- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
മുംബൈ: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയം നേരിട്ടതിന് പിന്നാലെ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. സായ് സുദർശൻ അടക്കം ആഭ്യന്തര ക്രിക്കറ്റിൽ മികവ് തെളിയിച്ച താരങ്ങൾക്ക് അവസരം ലഭിക്കുമോയെന്നാണ് പ്രതീക്ഷ.
ആദ്യ രണ്ട് ടെസ്റ്റുകളിൽ വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽ നിന്ന് വിട്ടു നിന്ന വിരാട് കോലി മൂന്നാം ടെസ്റ്റിനുള്ള ടീമിൽ തിരിച്ചെത്തുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ കോലി വ്യക്തിപരമായ കാരണങ്ങളാലാണ് ടീമിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
കെ എൽ രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് പരിക്ക് മൂലം പുറത്തായതിനാൽ മൂന്നാം ടെസ്റ്റിനുള്ള ടീമിലുണ്ടാകുമോ എന്നും ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. രാഹുലിനും ജഡേജക്കും പകരക്കാരായി സർഫറാസ് ഖാൻ, സൗരഭ് കുമാർ, വാഷിങ്ൺ സുന്ദർ എന്നിവരെ രണ്ടാം ടെസ്റ്റിനുള്ള ടീമിലുൾപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ വിരാട് കോലിയുടെ പകരക്കാരനായി രജത് പാടീദാറിനെയും ഉൾപ്പെടുത്തിയിരുന്നു. രജത് പാടീദാറിന് രണ്ടാം ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്.
സമീപകാലത്ത് മോശം ഫോമിൽ തുടരുന്ന ശുഭ്മാൻ ഗില്ലിനും ശ്രേയസ് അയ്യർക്കും അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ടീമിൽ ഇടം ലഭിക്കുമോ എന്നും കാത്തിരുന്ന് കാണേണ്ടതാണ്. സായ് സുദർശനും വെറ്ററൻ താരം ചേതേശ്വർ പൂജാരയുമെല്ലാം ആഭ്യന്തര ക്രിക്കറ്റിൽ റണ്ണടിച്ചു കൂട്ടുമ്പോൾ ഗില്ലിനെയും ശ്രേയസിനെയും തുടരാൻ സെലക്ടർമാർ അനുവദിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
സ്പിന്നർമാർക്കെതിരെ മികച്ച റെക്കോർഡുള്ള പൂജാര രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രക്കായി മികച്ച ഫോമിലാണ്. ഇംഗ്ലണ്ട് ലയൺസിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ 97 റൺസടിച്ച് സായ് സുദർശനും തിളങ്ങിയിരുന്നു. എ ടീം നായകനായ അഭിമന്യു ഈശ്വരനാണ് ടെസ്റ്റ് ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്ന മറ്റൊരു താരം. എന്നാൽ ഇംഗ്ലണ്ട് ലയൺസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താൻ അഭിമന്യു ഈശ്വരനായിരുന്നില്ല.
ശ്രേയസിനെ നിലനിർത്തിയാലും ഗില്ലിന് പുറത്തേക്കുള്ള വഴിയൊരുങ്ങുമെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും ഗിൽ നിരാശപ്പെടുത്തിയിരുന്നു. ശ്രേയസ് ആകട്ടെ സ്പിന്നർമാർക്കെതിരെ മികച്ച റെക്കോർഡുണ്ടായിട്ടും ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഉത്തരവാദിത്തമേറ്റെടുക്കാതെ പുറത്തായി. ബൗളിങ് നിരയിൽ കാര്യമായ അഴിച്ചുപണിക്ക് സാധ്യതയില്ല.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, കെഎസ് ഭരത്, ധ്രുവ് ജുറെൽ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുമ്ര, അവേശ് ഖാൻ, രജത് പാടീദാർ, സർഫറാസ് ഖാൻ, വാഷിങ്ടൺ സുന്ദർ, സൗരഭ് കുമാർ.