വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 143 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഇന്ത്യയുടെ 396 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 55.5 ഓവറിൽ 253 റൺസിൽ അവസാനിച്ചു. 45 റൺസ് വഴങ്ങി ആറ് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് ഇംഗ്ലണ്ടിനെ തകർത്തത്. 76 റൺസ് നേടിയ സാക് ക്രൗളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ബെൻ സ്റ്റോക്സ് 47 റൺസെടുത്ത് പുറത്തായി. ബുമ്രയ്ക്ക് പുറമെ കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ, യശസ്വി ജയ്സ്വാളിന്റെ (209) ഇരട്ട സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സണും റെഹാൻ അഹമ്മദും ഷൊയ്ബ് ബഷീറും മൂന്ന് വിക്കറ്റ് വീതമെടുത്തു.

ഒരു ഘട്ടത്തിൽ 114-ന് ഒരു വിക്കറ്റ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് 252-ലെത്തിയപ്പോഴേക്കും എല്ലാവരും പുറത്തായി. ഇംഗ്ലീഷ് ഓപ്പണർ സാക് ക്രൗളി അർദ്ധ സെഞ്ചുറി (76) അടിച്ചാണ് പുറത്തായത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (47), ബെൻ ഡക്കറ്റ് (21), ഒലി പോപ്പ് (23), ജോ റൂട്ട് (5), ജോണി ബെയർസ്റ്റോ (25), വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് (6), റിഹാൻ അഹമ്മദ് (6), ടോം ഹാർട്ട്ലി (21), ജെയിംസ് ആൻഡേഴ്സൻ (6) എന്നിവരാണ് പുറത്തായ മറ്റു ഇംഗീഷ് ബാറ്റർമാർ. ഷുഐബ് ബഷീർ (8) പുറത്താവാതെ നിന്നു.

ഭേദപ്പെട്ട തുടക്കമായിരുന്ന ഇംഗ്ലണ്ടിന്. ക്രൗളി - ബെൻ ഡക്കറ്റ് (21) സഖ്യം ഒന്നാം വിക്കറ്റിൽ 59 റൺസ് കൂട്ടിചേർത്തു. എന്നാൽ ഡക്കറ്റിനെ പുറത്താക്കി കുൽദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. മൂന്നാമനായി ക്രീസിലെത്തിയ ഒല്ലി പോപ് (23) ക്രൗളിക്കൊപ്പം 55 റൺസ് കൂട്ടിചേർത്തു. എന്നാൽ അക്സറിന്റെ പന്തിൽ ക്രൗളി മടങ്ങി. പോപ്പിനെ ബുമ്ര ഒരു യോർക്കറിൽ ബൗൾഡാക്കി. തുടർന്നെത്തിയവരിൽ സ്റ്റോക്സിന് മാത്രമാണ് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവതാരം യശസ്വി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ ആദ്യ ഇന്നിങ്സിൽ 396 റൺസെടുത്തിരുന്നു. ആറിന് 336 എന്ന നിലയിൽ നിന്നാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. കളിക്കുന്ന ആറാമത്തെ ടെസ്റ്റിൽ തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയ യശസ്വി ജയ്സ്വാൾ 209 റൺസെടുത്ത് നിൽക്കെയാണ് പുറത്തായത്. രണ്ടാം ടെസ്റ്റിന്റെ ആദ്യദിനമായ വെള്ളിയാഴ്ച മുഴുവൻ ക്രീസിൽ നിന്ന് 179 റൺസടിച്ചെടുത്ത ജയ്സ്വാൾ ഇന്ന് തന്റെ ഇന്നിങ്‌സിൽ 30 റൺസാണ് കൂട്ടിച്ചേർത്തത്.

ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡും ജയ്സ്വാൾ സൃഷ്ടിച്ചു. വിനോദ് കാംബ്ലിയും സുനിൽ ഗവാസ്‌കറുമാണ് ജയ്സ്വാളിന് മുന്നിലുള്ളത്.

ഇംഗ്ലീഷ് ബൗളർമാരെ തല്ലിയും തലോടിയും ബാറ്റേന്തിയ ജയ്സ്വാൾ ഷൊഐബ് ബഷീറിനെ തുടർച്ചയായ രണ്ട് പന്തിൽ സിക്സറും ഫോറും അടിച്ചാണ് 200 പൂർത്തിയാക്കിയത്. ജയ്‌സ്വാളിനെ കൂടാതെ ഇന്ത്യൻനിരയിൽ മറ്റാരും അർദ്ധ സെഞ്ചുറി പോലും തികച്ചില്ല. 34 റൺസെടുത്ത ഗില്ലാണ് രണ്ടാമത്തെ ടോപ് സ്‌കോറർ. രജത് പടിദാർ 32 റൺസെടുത്തു. മറ്റാർക്കും 30ന് മുകളിൽ കടക്കാനായില്ല. വെറ്ററൻ പേസ് ബൗളർ ജെയിംസ് ആൻഡേഴ്‌സൺ, ഓഫ് സ്പിന്നർ ഷോയ്ബ് ബഷീർ, ലെഗ് സ്പിന്നർ റെഹാൻ അഹമ്മദ് എന്നിവർ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ വീതം സ്വന്തമാക്കി.