- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിന് ഒപ്പമെത്താൻ രോഹിതും സംഘവും
വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം വെള്ളിയാഴ്ച വിശാഖപട്ടണത്ത് തുടങ്ങും. ഇന്ത്യൻ സമയം രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക. ഇന്ത്യയുടെ ഭാഗ്യവേദിയായാണ് വിശാഖപട്ടണം അറിയപ്പെടുന്നത്. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പരയിൽ ഒപ്പമെത്താൻ ജയം അനിവാര്യമാണ്.
ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും സൂപ്പർ ബാറ്റർ വിരാട് കോലി വിട്ടുനിൽക്കുന്നതും കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നീ മുതർന്ന താരങ്ങൾക്ക് പരിക്കേറ്റതും ഇന്ത്യക്ക് തിരിച്ചടിയാണ്. പകരക്കാരായി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയ സർഫറാസ് ഖാൻ, വാഷിങ്ടൺ സുന്ദർ, സൗരഭ് കുമാർ എന്നിവർക്ക് അവസരം ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഓപ്പണിംഗിൽ മാറ്റം ഉണ്ടായേക്കില്ല. രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഓപ്പണർമാരായി തുടരാനാണ് സാധ്യത. മൂന്നാമനായി ശുഭ്മാൻ ഗില്ലിന് വീണ്ടും അവസരം ലഭിച്ചേക്കും. വിരാട് കോലിയുടേയും കെ എൽ രാഹുലിന്റെയും അഭാവത്തിൽ രജത് പടിദാറോ, സർഫറാസ് ഖാനോ നാലാം നമ്പർ ബാറ്ററായി ഇറങ്ങാൻ സാധ്യതയുണ്ട്. രജത് പടിദാറിനാണ് കൂടുതൽ സാധ്യത. മോശം ഫോമിലാണെങ്കിലും ശ്രേയസ് അയ്യർക്ക് ഒരു അവസരം കൂടി ലഭിച്ചേക്കും. നാല് സ്പിന്നർമാരെ ഇന്ത്യൻ നിരയിൽ പരീക്ഷിക്കാൻ കോച്ച് രാഹുൽ ദ്രാവിഡ് തയ്യാറായേക്കും.
സ്പിൻ പിച്ചാണ് വിശാഖപട്ടണത്ത് ഒരുക്കിയിരിക്കുന്നത് എന്ന റിപ്പോർട്ടുകൾ ഇന്ത്യക്ക് ശുഭസൂചനയാണ്. രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിങ്ടൺ സുന്ദർ ഇടംപിടിച്ചേക്കും. ആർ അശ്വിനും അക്ഷർ പട്ടേലും ഒപ്പം കുൽദീപ് യാദവും ടീമിൽ ഇടംപിടിച്ചാൽ അത്ഭുതപ്പെടാനില്ല. പേസറായി ജസ്പ്രിത് ഭുംറയെ മാത്രം നിലനിർത്തി മുഹമ്മദ് സിറാജിനെ ഒഴിവാക്കാൻ സാധ്യതയുണ്ട്.
അതേ സമയം രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണെ ഉൾപ്പെടുത്തി. മാർക്ക് വുഡിന് പകരമാണ് ആൻഡേഴ്സൺ ടീമിലെത്തുന്നത്. സ്പിന്നർ ഷൊയ്ബ് ബഷീറും ടീമിലുണ്ട്. കാൽമുട്ടിന് പരിക്കേറ്റ ജാക്ക് ലീച്ചാണ് പുറത്തായത്. ഈ രണ്ട് മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയിട്ടുള്ളത്. മൂന്ന് സ്പിന്നർമാരും ഒരു പേസറുമാണ് ടീമിലുള്ളത്.
ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാത്തതിനെ തുടർന്ന് ബഷീറിന് ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാൻ കഴിഞ്ഞിരുന്നില്ല. വിസ നടപടികൾ ശരിയായതിന തുടർന്ന് കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് താരം ഇന്ത്യയിലെത്തിയത്. 20കാരനായ ബഷീറിന്റെ അരങ്ങേറ്റമായിരിക്കും നാളെ. ഈ പരമ്പരയിൽ അരങ്ങേറുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമാണ് ബഷീർ. നേരത്തെ, ടോം ഹാർട്ലിയും അരങ്ങേറ്റം നടത്തിയിരുന്നു. ഹൈദരാബാദിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ തകർത്തത് ഹാർട്ലിയായിരുന്നു. ഏഴ് വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്.
ഇംഗ്ലണ്ട് ടീം: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്ലി, ഷൊയ്ബ് ബഷീർ, ജെയിംസ് ആൻഡേഴ്സൺ.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചിരുന്നു. രാജീവ്ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 231 റൺസ് വിജയലക്ഷവുമായി ബാറ്റിംഗിറങ്ങിയ ഇന്ത്യ നാലാം ദിനം 202 റൺസിന് കൂടാരം കയറി. 28 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ടോം ഹാർട്‌ലി ഇംഗ്ലണ്ടിന് വേണ്ടി ഏഴ് വിക്കറ്റ് വീഴ്‌ത്തി. നേരത്തെ, ഒന്നാം ഇന്നിങ്‌സിൽ 190 റൺസ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിങ്‌സിൽ 420 റൺസിന് പുറത്താവുകയായിരുന്നു. 230 റൺസ് ലീഡ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ നേടി.
196 റൺസ് നേടിയ ഒല്ലി പോപ്പാണ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുള്ള ലീഡ് നൽകിയത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് നേടി. ആർ അശ്വിന് മൂന്ന് വിക്കറ്റുണ്ട്. ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 246ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 436 റൺസാണ് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം ജിയോ സിനിമയിലൂടെ ആരാധകർക്ക് സൗജന്യമായി ലൈവ് സ്ട്രീമിങ് കാണാനാകും. ടെലിവിഷനിൽ സ്പോർട്സ്18 നെറ്റ്‌വർക്കിലും മത്സരം കാണാനാവും. വിശാഖപട്ടണത്ത് ഇതുവരെ രണ്ട് ടെസ്റ്റുകളാണ് നടന്നത്. 2016ൽ ഇംഗ്ലണ്ടും 2019ൽ ദക്ഷിണാഫ്രിക്കയുമായിരുന്നു ഇന്ത്യയുമായി ഏറ്റുമുട്ടിയത്. രണ്ട് ടെസ്റ്റിലും ഇന്ത്യ ആധികാരിക ജയം നേടി.
2016ൽ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെയും ചേതേശ്വർ പൂജാരയുടെയും സെഞ്ചുറികളുടെ കരുത്തിൽ 455 റൺസടിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 255 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത് അശ്വിനായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ കോലി 81 റൺസടിച്ചപ്പോൾ ഇന്ത്യ 204ന് ഓൾ ഔട്ടായി. 405 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 158 റൺസിന് ഓൾ ഔട്ടായി. ഇന്ത്യ 246 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി. അശ്വിനും ജയന്ത് യാദവും മൂന്ന് വിതവും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വീഴ്‌ത്തി