ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം നയിച്ച ഒലി പോപ്പിന്റെ ബാറ്റിങ് മികവിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 316 റൺസ് എന്ന നിലയിലാണ്. 208 പന്തുകളിൽ നിന്നും 17 ബൗണ്ടറികളടക്കം 148 റൺസുമായി ഒലി പോപ്പും 16 റൺസ് എടുത്ത റെഹാൻ അഹമ്മദുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനിപ്പോൾ 126 റൺസിന്റെ ലീഡായി.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 246നെതിരെ ഇന്ത്യ 436 റൺസിന് പുറത്തായി. 190 റൺസിന്റെ ലീഡാണ് ഇന്ത്യക്കുണ്ടായിരുന്നത്. 87 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. കെ എൽ രാഹുൽ (86), യഷസ്വി ജെയ്സ്വാൾ (80) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് നാല് വിക്കറ്റെടുത്തു. റെഹാൻ അഹമ്മദ്, ടോം ഹാർട്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ഓപ്പണർ സാക് ക്രൗളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ ആദ്യം നഷ്ടമായത്. 31 റൺസെടുത്ത താരത്തെ അശ്വിൻ രോഹിത്തിന്റെ കൈയിലെത്തിച്ചു. നിലയുറപ്പിച്ച ബെൻ ഡക്കറ്റിന്റെ ഊഴമായിരുന്നു അടുത്തത്. ഒലി പോപ്പിനൊപ്പം 68 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് പിന്നാലെ ബുംറ ഡക്കറ്റിന്റെ കുറ്റി തെറിപ്പിച്ചു. 52 പന്തിൽ നിന്ന് 47 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിന്നാലെ നിലയുറപ്പിക്കും മുമ്പ് ജോ റൂട്ടിനെ (2) മടക്കി ബുംറയും ജോണി ബെയർസ്റ്റോയെ (10) പുറത്താക്കി ജഡേജയും ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സിനെ (6) മടക്കി അശ്വിനും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. ഇതോടെ അഞ്ചിന് 163 എന്ന നിലയിലേക്ക വീണു ഇംഗ്ലണ്ട്. എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച ഒലി പോപ്പ് - ഫോക്സ് സഖ്യം 112 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 81 പന്തിൽ നിന്ന് 34 റൺസെടുത്ത ഫോക്സിനെ മടക്കി അക്ഷർ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ബ്രേക്ക് ത്രൂ ലഭിച്ചെങ്കിലും റെഹാൻ അവസാനം വരെ ചെറുത്തുനിന്നു. ഇതിനിടെ പോപ് സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. 208 പന്തുകൾ നേരിട്ട താരം 17 ബൗണ്ടറികൾ കണ്ടെത്തി.

നേരത്തേ ഏഴു വിക്കറ്റ് നഷ്ടത്തിൽ 421 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 436 റൺസിൽ ഓൾഔട്ടായിരുന്നു. മൂന്നാം ദിനം 15 റൺസിനിടെ ഇന്ത്യയുടെ ശേഷിച്ച് മൂന്ന് വിക്കറ്റുകളും വീണു. 190 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡും ഇന്ത്യ സ്വന്തമാക്കി. രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 180 പന്തിൽ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 87 റൺസെടുത്ത ജഡേജയായിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ.

സെഞ്ചുറിയിലേക്ക് മുന്നേറുകയായിരുന്ന ജഡേജയക്ക് തലേ ദിവസത്തെ സ്‌കോറിലേക്ക് ആറു റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ജോ റൂട്ടിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് ജഡേജ പുറത്തായത്. വിവാദമായ ഡിആർഎസ് തീരുമാനത്തിലായിരുന്നു ജഡേജയുടെ പുറത്താകൽ. തൊട്ടടുത്ത പന്തിൽ ജസ്പ്രീത് ബുംറയേയും (0) റൂട്ട് പുറത്താക്കി. 100 പന്തിൽ നിന്ന് 44 റൺസെടുത്ത അക്ഷർ പട്ടേലിനെ മടക്കി റെഹാൻ അഹമ്മദ് ഇന്ത്യൻ ഇന്നിങ്സ് അവസാനിപ്പിച്ചു.

74 പന്തിൽ നിന്ന് മൂന്ന് സിക്‌സും 10 ഫോറുമടക്കം 80 റൺസെടുത്ത യശസ്വി ജയ്‌സ്വാൾ, 123 പന്തിൽ നിന്ന് രണ്ട് സിക്സും എട്ട് ഫോറുമടക്കം 86 റൺസെടുത്ത കെ.എൽ രാഹുൽ, 81 പന്തിൽ നിന്ന് 41 റൺസെടുത്ത ശ്രീകർ ഭരത് എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

രണ്ടാം ദിനം ആദ്യ ഓവറിൽ തന്നെ ഇന്ത്യയെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ആദ്യ ഓവർ എറിയാനെത്തിയ ജോ റൂട്ടിനെതിരെ യശസ്വി ജയ്‌സ്വാൾ ബൗണ്ടറി നേടിയെങ്കിലും ആ ഓവറിൽ തന്നെ യശസ്വിയെ സ്വന്തം ബൗളിംഗിൽ കൈപ്പിടിയിലൊതുക്കി റൂട്ട് ഇന്ത്യയെ ഞെട്ടിച്ചു. 74 പന്തിൽ 80 റൺസെടുത്ത് യശസ്വി മടങ്ങിയത്. 10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് യശസ്വിയുടെ ഇന്നിങ്സ്. പിന്നാലെ നാലാം നമ്പറിൽ കെ എൽ രാഹുൽ ആണ് ക്രീസിലെത്തിയത്.

തുടക്കം മുതൽ രാഹുൽ താളം കണ്ടെത്തിയപ്പോൾ അമിത പ്രതിരോധത്തിലേക്ക് പോയ ശുഭ്മാൻ ഗില്ലിന് പിടിച്ചു നിൽക്കാനായില്ല. ഇന്നലെ 14 റൺസെടുത്തിരുന്ന ഗിൽ ഇന്ന് ഒമ്പത് റൺസ് കൂടി കൂട്ടിച്ചേർത്ത് 23 റൺസുമായി മടങ്ങി. 66 പന്തുകൾ നേരിട്ട ഗിൽ രണ്ട് ബൗണ്ടറികൾ മാത്രമാണ് നേടിയത്.

ഗിൽ മടങ്ങിയശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യർക്കെതിരെ ഷോർട്ട് ബോൾ തന്ത്രം ഇംഗ്ലണ്ട് പരീക്ഷിച്ചെങ്കിലും അത് അതിജീവിച്ച ശ്രേയസ് രാഹുലിനൊപ്പം 64 റൺസ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ഇംഗ്ലണ്ട് സ്‌കോറിന് അടുത്തെത്തിച്ചു. ലഞ്ചിന് പിന്നാലെ സിക്സ് അടിക്കാനുള്ള ആവേശത്തിൽ ശ്രേയസ്(35) മടങ്ങിയെങ്കിലും ജഡേജയും രാഹുലും ചേർന്ന് ഇന്ത്യയെ ലീഡിലേക്ക് നയിച്ചു. സെഞ്ചുറിയിലേക്കെന്ന് തോന്നിച്ച രാഹുൽ റെഹാൻ അഹമ്മദിനെ സിക്സ് അടിക്കാനുള്ള ആവേശത്തിൽ 86 റൺസിൽ വീണു. എട്ട് ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്.

രാഹുൽ മടങ്ങിയശേഷം ശ്രീകർ ഭരതുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ജഡേജ ഇന്ത്യയുടെ ലീഡ് 100 കടത്തി. 41 റൺസെടുത്ത ഭരത്തിനെ റൂട്ട് വിക്കറ്റിന് മുന്നിൽ കുടുക്കിയതിന് പിന്നാലെ അശ്വിൻ(1) റണ്ണൗട്ടായി. എന്നാൽ അക്സർ പട്ടേലുമൊത്ത് വീണ്ടുമൊരു കൂട്ടുകെട്ടിലൂട ജഡേജ ഇന്ത്യക്ക് മികച്ച ലീഡ് ഉറപ്പാക്കി.

ഇന്നലെ ഒന്നാം ദിനം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 246 റൺസിൽ അവസാനിച്ചിരുന്നു.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നല്ല തുടക്കത്തിനുശേഷമാണ് തകർന്നടിഞ്ഞത്. ഇന്ത്യയുടെ സ്പിൻ ത്രയമായ അശ്വിനും ജഡേജക്കും അക്സർ പട്ടേലിനും മുന്നിൽ ബാസ്ബോൾ ശൈലിയിൽ ബാറ്റ് വീശാൻ ശ്രമിച്ച ഇംഗ്ലണ്ട് അടിതെറ്റി വീഴുകയായിരുന്നു. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനിൽപ്പാണ് 155-7ൽ നിന്ന് ഇംഗ്ലണ്ടിനെ 246ൽ എത്തിച്ചത്.