- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശാഖപട്ടണത്തും ഒരുക്കുന്നത് സ്പിൻ പിച്ച്; ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്താൻ ഇന്ത്യ; രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നാല് സ്പിന്നർമാരെ കളിപ്പിച്ചേക്കും; ജോ റൂട്ട് അടക്കം അഞ്ച് സ്പിന്നർമാരെ പരീക്ഷിക്കാൻ ബ്രെണ്ടൻ മക്കല്ലം
വിശാഖപട്ടണം: വിശാഖപട്ടണത്ത് വെള്ളിയാഴ്ച തുടങ്ങുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സ്പിന്നർമാർ മത്സരത്തിന്റെ വിധി നിർണയിച്ചേക്കുമെന്ന സൂചനകൾക്കിടെ നാല് സ്പിന്നർമാരെ ഇന്ത്യ പ്ലേയിങ് ഇലവനിൽ പരിക്ഷിച്ചേക്കും. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നാലു സ്പിന്നർമാരുമായി ഇറങ്ങാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്ത്യയും അതേ നാണയത്തിൽ തിരിച്ചടി നൽകാനായി നാലു സ്പിന്നർമാരെ പ്ലേയിങ് ഇലവനിൽ കളിപ്പിക്കാനൊരുങ്ങുന്നത്.
രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായതിനാൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യ അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവരെ പ്ലേയിങ് ഇലവനിൽ കളിപ്പിക്കാനാണ് ആലോചിക്കുന്നത്. പേസറായി ജസ്പ്രീത് ബുമ്രയെ മാത്രം കളിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ രണ്ടാം പേസറായി കളിച്ച മുഹമ്മദ് സിറാജിന് തിളങ്ങാനായിരുന്നില്ല. ഒരു വിക്കറ്റ് പോലും വീഴ്‌ത്താനോ കളിയിൽ എന്തെങ്കിലും തരത്തിലുള്ള പ്രഭാവമുണ്ടാക്കാനോ സിറാജിനായിരുന്നില്ല.
രണ്ടാം ടെസ്റ്റിന് വേദിയാവുന്ന വിശാഖപട്ടണത്ത് വരണ്ട പിച്ചാണ് തയാറാക്കിയിക്കിയിരിക്കുന്നത്. വിശാഖപട്ടണം പിച്ച് ഹൈദരാബാദിനെ അപേക്ഷിച്ച് സ്പിന്നർമാരെ കൂടുതൽ തുണക്കുന്നതായിരിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ സിറാജിന് പകരം ഒരു ബാറ്ററെ അധികമായി കളിപ്പിക്കുകയോ ഒരു സ്പിന്നറെ കൂടി ഉൾപ്പെടുത്തുകയോ ചെയ്യുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള വഴി.
ബാറ്റിങ് നിരയിൽ സർഫറാസ് ഖാനും രജത് പാടീദാറിനും ഒരുമിച്ച് അവസരം നൽകിയാൽ ഇന്ത്യക്ക് അഞ്ചാം ബൗളറുണ്ടാവില്ല. ബാസ്‌ബോൾ ശൈലിയിൽ തകർത്തടിക്കുന്ന ഇംഗ്ലണ്ടിനെതിരെ ഇത് ആത്മഹത്യാപരമായിരിക്കും. ഈ സാഹചര്യത്തിൽ ബാറ്റിങ് ഓൾ റൗണ്ടറായ വാഷിങ്ടൺ സുന്ദറെ കൂടി പ്ലേയിങ് ഇലവനിൽ കളിപ്പിക്കുന്നതിലൂടെ അഞ്ചാം ബൗളറുടെയും ബാറ്ററുടെയും കുറവ് നികത്താനാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ബാറ്റിങ് നിരയിൽ രോഹിത്, ജയ്‌സ്വാൾ, ഗിൽ, ശ്രേയസ്, രജത് പാടീദാർ/ സർഫറാസ് ഖാൻ, ശ്രീകർ ഭരത്, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിങ്ങനെയായിരിക്കും ബാറ്റിങ് ക്രമം. ബൗളിങ് നിരയിൽ വാഷിങ്ടൺ സുന്ദർ, അശ്വിൻ, അക്‌സർ, കുൽദീപ് യാദവ്, ജസപ്രീത് ബുമ്ര എന്നിവരും കളിക്കാനിടയുണ്ട്.
ഹൈദരാബാദിൽ മൂന്ന് സ്പിന്നർമാരും ഒരേയൊരു പേസറുമാണ് ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിൽ കളിച്ചത്. ഈ തന്ത്രം വിജയിച്ചതോടെ വിശാഖപട്ടണത്ത് നാലു സ്പിന്നർമാരെ പ്ലേയിങ് ഇലവനിൽ കളിപ്പിക്കാൻ ഇംഗ്ലണ്ട് കോച്ച് ബ്രെണ്ടൻ മക്കല്ലം ആലോചിക്കുന്നത്.
ഹൈരാബാദിൽ പ്ലേയിങ് ഇലവനിൽ കളിച്ച മാർക്ക് വുഡിന് പകരം ഷൊയ്ബ് ബാഷിറിനെ കൂടി ബൗളിങ് നിരയിൽ ഉൾപ്പെടുത്താനാണ് ഇംഗ്ലണ്ട് ആലോചിക്കുന്നത്. ജാക്ക് ലീച്ച്, ടോം ഹാർട്ലി, റെഹാൻ അഹമ്മദ്, ഷൊയ്ബ് ബാഷിർ എന്നിവരടങ്ങുന്ന ബൗളിങ് നിരയുമായിട്ടായിരിക്കും ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിറങ്ങുക. അതേസമയം ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ജാക്ക് ലീച്ചിന്റെ ഫിറ്റ്‌നെസിന്റെ കാര്യത്തിൽ ഇപ്പോഴും സംശയങ്ങളുണ്ട്. ലീച്ച് ഫിറ്റ്‌നെസ് തെളിയിച്ചാൽ മാത്രമെ രണ്ടാം ടെസ്റ്റിൽ കളിക്കാനാവു.
ആദ്യ ടെസ്റ്റിൽ മാർക്ക് വുഡ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പേസറായി ഉണ്ടായിരുന്നത്. മത്സരത്തിൽ 25 ഓവർ പന്തെറിഞ്ഞെങ്കിലും വുഡിന് വിക്കറ്റ് വീഴ്‌ത്താനായിരുന്നില്ല. വിശാഖപട്ടണത്തിലെ പിച്ചിൽ പേസർമാർക്ക് യാതൊരു ആനുകൂല്യവും കിട്ടാനിടയില്ലാത്തതിനാലാണ് നാലു സ്പിന്നർമാരെ കളിപ്പിക്കുന്ന കാര്യം ഇംഗ്ലണ്ട് ആലോചിക്കുന്നത്. ജോ റൂട്ട് കൂടി ചേരുമ്പോൾ ഇംഗ്ലണ്ടിന് അഞ്ച് സ്പിന്നർമാരാകും ടീമിൽ.
ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് സമയത്ത് ഷൊയ്ബ് ബാഷിറിന് വിസ പ്രശ്‌നങ്ങൾ കാരണം ഇന്ത്യയിലെത്താനായിരുന്നില്ല. ആദ്യ ടെസ്റ്റിനുശേഷം ബാഷിർ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഇംഗ്ലണ്ട് വിശാഖപട്ടണത്ത് നാലു സ്പിന്നർമാരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാൽ അത് അവരുടെ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ സംഭവമാകും. കഴിഞ്ഞ ടെസ്റ്റിലാണ് അവർ ആദ്യമായി ഒരു പേസറുമായി ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്.
സ്പോർട്സ് ഡെസ്ക്