ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഡീൻ എൽഗാർ. ഒരു ടെസ്റ്റ് മത്സരത്തിനിടെ വിരാട് തന്നെ നോക്കി തുപ്പിയെന്നും എ ബി ഡിവില്ലിയേഴ്‌സിന്റെ ഇടപെടലിനെ തുടർന്ന് രണ്ട് വർഷത്തിന് ശേഷം കോലി ക്ഷമ ചോദിച്ചെന്നുമാണ് എൽഗാറിന്റെ വാക്കുകൾ.

'ഇന്ത്യയിലെ പിച്ച് വിചിത്രമായിരുന്നു. ഞാൻ ബാറ്റ് ചെയ്യാനായി ക്രീസിലേക്ക് വരുമ്പോൾ വിരാട് കോലി എന്റെ നേർക്ക് നോക്കി തുപ്പാൻ ശ്രമിച്ചു. അത് ചെയ്താൽ ബാറ്റ് കൊണ്ട് തല്ലുമെന്ന് ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞ തെറിയുടെ അർഥം കോലിക്ക് മനസിലായി. കാരണം എബിഡി ആർസിബിയിൽ കോലിയുടെ സഹതാരമായിരുന്നു. എന്തിനാണ് എന്റെ സഹതാരത്തെ തുപ്പുന്നത് എന്ന് ഇതുകണ്ട് നിന്ന എ ബി ഡിവില്ലിയേഴ്‌സ് ഇടപെട്ട് ചോദിച്ചു. എന്നാൽ രണ്ട് വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയിൽ കളിക്കുമ്പോൾ കോലി പഴയ സംഭവത്തിന് മാപ്പ് പറഞ്ഞു.

 
 
 
View this post on Instagram

A post shared by Smash Sports (@smashsportsinc)

ദക്ഷിണാഫ്രിക്കയിലെ പരമ്പരയ്ക്ക് ശേഷം മദ്യപിക്കാൻ പുറത്തുപോയാലോ നമുക്ക് എന്ന് മാറ്റിനിർത്തി കോലി എന്നോട് ചോദിച്ചു. അന്നത്തെ സംഭവങ്ങൾക്ക് കോലിക്ക് മാപ്പ് പറയണമായിരുന്നു. വെളുപ്പിന് മൂന്ന് മണി വരെ മദ്യപിച്ച് കോലി എന്നോട് ക്ഷമ ചോദിച്ചു' എന്നുമാണ് ഒരു പോഡ്കാസ്റ്റിൽ ഡീൻ എൽഗാറിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കൻ മുൻ താരം ക്രിസ് മോറിസും പോഡ്കാസ്റ്റിൽ എൽഗാറിനൊപ്പമുണ്ടായിരുന്നു.

2023 ഡിസംബറിൽ ഇന്ത്യക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര കളിച്ചാണ് ഡീൻ എൽഗാർ രാജ്യാന്തര ക്രിക്കറ്റിനോട് വിട പറഞ്ഞത്. കേപ്ടൗണിലെ അവസാന ഇന്നിങ്‌സിൽ എൽഗാറിന്റെ ക്യാച്ച് എടുത്ത ശേഷം ആഹ്ളാദപ്രകടനം നടത്താതിരുന്ന കോലി താരത്തെ ആലിംഗനം ചെയ്താണ് ഡ്രസിങ് റൂമിലേക്ക് യാത്രയാക്കിയത്. തന്റെ ടെസ്റ്റ് ജേഴ്‌സികളിലൊന്ന് എൽഗാറിന് സമ്മാനിക്കുകയും കോലി ചെയ്തിരുന്നു. മത്സര ശേഷം ഇരുവരും ഏറെ നേരം സംസാരിക്കുന്നത് മൈതാനത്ത് കാണാനായി. ദക്ഷിണാഫ്രിക്കയ്ക്കായി 86 ടെസ്റ്റുകൾ കളിച്ച എൽഗാർ 14 സെഞ്ചുറികളോടെ 37.65 ശരാശരിയിൽ 5347 റൺസാണ് നേടിയത്.

കോലി ക്യാച്ചെടുത്തതോടെ വിക്കറ്റാവേശത്തിൽ മുകേഷ് കുമാറും ടീം അംഗങ്ങളും ഓടിയെത്തിയപ്പോൾ വിരാട് കോലി അവസാന ടെസ്റ്റ് കളിച്ച എൽഗാറിന്റെ വിക്കറ്റ് ആഘോഷിക്കേണ്ടെന്നും ആദരമൊരുക്കണമെന്നും സഹ താരങ്ങളോടും കാണികളോടും ആവശ്യപ്പെട്ടു. പിന്നീട് ഓടിയെത്തി എൽഗാറിനെ അഭിനന്ദിച്ച് ആലിംഗനം ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യൻ താരങ്ങളും എൽഗാറിനെ അഭിനന്ദിക്കാനായി ഓടിയെത്തി ഹസ്തദാനം ചെയ്താണ് ഡ്രസിങ് റൂമിലേക്ക് മടക്കിയത്.