മുംബൈ: വിരാട് കോലിയെക്കുറിച്ച് മോശം കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ സിലക്ടർ ചേതൻ ശർമ. വിരാട് കോലി തന്റെ മകനെപ്പോലെയാണെന്നും ചേതൻ ശർമ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ചേതൻ ശർമ കഴിഞ്ഞ വർഷം നടത്തിയ ചില വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു. ദേശീയ ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് ശർമ വിവാദമായ ചില വെളിപ്പെടുത്തലുകളും നടത്തിയത്. അതിലൊന്ന് വിരാട് കോലിക്കും മുൻ ബിസിസിഐ പ്രസിഡന്റുമായിരുന്നു സൗരവ് ഗാംഗുലിക്ക് എതിരെയായിരുന്നു. കോലിക്കും ഗാംഗുലിക്കും ഇടയിൽ കടുത്ത ഈഗോ ഉണ്ടായിരുന്നുവെന്നാണ് ശർമ വെളിപ്പെടുത്തിയത്.

എന്നാൽ കോലിക്കെതിരെ ആരോപണങ്ങളിൽ യൂടേൺ എടുത്തിരിക്കുകയാണ് ശർമ. അദ്ദേഹം പറയുന്നതിങ്ങനെ... "കോലിയെ ഒരിക്കലും മോശമായി ചിത്രീകരിച്ചിട്ടില്ല. കോലി എന്റെ മകനെ പോലെയാണ്. അവൻ വളരെ ചെറുപ്പമാണ്. അവനെക്കുറിച്ച് ഞാൻ എന്തിനാണ് മോശമായി പറയുന്നത്? അവന്റെ നല്ലതിന് വേണ്ടിയാൺ ഞാൻ പ്രാർത്ഥിക്കാർ. അവൻ ഒരു ഇതിഹാസമായി മാറിയത് കാണുന്നത് എനിക്ക് വളരെയധികം സന്തോഷം നൽകുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറി തികയ്ക്കാൻ കോലിക്ക് കഴിയട്ടെ. ഇന്ത്യൻ ക്രിക്കറ്റിന്റെ ഐക്കണാണ് കോലി." അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ കുറിച്ചും മുൻ സെലക്റ്റർ പറയുന്നുണ്ട്. "2023 ലോകകപ്പിൽ രോഹിതിന്റെ ഫോം എന്നെ അമ്പരപ്പിച്ചു. മൂന്ന് അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഉൾപ്പെടെ 54.27 ശരാശരിയിൽ 597 റൺസുമായി രോഹിത് ലോകകപ്പിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോററായി, കോഹ്ലിയുടെ 765 റൺസ് ടൂർണമെന്റിന്റെ റെക്കോർഡിന് തൊട്ടുപിന്നാലെ. ഇന്ത്യൻ ക്യാപ്റ്റൻ എല്ലാ മത്സരങ്ങളിലും ഗംഭീര തുടക്കം നൽകി." ചേതൻ ശർമ വ്യക്തമാക്കി.

"ലോകകപ്പിൽ, രോഹിത് അവന്റെ ജോലി ചെയ്തു, 40-50 റൺസ് സ്‌കോർ ചെയ്ത് ഇന്ത്യയ്ക്ക് സ്‌ഫോടനാത്മക തുടക്കം നൽകി. ഇതിൽ കൂടുതൽ എന്താണ് വേട്ടത്. അവൻ തന്റെ ജോലി ചെയ്തു. ലോകപ്പിലെ 10 മത്സരങ്ങളും നമ്മൾ ജയിച്ചു. ഫൈനലിൽ കാലിടറി. എന്നാൽ ഇന്ത്യയെപ്പോലെ ലോകത്ത് ക്രിക്കറ്റ് കളിക്കാൻ മറ്റാർക്കും കഴിയുമെന്ന് എനിക്ക് തോന്നിയിട്ടില്ല." ചേതൻ ശർമ കൂട്ടിചേർത്തു.