ലണ്ടൻ: പാക് വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഷൊയൈബ് ബഷീറിന് ഇന്ത്യൻ പര്യടനത്തിനുള്ള ടീമിനൊപ്പം ചേരാൻ സാധിച്ചിരുന്നില്ല. പാക്കിസ്ഥാൻ വംശജനായ താരത്തിന് വിസ അനുമതി ലഭിക്കാതെ വന്നതോടെയാണ് ടീമിന്റെ ഭാഗമാകാൻ കഴിയാതെ വന്നത്. എന്നാൽ ഇംഗ്ലണ്ട് സ്പിന്നറുടെ വീസാ പ്രശ്‌നത്തിൽ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫിസ് രംഗത്ത് വന്നു.

വീസാ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ നീതിപൂർവം പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. പാക് വംശജരായ ബ്രിട്ടീഷ് പൗരന്മാർക്ക്, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറിൽനിന്ന് വീസ ലഭിക്കുന്നതിൽ പ്രയാസം നേരിടുന്നതായി മുൻപും സർക്കാരിനെ അറിയിച്ചിരുന്നതായി അവർ വ്യക്തമാക്കി. വ്യാഴാഴ്ച ഹൈദരാബാദിലാണ് അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.

കഴിഞ്ഞ ജൂണിൽ ആഭ്യന്തര ട്വന്റി20 ലീഗിലാണ് ഇരുപതുകാരനായ സ്പിന്നർ ഷൊയൈബ് ബഷീർ പ്രഫഷനൽ ക്രിക്കറ്റിൽ അരങ്ങേറിയത്. പിന്നാലെ സോമർസെറ്റിനുവേണ്ടി ഫസ്റ്റ് ക്ലാസിലും അരങ്ങേറി. ഇതുവരെ ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഏഴ് ലിസ്റ്റ് എ മത്സരങ്ങളിലുമാണ് ബഷീർ കളിച്ചിട്ടുള്ളത്. അടുത്തിടെ യുഎഇയിൽവച്ച് നടന്ന ഇംഗ്ലണ്ടിന്റെ പരിശീലന ക്യാംപിനിടെയാണ് താരത്തെ ദേശീയ ടീമിൽ ഉൾപ്പെടുത്താൻ സിലക്ടർമാർ തീരുമാനിച്ചത്.

യുഎയിൽനിന്ന് ഇന്ത്യയിലേക്ക് ഇംഗ്ലണ്ട് ടീം നേരത്തേ എത്തിയെങ്കിലും, വീസ ലഭിക്കാതിരുന്ന സാഹചര്യത്തിൽ ബഷീറിന് തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടിവന്നു. സംഭവം വളരെ മോശമായിപ്പോയെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു.

ഡിസംബർ മധ്യേ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടും ബഷീറിന് വിസ കിട്ടാത്തതിലുള്ള അതൃപ്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് പ്രകടിപ്പിച്ചു. ഏറെ അസ്വസ്ഥമാക്കുന്ന വാർത്തയാണിതെന്നാന്ന് സ്റ്റോക്സ് പറഞ്ഞത്. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വാക്കുകൾ.. "'ഏറെ അസ്വസ്ഥനാക്കുന്ന വാർത്തയാണിത്. ഡിസംബർ മധ്യേ നമ്മൾ സ്‌ക്വാഡ് പ്രഖ്യാപിച്ചതാണ്. എന്നാലിപ്പോൾ ഷൊയൈബ് ബഷീർ വിസ പ്രശ്നം നേരിടുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനൊപ്പമുള്ള ആദ്യ അവസരത്തിൽ തന്നെ ഒരു യുവതാരം ഈ ബുദ്ധിമുട്ട് നേരിടുന്നത് ക്യാപ്റ്റൻ എന്ന നിലയ്ക്ക് എന്നെ കൂടുതൽ അസ്വസ്തനാക്കുന്നു' എന്നും സ്റ്റോക്സ് പറഞ്ഞു.

വീസാ നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കി ബഷീറിന് ഇന്ത്യയിലേക്ക് എത്താനാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പ്രതീക്ഷ പങ്കുവച്ചു. മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർഭാഗ്യകരമെന്നാണ് രോഹിത് വ്യക്തമാക്കിയത്. രോഹിത് പറഞ്ഞതിങ്ങനെ... "ഷൊയ്ബ് ബഷീറിന്റെ മടക്കം നിർഭാഗ്യകരമാണ്. സംഭവത്തിൽ തീരുമാനമെടുക്കാൻ ഞാൻ വിസ ഓഫിസിലല്ല ഇരിക്കുന്നത്. അദ്ദേഹത്തിന് ഉടൻ വിസ ലഭിക്കുമെന്നാഅ് പ്രതീക്ഷ. ഒരിക്കൽ രാജ്യം ആസ്വദിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ." ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു.

അതേസമയം, ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു. പേസർ ജെയിംസ് ആൻഡേഴ്സൺ ഹൈദരാബാദിൽ നാളെ തുടങ്ങുന്ന ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിലില്ല. മൂന്ന് സ്പിന്നർമാരുമായാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ലെഗ് സ്പിൻ ഓൾ റൗണ്ടർ റെഹാൻ അഹമ്മദ്, ഇടം കൈയൻ സ്പിന്നർ ടോം ഹാർട്‌ലി, ജാക് ലീച്ച് എന്നിവരാണ് സ്പിന്നർമാരായി ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിൽ ഇടം നേടിയത്. പേസറായി മാർക്ക് വുഡ് മാത്രമാണ് ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിലുള്ളത്.