- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടർ 19 ലോകകപ്പിൽ വീണ്ടും സെഞ്ചുറിയുമായി മുഷീർ ഖാൻ; ധവാനും ബാബറും മാർക്രവും ഉൾപ്പെട്ട എലൈറ്റ് പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ കൗമാരതാരം; അവൻ തന്നെക്കാൾ മികച്ച ബാറ്ററെന്ന് സഹോദരൻ സർഫറാസ്; ഇന്ത്യൻ ക്രിക്കറ്റിന് ആഹ്ലാദം പകർന്ന് ഖാൻ കുടുംബം
ബ്ലോംഫോന്റൈൻ: അണ്ടർ 19 ലോകകപ്പിലെ സൂപ്പർ സിക്‌സ് പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ടൂർണമെന്റിലെ തന്റെ രണ്ടാം സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യൻ കൗമാരതാരം മുഷീർ ഖാൻ എലൈറ്റ് പട്ടികയിൽ. ലോകകപ്പിൽ ഒന്നിൽ കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായിരിക്കുകയാണ് മുഷീർ. 2004 ലോകകപ്പിൽ മൂന്ന് സെഞ്ചുറി നേടിയ ശിഖർ ധവാൻ ആദ്യ ഇന്ത്യൻ താരം. ലോകകപ്പിൽ മൂന്ന് സെഞ്ചുറികൾ സ്വന്തമാക്കുന്ന ആദ്യ താരവവും ധവാൻ പിന്നീട്. പിന്നീട് ഇംഗ്ലണ്ട് താരം ജാക്ക് ബേൺഹാം മൂന്ന് സെഞ്ചുറികൾ നേടി. പിന്നീട് ആരും മൂന്ന് സെഞ്ചുറി സ്വന്തമായിട്ടില്ല.
അതേസമയം, രണ്ട് സെഞ്ചുറികൾ വീതം നേടിയ പ്രധാന താരങ്ങളുടെ പട്ടികയിൽ മുൻ ഇംഗ്ലണ്ട് താരം ഓയിൻ മോർഗൻ, പാക്കിസ്ഥാൻ താരം ബാബർ അസം, ബംംഗ്ലാദേശ് താരം അനാമുൽ ഹഖ്, വെസ്റ്റ് ഇൻഡീസിന്റെ ലെൻഡൽ സിമോൺസ്, അലിക് അതനാസെ, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലെസ്റ്റർ കുക്ക്, ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം തുടങ്ങിയിവരുണ്ട്.
ഒരു അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം ശിഖർ ധവാനാണ്. 2004ൽ ഏഴ് ഇന്നിങ്സുകളിൽ നിന്നായി 505 റൺസാണ് ധവാൻ അടിച്ചെടുത്തത്. 155 റൺസായിരുന്നു ഉയർന്ന സ്‌കോർ. 84.16 ശരാശരിയിലാണ് നേട്ടം. മുഷീർ നാല് ഇന്നിങ്സിലായി ഇതുവരെ നേടിയത് 325 റൺസാണ്. 81.25 ശരാശരിയും താരത്തിനുണ്ട്. ഇന്ന് ന്യൂസിലൻഡിനെതിരെ നേടിയ 131 റൺസ് ഉയർന്ന സ്‌കോർ. ഇനിയും മത്സരങ്ങൾ ശേഷിക്കെ ധവാനെ മറികടക്കാൻ മുഷീറിന് അവസരമുണ്ട്.
506 റൺസ് നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കയുടെ ഡിവാൾഡ് ബ്രേവിസാണ് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരം. കഴിഞ്ഞ ലോകകപ്പിലായിരുന്നു മുംബൈ ഇന്ത്യൻസ് താരമായി ബ്രേവിസിന്റെ നേട്ടം. 182 റൺസ് കൂടി നേടിയാൽ മുഷീറിന് ബ്രേവിസിനെ മറികടക്കാം.
അതേ സമയം തന്നെക്കാൾ മികച്ച ബാറ്റർ മുഷീർ ഖാൻ ആണെന്ന് സഹോദരനും ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവുമായ സർഫറാസ് ഖാൻ പറഞ്ഞു. പലപ്പോഴും ഞാൻ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ ഞാനവന്റെ കളി കാണാറുണ്ട്. അവന്റെ ബാറ്റിങ് ടെക്‌നിക്ക് കണ്ടാൽ എനിക്ക് ആത്മവിശ്വാസമാകും. മോശമായി കളിക്കുമ്പോഴൊക്കെ അവന്റെ ബാറ്റിങ് കണ്ട് പഠിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത് എന്നായിരുന്നു സർഫറാസിന്റെ പ്രതികരണം.
സർഫറാസിനെ ഇന്ത്യൻ ടെസ്റ്റ് ടീമിലെടുത്തതിന്റെ ആവേശത്തിലാണ് ആരാധകർ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളാണ് താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. പരിക്കേറ്റ കെ എൽ രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്നും പുറത്തായതോടെയാണ് യുവതാരത്തിന് വഴിയൊരുങ്ങിയത്.
ഇന്ത്യൻ ക്രിക്കറ്റിലെ ഖാൻ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇന്ത്യ എയ്ക്ക് വേണ്ടി കളിച്ചിരുന്നു സർഫറാസ്. ഇംഗ്ലണ്ട് ലയൺസിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടാനും നേടാനും സർഫറാസിന് സാധിച്ചിരുന്നു. 160 പന്തിൽ 161 റൺസടിച്ച സർഫറാസ് 15 ഫോറും അഞ്ച് സിക്‌സും പറത്തി.
അന്ന് തന്നെ മുഷീർ ഖാനും സെഞ്ചുറി നേടി. അണ്ടർ 19 ലോകകപ്പിൽ അയർലൻഡിനെതിരായ മത്സരത്തിലാണ് മൂഷീർ സെഞ്ചുറി നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ മുഷീർ 106 പന്തിൽ 118 റൺസാണ് നേടിയത്. ഇതിൽ നാല് സിക്‌സും ഒമ്പത് ഫോറുമുണ്ടായിരുന്നു. എന്തായാലും അന്നത്തെ ദിവസം ക്രിക്കറ്റ് ലോകം ആഘോഷിച്ചു.
പിന്നാലെ മറ്റൊരു വാർത്തകൂടി വന്നു. സർഫറാസ് ഖാൻ ആദ്യമായി ഇന്ത്യൻ ടീമിലേക്ക്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്കാണ് സർഫറാസ് തിരഞ്ഞെടുക്കപ്പെട്ടത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പലപ്പോഴായി സെലക്റ്റർമാർ താരത്തെ പരിഗണിച്ചിരുന്നില്ല. എന്നാൽ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ സർഫറാസ് ടീമിലെത്തി.
പിന്നാലെയിതാ ആഘോഷിക്കപ്പെടുന്ന മറ്റൊരു വാർത്തകൂടി. മുഷീർ ഒരിക്കൽകൂടി അണ്ടർ 19 ലോകകപ്പിൽ സെഞ്ചുറി നേടി. സൂപ്പർ സിക്സിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലാണ് മുഷീർ സെഞ്ചുറി നേടുന്നത്. 131 റൺസാണ് താരം അടിച്ചെടുത്തത്. മാത്രമല്ല, നിലവിലെ ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമതെത്താനും മുഷീറിനായി. കിവീസിനെതിരായ മത്സരത്തിന് മുമ്പ് മൂന്ന് മത്സരങ്ങളിൽ 194 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇപ്പോളത് 325 റൺസായി. മൂന്ന് മത്സരങ്ങളിൽ 223 റൺസ് നേടിയ പാക്കിസ്ഥാൻ താരം ഷഹ്സൈബ് ഖാനെയാണ് മുഷീർ പിന്തള്ളിയത്.
സ്പോർട്സ് ഡെസ്ക്