ഹൈദരാബാദ്: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ തുടക്കമാകാനിരിക്കെ ആദ്യ ടെസ്റ്റിനായി ഒരുക്കിയിരിക്കുന്ന പിച്ച് ആദ്യദിനം തന്നെ സ്പിന്നിനെ പിന്തുണയ്ക്കുമോ എന്നത് ചർച്ചയാക്കി ആരാധകർ. ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിൽ മൂന്ന് സ്പിന്നർമാരെ ഉൾപ്പെടുത്തിയതോടെയാണ് ആരാധകർ പിച്ചിന്റെ സ്വഭാവം എന്താകും എന്നത് ചർച്ച ചെയ്യുന്നത്.

കുത്തിതിരിയുന്ന പിച്ചായിരിക്കുമെന്ന് ഉറപ്പാണ്. ആദ്യദിനം തന്നെ പന്ത് കുത്തിത്തിരുമെന്നാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരു ടീമിലേയും ബാറ്റർമാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാവുമെന്നാണ് പ്രവചനം. ഇതിന് മുമ്പ് അഞ്ച് ടെസ്റ്റുകളാണ് ഹൈദരാബാദിൽ കളിച്ചിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്യുന്നവരും രണ്ടാമത് ബാറ്റ് ചെയ്യുന്നവരും രണ്ട് വീതം ജയം സ്വന്തമാക്കിയിട്ടുണ്ട്.

404 റൺസാണ് ശരാശരി ഒന്നാം ഇന്നിങ്സ് സ്‌കോർ. രണ്ടാം ഇന്നിങ്സിലെ ശരാശരി സ്‌കോർ 377. മൂന്നാം ഇന്നിങ്സിൽ 205, നാലാം ഇന്നിങ്സിൽ 131 ആയി കുറയും. ഇന്ത്യ ബംഗ്ലാദേശിനെതിരെ നേടിയ 687 റൺസാണ് ഏറ്റവും ഉയർന്ന സ്‌കോർ. വെസ്റ്റ് ഇൻഡീസിനെ 127ന് പുറത്താക്കിയത് ഏറ്റവും ചെറിയ സ്‌കോർ. ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ആരാധകർ പറയുന്നു.

സ്പിൻകരുത്തിൽ പ്രതീക്ഷയർപ്പിച്ച ഇന്ത്യ ഇറങ്ങുന്നത്. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് സ്പിൻ ത്രയത്തെ അതിജീവിക്കുകയാവും ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി. ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് വേട്ടയിൽ സെഞ്ച്വറി തികയ്ക്കാൻ അശ്വിന് 12 വിക്കറ്റ്കൂടി മതി. പത്തൊൻപത് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 88 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം.

തകർത്തടിക്കുന്ന ബാസ്ബോൾ ശൈലിയിലൂടെ മുന്നേറാനാകും ഇംഗ്ലണ്ടിന്റെ ശ്രമം. ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു. പേസർ ജെയിംസ് ആൻഡേഴ്സൺ ഹൈദരാബാദിൽ നാളെ തുടങ്ങുന്ന ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിലില്ല. മൂന്ന് സ്പിന്നർമാരുമായാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ലെഗ് സ്പിൻ ഓൾ റൗണ്ടർ റെഹാൻ അഹമ്മദ്, ഇടം കൈയൻ സ്പിന്നർ ടോം ഹാർട്‌ലി, ജാക് ലീച്ച് എന്നിവരാണ് സ്പിന്നർമാരായി ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിൽ ഇടം നേടിയത്. പേസറായി മാർക്ക് വുഡ് മാത്രമാണ് ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിലുള്ളത്.

ബാസ്ബോൾ ശൈലിയിലേക്ക് മാറിയ ശേഷം ഇംഗ്ലണ്ട് ഒരു പരമ്പര പോലും തോറ്റിട്ടില്ല. ഇന്ത്യക്ക് വെല്ലുവിള ഉയർത്തുക ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലി തന്നെയാകുമെന്ന് ക്രിക്കറ്റ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ എതിരാളികളുടെ ശൈലി ഒട്ടും ആശങ്കപ്പെടുത്തുന്നില്ലയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറയുന്നു. "ഞങ്ങൾ ഞങ്ങളുടെ ശൈലിയാണ് ഉപയോഗപ്പെടുത്തുക. എതിർടീം എങ്ങനെ കളിക്കുമെന്നതിനെ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നതേയില്ല. ഒരു ടീമെന്ന നിലയിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അത് പൂർണമായും ഉപയോഗപ്പെടുത്തുക." രോഹിത് പറഞ്ഞു.

വിക്കറ്റ് കീപ്പർമാരെ കുറിച്ചും രോഹിത് സംസാരിച്ചു. "ടീമിൽ വിക്കറ്റ് കീപ്പർമാരായി ധ്രുവ് ജുറലും കെ എസ് ഭരതുമുണ്ട്. ഒരു താരത്തിന് വേണ്ടത്ര മത്സരങ്ങൾ നൽകാൻ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നു. ഇരുവരുടേയും കാര്യത്തിൽ അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്. ഓരോ കളി കഴിയുമ്പോളും എന്താണ് സംഭവിക്കുന്നതെന്നും ടീമിന് എന്താണ് ശരിയെന്നും ഞങ്ങൾ വിലയിരുത്തും .ടീമിന് അനുയോജ്യമായത് ഉൾകൊള്ളും." രോഹിത് വ്യക്തമാക്കി.

ബൗളിങ് ഡിപ്പാർട്ട്മെന്റിനെ കുറിച്ചും അശ്വിൻ വാചാലനായി. "അശ്വിനും സിറാജും ഞങ്ങൾക്ക് പ്രധാനപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ രണ്ട് വർഷമായി സിറാജ് കളിയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. അശ്വിൻ എപ്പോഴും ക്ലാസാണ്." രോഹിത് കൂട്ടിചേർത്തു.

ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് മത്സരം. വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്ന വിരാട് കോലിയും പരിക്കേറ്റ പേസർ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക. കോലിക്ക് പകരം രജത് പടിധാറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീനിയർ താരങ്ങളായ അജിൻക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവരെ മറികടന്നാണ് താരം ടീമിലെത്തിയത്.

എന്നാൽ പ്ലേയിങ് ഇലവനിൽ പടിധാർ ഇടംപിടിച്ചേക്കില്ല. കോലിക്ക് പകരം നാലാം നമ്പറിൽ കെ എൽ രാഹുൽ ബാറ്റ് ചെയ്യാനാണ് സാധ്യത. കെ എൽ രാഹുൽ കീപ്പറാവില്ലെന്ന് കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയതിനാൽ വിക്കറ്റിന് പിന്നിലെത്താൻ കെ എസ് ഭരത്തും അരങ്ങേറ്റക്കാരൻ ധ്രുവ് ജുറലും തമ്മിലാവും മത്സരം. വിരമിച്ച സ്റ്റുവർട്ട് ബ്രോഡ്, മോയിൻ അലി, അവസാന നിമിഷം പിന്മാറിയ ഹാരി ബ്രൂക് എന്നിവരില്ലാതെയാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്.