- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂസിലൻഡിനെ 81 റൺസിന് എറിഞ്ഞിട്ടു, ഇന്ത്യക്ക് വമ്പൻ ജയം
ബ്ലോംഫോന്റൈൻ: അണ്ടർ 19 ഏകദിന ലോകകപ്പ് സൂപ്പർ സിക്സ് പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 214 റൺസിന്റെ കൂറ്റൻ ജയം. 296 റൺസ് വിജയലക്ഷ്യം പിന്തുടർന്ന എതിരാളികളെ 81 റൺസിന് ഇന്ത്യൻ യുവനിര എറിഞ്ഞിട്ടു, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മുഷീർ ഖാന്റെ (126 പന്തിൽ 131) സെഞ്ചുറി കരുത്തിൽ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡ് 28.1 ഓവറിൽ 81 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ സൗമി പാണ്ഡെയാണ് ന്യൂസിലൻഡിനെ തകർത്തത്. മുഷീർ, രാജ് ലിംബാനി എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. സൂപ്പർ സിക്സിലെ അടുത്ത മത്സരത്തിൽ വെള്ളിയാഴ്ച്ച ഇന്ത്യ നേപ്പാളിനെ നേരിടും.
38 പന്തിൽ 19 റൺസ് നേടിയ നായകൻ ഓസ്കാർ ജാക്സണാണ് കീവീസ് നിരയിലെ ടോപ് സ്കോറർ. നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. ടോം ജോൺസ് (പൂജ്യം), ജെയിംസ് നെൽസൺ (10), സ്നെഹിത് റെഡ്ഡി (പൂജ്യം), ലച്ലൻ സ്റ്റാക്പോൾ (അഞ്ച്), ഒലീവർ തെവാത്തിയ (ഏഴ്), സാക് കമ്മിങ് (16), അലക്സ് തോംപ്സൺ (12), എവാൾഡ് ഷ്രൂഡർ (ഏഴ്), റയാൻ സോർഗസ്സ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മാസൻ ക്ലർക്ക് റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.
സ്കോർ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ന്യൂസിലൻഡിന്. ക്യാപ്റ്റൻ ഒസ്കാർ ജാക്സൺ (19), സാക് കമ്മിൻസ് (16), അലക്സ് തോംപ്സൺ (12), ജെയിംസ് നെൽസൺ (10) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. സ്കോർബോർഡിൽ റൺസാവും മുമ്പ് തന്നെ രണ്ട് വിക്കറ്റുകൾ കിവീസിന് നഷ്ടമായി. ടോം ജോൺസ് (0), സ്നേഹിത് റെഡ്ഡി (0) എന്നിവരാണ് മടങ്ങിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ കിവീസിന് വിക്കറ്റുകൾ നഷ്ടമായി.
നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. അഞ്ചാം ഓവറിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അർഷിൻ കുൽക്കർണിയെ (9) ക്ലാർക്ക് പുറത്താക്കുകയായിരുന്നു. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന മുഷീർ - ആദർഷ് സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 77 റൺസ് കൂട്ടിചേർന്നു. എന്നാൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ ആദർശിനെ, സാക് കമ്മിൻസ് മടക്കി. 58 പന്തുകൾ നേരിട്ട താരം ആറ് ബൗണ്ടറികൾ നേടിയിരുന്നു. തുടർന്ന് ഉദയ് സഹാരൺ (34) ക്രീസിലിലേക്ക്. ക്യാപ്റ്റനൊപ്പം 87 റൺസ് കൂട്ടിചേർക്കാൻ മുഷീറിന് സാധിച്ചു. എന്നാൽ 37-ാം ഓവറിൽ കൂട്ടൂകെട്ട് പൊളിഞ്ഞു.
പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. അരവെല്ലി അവനിഷ് (17), പ്രിയാൻ മോലിയ (10), സച്ചിൻ ദാസ് (15) മുരുകൻ അഭിഷേക് (4) എന്നിവർക്ക് പിടിച്ചുനിൽക്കാനായില്ല. ഇതിനിടെ മുഷീർ സെഞ്ചുറി പൂർത്തിയാക്കി. 126 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും 13 ഫോറും നേടി. 48-ാം ഓവറിലാണ് മുഷീർ മടങ്ങുന്നത്. ടൂർണമെന്റിൽ മുഷീറിന്റെ രണ്ടാം സെഞ്ചുറിയാണിത്. അയർലൻഡിനെതിരെയും മുഷീർ സെഞ്ചുറി നേടിയിരുന്നു. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമതെത്താനും താരത്തിന് സാധിച്ചു.
സൂപ്പർ സിക്സിൽ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ. ന്യൂസിലൻഡിനെ കൂടാതെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, അയർലൻഡ് ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, സിംബാബ്വെ ടീമുകളാണ് കളിക്കുന്നത്. ടീം ഇന്ത്യ: ആദർശ് സിങ്, അർഷിൻ കുൽക്കർണി, മുഷീർ ഖാരൻ, ഉദയ് സഹാരൺ, പ്രിയാൻഷു മൊലിയ, സച്ചിൻ ദാസ്, അരവെല്ലി അവനിഷ്, മുരുകൻ അഭിഷേക്, നമൻ തിവാരി, രാജ് ലിംബാനി, സൗമി പാണ്ഡെ.