വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ട് ഇന്ത്യ. തകർപ്പൻ സെഞ്ചുറി നേടിയ യശസ്വി ജെയ്സ്വാളിന്റെ ബാറ്റിങ് മികവിൽ ഇന്ത്യ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തിട്ടുണ്ട്. ആർ അശ്വിൻ (5) ജെയ്സ്വാളിന് കൂട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റക്കാൻ ഷൊയ്ബ് ബഷീർ രണ്ട് വിക്കറ്റെടുത്തു. ജെയിംസ് ആൻഡേഴ്സൺ, ടോം ഹാർട്ലി, റെഹാൻ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് നേടി.

ഇന്ത്യക്ക് ഒരറ്റത്ത് ഇടക്കിടെ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോൾ ഒരറ്റത്ത് ജയ്‌സ്വാൾ പിടിച്ചുനിൽക്കുകയായിരുന്നു. 257 പന്തുകൾ നേരിട്ട് അഞ്ച് സിക്‌സും 17 ഫോറുമടക്കം 179 റൺസാണ് താരം ഇതുവരെ നേടിയത്.

വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 41 പന്ത് നേരിട്ട് 14 റൺസ് മാത്രമെടുത്ത രോഹിതിനെ ആദ്യ ടെസ്റ്റിനിറങ്ങിയ ശുഐബ് ബഷീർ ഒലീ പോപിന്റെ കൈയിലെത്തിക്കുകയായിരുന്നു. ലെഗ് സ്ലിപ്പിൽ ഒല്ലി പോപ്പിന് ക്യാച്ച്. പിന്നീടെത്തിയ ഗിൽ ഇന്നിങ്‌സ് നന്നായി തുടങ്ങി. ഫോം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങളും കാണിച്ചു. എന്നാൽ അധികനേരം ക്രീസിൽ തുടരാൻ ഗില്ലിനായില്ല. ആൻഡേഴ്ന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന് ക്യാച്ച്. അഞ്ച് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്.

ശേഷം ശ്രേയസ് അയ്യരെ കൂട്ടുനിർത്തി ജയ്‌സ്വാൾ മികച്ച കൂട്ടുകെട്ടുയർത്തിയെങ്കിലും 27 റൺസെടുത്ത ശ്രേയസ് അയ്യർ ഹാർട്ട്‌ലിയുടെ പന്തിൽ ?ബെൻ ഫോക്‌സിന് പിടികൊടുത്ത് മടങ്ങി. 90 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്‌കോർബോർഡിൽ ചേർത്തത്. ലഞ്ചിന് ശേഷം ശ്രേയസും മടങ്ങി. ഹാർട്ലിയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് താരം ശ്രേയസ് മടങ്ങുന്നത്.

പിന്നീടെത്തിയത് അരങ്ങേറ്റക്കാരൻ രജത്. ആത്മവിശ്വാസത്തോടെയാണ് രജത് തുടങ്ങിയത്. എന്നാൽ റെഹാന്റെ പന്തിൽ താരം പുറത്തായി. പ്രതിരോധിക്കുന്നതിനിടെ ബാറ്റിൽ തട്ടി പന്ത് സ്റ്റംപിലേക്ക്. ഇതിനിടെ ജെയ്സ്വാൾ സെഞ്ചുറി പൂർത്തിയാക്കി. താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇതുവരെ അഞ്ച് സിക്സും 17 ഫോറും ജെയ്സ്വാൾ നേടി. എന്നാൽ ആദ്യദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അക്സർ പട്ടേലും (27) കെ എസ് ഭരതും (17) വിക്കറ്റ് വലിച്ചെറിഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. രെഹാൻ അഹ്‌മദിന്റെ പന്തിൽ ശുഐബ് ബഷീർ പിടിച്ചായിരുന്നു ഭരതിന്റെ പുറത്താകൽ. അഞ്ച് റൺസുമായി രവിചന്ദ്രൻ അശ്വിനാണ് ജയ്‌സ്വാളിനൊപ്പം ക്രീസിൽ.

നേരത്തെ, രജത് പടിദാറിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. കെ എൽ രാഹുലിന് പകരം ടീമിലെത്തിയ സർഫറാസ് ഖാൻ അരങ്ങേറ്റത്തിനായി കാത്തിരിക്കണം. പടിദാറിന്റെ ഉൾപ്പെടെ മൂന്ന് മാറ്റമാണ് ഇന്ത്യ വരുത്തിയത്. രവീന്ദ്ര ജഡേജയ്ക്ക് പകരം കുൽദീപ് യാദവ് ടീമിലെത്തി. മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറിനും അവസരം നൽകി. നേരത്തെ ഇംഗ്ലണ്ടും രണ്ട് മാറ്റം വരുത്തിയിരുന്നു. വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സൺ ടീമിൽ തിരിച്ചെത്തി. മാർക്ക് വുഡിന് പകരമാണ് ആൻഡേഴ്സൺ എത്തിയത്. കാൽമുട്ടിന് പരിക്കേറ്റ ജാക്ക് ലീച്ചിന് പകരം ഷൊയ്ബ് ബഷീറും ടീമിലെത്തി.