- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച ലീഡ് നേടിയിട്ടും തോൽവി ഇരന്നുവാങ്ങി രോഹിതും സംഘവും
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ 190 റൺസിന്റെ മികച്ച ലീഡ് സ്വന്തമാക്കിയിട്ടും ഇന്ത്യ 28 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയതോടെ രോഹിത് ശർമ്മയും സംഘവും നേരിടേണ്ടി വരുക കടുത്ത വിമർശനം. ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ടീം നൂറ് റൺസിലേറെ ലീഡ് നേടിയ ശേഷം ഹോം ടെസ്റ്റിൽ തോൽവി രുചിക്കുന്നത്. ഹൈദരാബാദ് ടെസ്റ്റിൽ കൈപ്പിടിയിലിരുന്ന മത്സരം കളഞ്ഞുകുളിച്ച് തോൽവി ഏറ്റുവാങ്ങുകയായിരുന്നു രോഹിത് ശർമ്മയും സംഘവും.
ഹൈദരാബാദിൽ ബാസ്ബോൾ ശൈലിക്കാരായ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ 64.3 ഓവറിൽ വെറും 246 റൺസിൽ പുറത്തായപ്പോൾ ഇന്ത്യ മറുപടിയായി 121 ഓവറിൽ 436 റൺസ് നേടിയിരുന്നു. ഇതോടെ 190 റൺസിന്റെ മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡാണ് രോഹിത് ശർമ്മയും സംഘവും സ്വന്തമാക്കിയത്. യശസ്വി ജയ്‌സ്വാൾ (80), കെ എൽ രാഹുൽ (86), രവീന്ദ്ര ജഡേജ (87), അക്‌സർ പട്ടേൽ (44), ശ്രീകർ ഭരത് (41) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചത്.
എന്നാൽ രണ്ടാം ഇന്നിങ്‌സിൽ ഓലീ പോപിന്റെ സെഞ്ചുറിക്ക് മുന്നിൽ കുതിച്ച ഇംഗ്ലണ്ടിനെ കൂറ്റൻ സ്‌കോറിലെത്താൻ ഇന്ത്യൻ ബൗളർമാരും ഫീൽഡർമാരും അനുവദിച്ചത് തിരിച്ചടിയായി. ഓലീ പോപ് 278 ബോളിൽ 196 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് 102.1 ഓവറിൽ 420 റൺസടിച്ചു. 230 റൺസിന്റെ സുരക്ഷിത ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു.
ഇതോടെ 231 റൺസ് വിജയലക്ഷ്യം മുന്നിലെത്തിയ ടീം ഇന്ത്യ നാലാം ദിനം 202 റൺസിന് കൂടാരം കയറുകയായിരുന്നു. 28 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. രണ്ടാം ഇന്നിങ്‌സിൽ നായകൻ രോഹിത് ശർമ്മ 39 റൺസുമായി ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോൾ സ്പിന്നർ ടോം ഹാർട്ലി ഇംഗ്ലണ്ടിന് വേണ്ടി ഏഴ് വിക്കറ്റ് വീഴ്‌ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.
ആദ്യ ഇന്നിങ്‌സിൽ 190 റൺസിന്റെ മികച്ച ലീഡ് നേടിയിട്ടും ഇന്ത്യക്ക് മുതലാക്കാനായില്ല. രണ്ടാം ഇന്നിങ്‌സിൽ 420 എന്ന കൂറ്റൻ സ്‌കോറാണ് ഇംഗ്ലണ്ട് സെഞ്ചുറിവീരൻ ഓലീ പോപിന്റെയും വാലറ്റത്തിന്റെ പോരാട്ടത്തിലും അടിച്ചുകൂട്ടിയത്. ബുമ്ര നാലും അശ്വിൻ മൂന്നും ജഡേജ രണ്ടും അക്‌സർ ഒന്നും വിക്കറ്റ് നേടിയിട്ടും ടീമിന് ഗുണം ചെയ്തില്ല.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് തലവേദനയായത് ഓലീ പോപിന്റെ മാരക സെഞ്ചുറിയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ ഓലീ പോപ് അവസാനക്കാരനായി പുറത്താകുമ്പോൾ 278 പന്തിൽ 196 റൺസ് നേടിയിരുന്നു. 47 റൺസെടുത്ത ബെൻ ഡക്കെറ്റാണ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ടോപ് സ്‌കോറർ എന്നോർക്കുക.
സെഞ്ചുറി പിന്നിട്ട ശേഷം ഓലീ പോപിന്റെ രണ്ട് ക്യാച്ചുകളാണ് ഇന്ത്യ പാഴാക്കിയത്. അക്‌സർ പട്ടേലും കെ എൽ രാഹുലുമാണ് കൈയഴിഞ്ഞ് ഇംഗ്ലീഷ് ബാറ്ററെ സഹായിച്ചത്. വീണുകിട്ടിയ അവസരങ്ങൾ മുതലാക്കിയ പോപ് ഇന്ത്യക്ക് മേൽ വൻ സ്‌കോർ പടുത്തുയർത്തി.
231 റൺസ് വിജയലക്ഷ്യവുമായി അവസാന ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. യശസ്വി ജയ്സ്വാൾ (15), ശുഭ്മാൻ ഗിൽ (0), രോഹിത് ശർമ്മ (39), അക്‌സർ പട്ടേൽ (17), കെ എൽ രാഹുൽ (22), രവീന്ദ്ര ജഡേജ (2), ശ്രേയസ് അയ്യർ (13), കെ എസ് ഭരത് (28), രവിചന്ദ്രൻ അശ്വിൻ (28), മുഹമ്മദ് സിറാജ് (12), ജസ്പ്രീത് ബുമ്ര (6) എന്നിങ്ങനെയായിരുന്നു ഇന്ത്യൻ താരങ്ങളുടെ സ്‌കോറുകൾ. ഒരേ ഓവറിലാണ് ജയ്‌സ്വാളും ഗില്ലും വിക്കറ്റ് തുലച്ചത്. ഇത് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയും സമ്മർദവുമായി.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിലെ അവസാന ഓവറുകളിൽ തന്നെ പിച്ച് കൃത്യമായ സൂചന കാട്ടിയിരുന്നു. ടോം ഹാർട്ലിയെ മടക്കിയ അശ്വിന്റെ പന്ത് ഒട്ടും ബൗൺസ് ചെയ്തില്ല. ഈ മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യൻ ബാറ്റർമാർ കളിച്ചപ്പോൾ രണ്ടാം ഇന്നിങ്‌സിൽ ആതിഥേയരുടെ 9 വിക്കറ്റുകളും പിഴുതത് സ്പിന്നർമാരായിരുന്നു. വിക്കറ്റിന്റെ സ്വഭാവം മനസിലായിട്ടും പിടിച്ചുനിൽക്കാൻ തയ്യാറാകാതെ വിക്കറ്റുകൾ വലിച്ചെറിഞ്ഞ മുൻനിര ബാറ്റർമാരാണ് ഇന്ത്യയെ തോൽവിയിലേക്ക് തള്ളിവിട്ടത്. ഏഴ് വിക്കറ്റുകളാണ് സ്പിന്നർ ടോം ഹാർട്ലി രണ്ടാം ഇന്നിങ്‌സിൽ നേടിയത്.