- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരങ്ങേറ്റക്കാരന് മുന്നിൽ കറങ്ങിവീണു; തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് കനത്ത തിരിച്ചടി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി; വിൻഡീസിനോട് തോറ്റിട്ടും ഓസ്ട്രേലിയ തലപ്പത്ത്
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കനത്ത തോൽവി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റെ് പട്ടികയിൽ താഴേക്ക് കൂപ്പുകുത്തി വീണു. 28 റൺസിന്റെ അപ്രതീക്ഷിത തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. 54.16 ൽ നിന്നു നിലവിൽ ഇന്ത്യയുടെ പോയിന്റ് 43.33ലേക്ക് കുറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയിൽ എത്തിച്ചു ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു എത്തിയിരുന്നു. എന്നാൽ ഓസ്‌ട്രേലിയ മുന്നിൽ കയറി. പിന്നാലെ ഇംഗ്ലണ്ടിനോടു തോറ്റതോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസിനോടു ഞെട്ടിക്കുന്ന തോൽവി വഴങ്ങിയിരുന്നു. എന്നാൽ ഈ തോൽവി അവരുടെ പോയിന്റ് പട്ടികയിലെ സ്ഥാനത്തിനു മാറ്റം വരുത്തുന്നില്ല. ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരും. ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകളാണ് രണ്ട്, മൂന്ന്, നാല് റാങ്കുകളിൽ. ഇന്ത്യ അഞ്ചാമത്. ആറാം സ്ഥാനത്തു പാക്കിസ്ഥാനും ഏഴാമത് വെസ്റ്റ് ഇൻഡീസും നിൽക്കുന്നു. എട്ട്, ഒൻപത് സ്ഥാനങ്ങളിലാണ് ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ ടീമുകൾ.
ഓസ്‌ട്രേലിയ- വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിനും ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനും ശേഷമുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് നില ഐസിസി പുറത്തുവിട്ടിരുന്നു. ഗാബയിൽ വിൻഡീസിനോട് എട്ട് റൺസിന് തോറ്റെങ്കിലും ഓസ്‌ട്രേലിയ പട്ടികയിൽ ഒന്നാമത് തുടരുകയാണ്. ഇതേസമയം ഹൈദരാബാദിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 28 റൺസിന് തോറ്റ ടീം ഇന്ത്യ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
പുതുക്കിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടിക പ്രകാരം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകൾക്ക് പിന്നിലായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. ഓസീസിന് 55.00 ഉം ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകൾക്ക് 50.00 പോയിന്റ് ശരാശരിയുമാണുള്ളത്. അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യക്ക് 43.33 പോയിന്റ് ശരാശരി മാത്രമേയുള്ളൂ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023-25ൽ ഇതുവരെ ഇറങ്ങിയ അഞ്ച് മത്സരങ്ങളിൽ രണ്ട് ജയം മാത്രമേ ഇന്ത്യക്കുള്ളൂ. ഗാബയിൽ ഓസ്‌ട്രേലിയയെ എട്ട് റൺസിന് മലർത്തിയടിച്ച വെസ്റ്റ് ഇൻഡീസ് പാക്കിസ്ഥാനും (36.66) പിന്നിലായി 33.33 പോയിന്റ് ശരാശരിയുമായി ഏഴാം സ്ഥാനത്താണ്. ഗാബ ടെസ്റ്റോടെ രണ്ട് മത്സരങ്ങളുടെ ഓസീസ്- വിൻഡീസ് പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചിരുന്നു. എന്നാൽ ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യയെ തോൽപിച്ചെങ്കിലും 29.16 പോയിന്റ് ശരാശരി മാത്രമുള്ള ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തേയുള്ളൂ.
ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ 28 റൺസിനാണ് രോഹിത് ശർമ്മയും സംഘവും സ്വന്തം മൈതാനത്ത് തോറ്റത്. രണ്ടാം ഇന്നിങ്‌സിൽ 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 202ൽ എല്ലാവരും പുറത്താവുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ 190 റൺസ് ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോൽവി. 39 റൺസെടുത്ത രോഹിത് ശർമ്മയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്‌സിൽ 278 പന്തിൽ 196 റൺസ് നേടിയ ഓലീ പോപും ഏഴ് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരൻ സ്പിന്നർ ടോം ഹാർട്ലിയുമാണ് ഇന്ത്യയെ തോൽവിയിലേക്ക് തള്ളിവിട്ടത്.
സ്പോർട്സ് ഡെസ്ക്