- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഡേജയും രാഹുലും പുറത്ത്! പകരക്കാരായി യുവതാരങ്ങൾ
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ സ്റ്റാർ ബാറ്റർ കെഎൽ രാഹുലും സൂപ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റിൽ നിന്നും പിന്മാറി. പകരം മൂന്നു പേരെയാണ് ടീമിൽ ഉൾപ്പെടുത്തി. ഇതിൽ രണ്ടും പുതുമുഖങ്ങളാണെന്നതാണ് ശ്രദ്ധേയം. ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത സർഫറാസ് ഖാൻ, സൗരഭ് കുമാർ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ടീമിലെത്തിയത്. ദീർഘകാലമായി സെലക്ടർമാർ അവഗണിച്ചു കൊണ്ടിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റിലെ റൺമെഷീനായ യുവതാരം സർഫറാസ് ഖാന് ഒടുവിൽ ടീമിലേക്കു നറുക്കുവീണുവെന്നതാണ് ശ്രദ്ധേയം.
ആദ്യ ടെസ്റ്റിൽ റണ്ണിംഗിനിടെ രവീന്ദ്ര ജഡേജയ്ക്ക് പേശി വലിവ് അനുഭവപ്പെട്ടിരുന്നു. താരത്തിന് മത്സരം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ ഇപ്പോഴാണ് സ്ഥിരീകരണം വന്നത്. രാഹുലിന്റെ വലത് കാർതുടയ്ക്കാണ് പരിക്കേറ്റത്. ജഡേജയ്ക്കും രാഹുലിനും എത്ര മത്സരങ്ങൾ നഷ്ടമാകുമെന്ന് ഉറപ്പായിട്ടില്ല. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരും ഇന്ത്യൻ എ ടീമിന്റെ ഭാഗമായിരുന്നു. ഇംഗ്ലണ്ട് എയ്ക്കെതിരെ 161 പന്തിൽ 160 റൺസാണ് സർഫ്രാസ് നേടിയത്. 18 ഫോറും അഞ്ച് സിക്സും അതിൽ ഉൾപ്പെടും. രണ്ടാം ടെസ്റ്റിനുള്ള ആദ്യ ഇലവനിൽ സർഫ്രാസും സുന്ദറും ടീമിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.
ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യയുടെ രണ്ടാമിന്നിങ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയേറ്റ ഹാംസ്ട്രിങ് ഇൻജുറിയാണ് ജഡേജയ്ക്ക് പുറത്തേക്കുള്ള വഴിതുറന്നത്. റൺസ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് വലത് കാൽത്തുടയുടെ പിന്നിലെ മസിലിനു പരുക്കേറ്റത്. തുടർന്ന് റൺസ് പൂർത്തിയാക്കാനാകാതെ താരം റണ്ണൗട്ടാകുകയും ചെയ്തു. നിർണായക സമയത്ത് ജഡേജയുടെ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുകയും ചെയ്തു. മത്സരത്തിൽ 28 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. വലത് കാൽത്തുടയുടെ മസിലിനു വേദന അനുഭവപ്പെടുന്നതിനേത്തുടർന്നാണ് രാഹുലിന് വിശ്രമം അനുവദിച്ചതെന്നു ബിസിസിഐ അറിയിച്ചു. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ ടീം 0-1നു പിറകിൽ നിൽക്കവെ ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ് രാഹുലിന്റെയും ജഡേജയുടെയും അഭാവം.
പരിചയസമ്പന്നരായ രാഹുലിന്റെയും ജഡേജയുടേയും അസാന്നിധ്യം നികത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ദുഷ്‌കരവുമാണ്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നു മുൻ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി ആദ്യ രണ്ടു ടെസ്റ്റുകളിൽ നിന്നും നേരത്തേ തന്നെ പിന്മാറിയിരുന്നു. അതിനു പിന്നാലെയാണ് രാഹുൽ, ജഡേജ എന്നിവരെയും ഇന്ത്യക്കു ഇപ്പോൾ നഷ്ടമായിരിക്കുന്നത്.
മുംബൈയ്ക്കായി രഞ്ജി ട്രോഫിയിലടക്കം കഴിഞ്ഞ കുറച്ചു സീസണുകളായി സ്ഥിരതയ്യാർന്ന പ്രകടനമാണ് സർഫറാസ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും താരത്തിനു ടെസ്റ്റ് ടീമിൽ ഇടം നൽകാത്തതിന്റെ പേരിൽ സെലക്ടർമാർ ഏറെ പഴിയും കേട്ടിരുന്നു. ഇപ്പോഴിതാ രാഹുലിന്റെ പരിക്കു കാരണം സർഫറാസിന്റെ സമയവും തെളിഞ്ഞിരിക്കുകയാണ്. സർഫറാസിനെക്കൂടാതെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മറ്റു താരങ്ങൾ ഇടംകൈയൻ സ്പിൻ ബൗളിങ് ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ, പുതുമുഖ ഓൾറൗണ്ടർ സൗരഭ് കുമാർ എന്നിവരാണ്.
26 കാരനായ സർഫറാസിനു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഗംഭീര റെക്കോർഡാണുള്ളത്. 45 മൽസരങ്ങളിൽ നിന്നും 69.85 എന്ന തകർപ്പൻ ശരാശരിയിൽ 3912 റൺസാണ് താരം വാരിക്കൂട്ടിയത്. 14 സെഞ്ച്വറികളും 11 ഫിഫ്റ്റികളും ഉൾപ്പെടെയാണിത്. ലിസ്റ്റ് എ ക്രിക്കറ്റിൽ 37 മൽസരങ്ങളിൽ നിന്നും രണ്ടു സെഞ്ച്വറികളടക്കം 34.95 ശരാശരിയിൽ 629 റൺസും ടി20യിൽ 96 മൽസരങ്ങളിൽ നിന്നും 1188 റൺസും സർഫറാസ് സ്‌കോർ ചെയ്തിട്ടുണ്ട്.
ഉത്തർ പ്രദേശിൽ നിന്നുള്ള ഓൾറൗണ്ടറാണ് ഇടംകൈയൻ ബൗളറും ബാറ്ററുമായ സൗരഭ്. 30കാരനായ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 68 മൽസരങ്ങളിൽ നിന്നും രണ്ടു സെഞ്ച്വറിയും 12 ഫിഫ്റ്റികളുമടക്കം 2061 റൺസ് സ്‌കോർ ചെയ്തിട്ടുണ്ട്. കൂടാതെ ബൗളിങിൽ 290 വിക്കറ്റുകളും സൗരഭ് വീഴ്‌ത്തി. എട്ടു തവണ 10 വിക്കറ്റ് നേട്ടവും 22 തവണ അഞ്ചു വിക്കറ്റ് നേട്ടവും കൈവരിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്.
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ആവേശ് ഖാൻ, രജത് പാട്ടീദർ, സർഫറാസ് ഖാൻ, വാഷിങ്ടൺ സുന്ദർ, സൗരഭ് കുമാർ.