ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും വിരാട് കോലി മാറി നിന്നതിനെ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾ തള്ളി സഹോദരൻ വികാസ് കോലി. അമ്മയുടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് കോലി അങ്ങനെയൊരു തീരുമാനം എടുത്തത് എന്ന അഭ്യൂഹങ്ങൾ പരന്നതോടെയാണ് പ്രതികരണം. ആ വാർത്ത നിഷേധിക്കുകയാണ് കോലിയുടെ സഹോദരൻ ഇപ്പോൾ.

വലീദ് ബിൻ അബ്ദുൽ അസ് എന്ന എക്‌സ് അക്കൗണ്ടിൽ നിന്ന് വന്ന ട്വീറ്റിലാണ് അമ്മയുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് കോലി വിട്ടുനിന്നത് എന്ന് അവകാശപ്പെടുന്നത്. ആരാധകർക്കിടയിൽ ഈ ട്വീറ്റ് വലിയ നിലയിൽ ചർച്ചയാവുകയും ചെയ്തു. കോലിയുടെ അമ്മ സരോജ് കോലിക്ക് 2023 സെപ്റ്റംബറിൽ കരൾ സംബന്ധമായ അസുഖം നേരിട്ടതായും ഗുർഗാവോണിലെ സികെ ബിർള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുമാണ് വലീദ് ബിൻ അബ്ദുലിന്റെ ട്വീറ്റിൽ പറയുന്നത്.

എന്നാൽ അമ്മയുടെ ആരോഗ്യനിലയിൽ ഒരു പ്രശ്‌നവും ഇല്ലെന്നാണ് കോലിയുടെ സഹോദരൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. അമ്മയുടെ ആരോഗ്യനില സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അമ്മ പൂർണ ആരോഗ്യവതിയാണ്. ശരിയായ വിവരങ്ങൾ ശേഖരിക്കാതെ വാർത്ത നൽകരുതെന്ന് മാധ്യമങ്ങളോടും ആവശ്യപ്പെടുന്നതായി കോലിയുടെ സഹോദരൻ ഇൻസ്റ്റാ സ്റ്റോറിയിൽ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾ കോലി കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചെങ്കിലും ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരുന്നില്ല. താരത്തിന്റെ സ്വകാര്യതയെ മാനിക്കണം എന്നും ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുഷ്‌ക ഗർഭിണിയാണെന്നുൾപ്പെടെ പല തരത്തിലെ അഭ്യൂഹങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

പരമ്പരയിലെ ആദ്യ ടെസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു വ്യക്തിപരമായ കാരണങ്ങളാൽ കോലി ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് മാറിനിൽക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചത്.