്കിയത് അച്ചടക്ക നടപടിയുടെ ഭാഗമായല്ലെന്നും ബിഗ് ബാഷ് ലീഗിൽ കളിച്ചതിന് പിന്നാലെ ഏകദിന പരമ്പരയിൽ കളിക്കാൻ കഴിയാത്തതിനാലാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. ടി20 പരമ്പരക്കുള്ള ടീമിൽ മാക്‌സ്വെൽ തിരിച്ചെത്തുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
കഴിഞ്ഞ വർഷം ഒരു ബർത്ത് ഡേ പാർട്ടിക്കിടെ കാൽതെറ്റി വീണ മാക്സ്വെല്ലിന്റെ കാലിലെ എല്ല് പൊട്ടിയിരുന്നു. പിന്നീട് ആറ് മാസത്തെ വിശ്രമശേഷമാണ് മാക്‌സ്വെൽ ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തിയത്. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ആറാമനായി ഇറങ്ങിയ ഡബിൾ സെഞ്ചുറി നേടിയ മാക്‌സ്വെൽ ടീമിന് അവിശ്വസനീയ വിജയം സമ്മാനിക്കുകയും ചെയ്തു.
സ്പോർട്സ് ഡെസ്ക്