മുംബൈ: 2023ലെ ഏറ്റവും മികച്ച രാജ്യാന്തര ട്വന്റി20 താരമായി ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ ഐസിസി തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യൻ താരത്തെ തേടി ഈ പുരസ്‌കാരമെത്തുന്നത്.

കഴിഞ്ഞ വർഷം 17 ഇന്നിങ്‌സുകൾ മാത്രം കളിച്ച സൂര്യ 48.86 ശരാശരിയിലും 155.95 സ്ട്രൈക്ക് റേറ്റിലും 733 റൺസാണ് അടിച്ചെടുത്തത്. ആക്രമിച്ച് കളിക്കുന്ന താരം 2023ൽ മാത്രം നാല് അർധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും നേടി. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് സൂര്യകുമാറിന് ക്യാപ്റ്റൻസിയും നൽകിയിരുന്നു. തുടർച്ചയായി രണ്ടാം തവണവും ഒരു താരം ഐസിസി ട്വന്റി 20 പുരസ്‌കാരം നേടുന്നത് ആദ്യമായിട്ടാണ്.

മുംബൈ സ്വദേശിയായ സൂര്യകുമാറിന്റെ പേരിൽ നാല് ട്വന്റി20 സെഞ്ചറികളാണുള്ളത്. ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്വെലിനൊപ്പം ഇക്കാര്യത്തിൽ രണ്ടാമതാണ് താരം. അഞ്ച് സെഞ്ചറികളുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് ഒന്നാമത്.

ജോഹന്നാസ്ബർഗിൽ നടന്ന ഇന്ത്യയുടെ ഈ വർഷത്തെ അവസാന ടി20യിൽ പ്രോട്ടീസിനെതിരെ വെറും 56 പന്തിൽ സൂര്യ സെഞ്ച്വറി നേടിയിരുന്നു. ടി20യിൽ ഇന്ത്യയുടെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയും സൂര്യ സ്വന്തമാക്കി. ശ്രീലങ്കയ്‌ക്കെതിരെ വെറും 45 പന്തിൽ മൂന്നക്കത്തിലെത്തി. 2017ൽ ഇതേ എതിരാളികൾക്കെതിരെ രോഹിത് ശർമ 35 പന്തിൽ മൂന്നക്കത്തിലെത്തിയിരുന്നു. ഇതിന് പിന്നിലാണ് സൂര്യയുടെ സ്ഥാനം.

ഓസ്‌ട്രേലിയയ്‌ക്കെതിരെയും (42 പന്തിൽ 80), ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും (36 പന്തിൽ 56) അർധസെഞ്ചുറി നേടി. ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളിൽ രണ്ടാമതാണ് സൂര്യ. അഞ്ച് സെഞ്ചുറികൾ നേടിയിട്ടുള്ള രോഹിത്താണ് ഒന്നാമൻ. നാല് സെഞ്ചുറികൾ നേടിയ സൂര്യ ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്വെല്ലിനൊപ്പം രണ്ടാംസ്ഥാനം പങ്കിടുന്ന. അഫ്ഗാനിസ്ഥാനെതിരായ അവാസന ടി20 മത്സരത്തിലാണ് രോഹിത് അഞ്ച് സെഞ്ചുറികൾ പൂർത്തിയാക്കിയത്.

60 ടി20 മത്സരങ്ങളിൽ നിന്ന് 45.55 ശരാശരിയിലും 171.55 സ്ട്രൈക്ക് റേറ്റിലും 2141 റൺസാണ് സൂര്യ നേടിയത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഐസിസി ടി20 ഐ ടീമിന്റെ ക്യാപ്റ്റനായും സൂര്യകുമാറിനെ തിരഞ്ഞെടുത്തിരുന്നു. സൂര്യകുമാറിനെ കൂടാതെ മറ്റ് മൂന്ന് ഇന്ത്യൻ താരങ്ങളും ഈ വർഷത്തെ ടി20 ഐ ടീമിൽ ഇടം നേടി. ഓപ്പണർ യഷസ്വി ജയ്‌സ്വാൾ, പേസർ അർഷ്ദീപ് സിങ്, സ്പിന്നർ രവി ബിഷ്‌ണോയ് എന്നിവരാണ് ടീമിലെത്തിയ മറ്റുതാരങ്ങൾ.

2023 ഐസിസി ടി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യഷസ്വി ജയ്‌സ്വാൾ, ഫിൽ സാൾട്ട്, നിക്കോളാസ് പുരാൻ, മാർക്ക് ചാപ്മാൻ, സിക്കന്ദർ റാസ, അൽപേഷ് രാംജാനി, മാർക്ക് അഡൈർ, രവി ബിഷ്‌ണോയ്, റിച്ചാർഡ് നഗാരവ, അർഷ്ദീപ് സിങ്.