ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. മത്സരത്തിന്റെ നാലാം ദിവസം 28 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. 231 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 69.2 ഓവറിൽ 202 റൺസിന് ഓൾഔട്ടായി. ഹൈദരാബാദിലെ സ്പിൻ പിച്ചിൽ ഇംഗ്ലണ്ടിനെ വീഴ്‌ത്താമെന്ന് പ്രതീക്ഷിച്ച ഇന്ത്യയെ ഇംഗ്ലിഷ് സ്പിന്നർമാർ കറക്കിവീഴ്‌ത്തുകയായിരുന്നു. ഏഴു വിക്കറ്റുകൾ വീഴ്‌ത്തിയ സ്പിന്നർ ടോം ഹാർട്ലിയാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. മത്സരത്തിൽ ഇംഗ്ലണ്ടിനായി വിക്കറ്റു നേടിയവരെല്ലാം സ്പിന്നർമാരായിരുന്നു.

നേരത്തെ, ഒന്നാം ഇന്നിങ്സിൽ 190 റൺസ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിങ്സിൽ 420 റൺസിന് പുറത്താവുകയായിരുന്നു. 230 റൺസ് ലീഡ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ നേടി. 196 റൺസ് നേടിയ ഒല്ലി പോപ്പാണ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുള്ള ലീഡ് നൽകിയത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് നേടി. ആർ അശ്വിന് മൂന്ന് വിക്കറ്റുണ്ട്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 246ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 436 റൺസാണ് നേടിയത്.

രോഹിത് ശർമ (58 പന്തിൽ 39), ശ്രീകർ ഭരത് (59 പന്തിൽ 28), ആർ. അശ്വിൻ (84 പന്തിൽ 28) കെ.എൽ. രാഹുൽ (48 പന്തിൽ 22), അക്ഷർ പട്ടേൽ (42 പന്തിൽ 17), യശസ്വി ജയ്‌സ്വാൾ (35 പന്തിൽ 15), മുഹമ്മദ് സിറാജ് (20 പന്തിൽ 12) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ സ്‌കോറുകൾ. ആദ്യ ഇന്നിങ്‌സിൽ നൂറ് റൺസിന് മുകളിൽ ലീഡ് നേടിയ ശേഷം ഇന്ത്യ ആദ്യമായാണ് ഒരു കളി തോൽക്കുന്നത്. ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1 - 0ന് മുന്നിലെത്തി.

യഷസ്വി ജെയ്സ്വാളിന്റെ (15) വിക്കറ്റാണ് ഇന്ന് ഇന്ത്യക്ക് നഷ്ടമായത്. ഹാർട്ലിയുടെ പന്തിൽ ഒല്ലി പോപ്പിന് ക്യാച്ച്. അപ്പോൾ സ്‌കോർബോർഡിൽ 42 റൺസ്. അതേ ഓവറിലെ അവസാന പന്തിൽ ശുഭ്മാൻ ഗില്ലും (0) മടങ്ങി. ക്യാച്ച് പോപ്പിന് തന്നെ. ഇതോടെ ഇന്ത്യ രണ്ടിന് 42 എന്ന നിലയിലായി. വൈകാതെ രോഹിത്തും (39) മടങ്ങി. വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. അടുത്തത് സ്ഥാനക്കയറ്റം കിട്ടിയെത്തിയ അക്സർ പട്ടേലിന്റെ (17) ഊഴമായിരുന്നു. ഹാർട്ലി സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കുകായിയരുന്നു അക്സറിനെ. കെ എൽ രാഹുൽ (22) ജോ റൂട്ടിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ശ്രേയസ് അയ്യർ (13) ജാക്ക് ലീച്ചിന്റെ പന്തിൽ റൂട്ടിന് ക്യാച്ച് നൽകി. രവീന്ദ്ര ജഡേജ (2) റണ്ണൗട്ടാവുകയും ചെയ്തു. പിന്നീട് കെ എസ് ഭരത് (28) അശ്വിൻ സഖ്യം ഇന്ത്യക്ക് പ്രതീക്ഷ നൽകി. 57 റൺസാണ് ഇരുവരും കൂട്ടിചേർത്തത്. എന്നാൽ ഭരതിനെ പുറത്താക്കി ഹാർട്ലി അഞ്ച് വിക്കറ്റ് പൂർത്തിയാക്കി. അശ്വിനേയം (28), മുഹമ്മദ് സിറാജിനേയും (12) വിക്കറ്റ് സറ്റംപ് ചെയ്ത് പുറത്താക്കി. ജസ്പ്രിത് ബുമ്ര (6) പുറത്താവാതെ നിന്നു.

മൂന്നാം ദിനം അവസാനിക്കുമ്പോൾ ആറിന് 316 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഇന്ന് 104 റൺസ് കൂടി ചേർക്കാൻ ഇംഗ്ലണ്ടിനായി. റെഹാൻ അഹമ്മദ് (28), ടോം ഹാർട്ലി (34) എന്നിവരെ കൂട്ടുപിടിച്ചാണ് പോപ് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചത്. റെഹാനൊപ്പം 64 റൺസാണ് പോപ് കൂട്ടിചേർത്തത്. റെഹാനെ പുറത്താക്കി ബുമ്ര ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നീടെത്തിയ ഹാർട്ലിയും ഇംഗ്ലണ്ടിന് നിർണായക സംഭാവന നൽകി. പോപ്പിനൊപ്പം 80 റൺസ് ചേർക്കാൻ ഹാർട്ലിക്കായി. താരം അശ്വിന്റെ പന്തിൽ ബൗൾഡായി മടങ്ങുമ്പോൾ നാല് ബൗണ്ടറികളും നേടിയിരുന്നു. തുടർന്നെത്തിയ മാർക്ക് വുഡിനെ (0) രവീന്ദ്ര ജഡേജ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. അവസാനക്കാരനായി ജാക്ക് ലീച്ച് ക്രീസിലേക്ക്. എന്നാൽ സ്ട്രൈക്ക് പോപ്പിനായിരുന്നു. ബുമ്രയെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തിൽ പോപ് ബൗൾഡായി. അതും ഇരട്ട സെഞ്ചുറിക്ക് നാല് റൺ അകരെ. 21 ഫോറുകൾ ഉൾപ്പെടുന്നതായിരുന്നു പോപ്പിന്റ ഇന്നിങ്സ്. രവീന്ദ്ര ജഡേജയ്ക്ക് രണ്ടും അക്സർ പട്ടേലിന് ഒരു വിക്കറ്റുണ്ട്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 246നെതിരെ ഇന്ത്യ 436 റൺസിന് പുറത്തായി. 190 റൺസിന്റെ ലീഡാണ് ഇന്ത്യക്കുണ്ടായിരുന്നത്. 87 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. കെ എൽ രാഹുൽ (86), യഷസ്വി ജെയ്‌സ്വാൾ (80) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് നാല് വിക്കറ്റെടുത്തു. റെഹാൻ അഹമ്മദ്, ടോം ഹാർട്‌ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ജഡേജയുടെ വിക്കറ്റാണ് മൂന്നാം ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ടാംദിനം കളിനിർത്തുമ്പോൾ ഏഴിന് 421 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് 15 റൺസ് കൂടി ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ജഡേജയ്ക്ക് പിന്നാലെ തൊട്ടടുത്ത പന്തിൽ ജസ്പ്രിത് ബുമ്ര (0) ബൗൾഡായി. അടുത്ത ഓവറിൽ അക്‌സർ പട്ടേലിനെ (44) റെഹാൻ ബൗൾഡാക്കുകയും ചെയ്തു. മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു.