വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ് സന്ദർശകർ. സാക് ക്രൗലി (50 പന്തിൽ 29), റെഹാൻ അഹമ്മദ് (എട്ട് പന്തിൽ ഒൻപത്) എന്നിവരാണ് പുറത്താകാതെ നിൽക്കുന്നത്. 27 പന്തിൽ 28 റൺസെടുത്ത ബെൻ ഡക്കറ്റാണ് പുറത്തായ ബാറ്റർ. അശ്വിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് പിടിച്ചായിരുന്നു പുറത്താകൽ. ഇംഗ്ലണ്ടിന് ജയിക്കാൻ ഇനി 332 റൺസ് കൂടി വേണം.

രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകൾ 44 റൺസെടുക്കുന്നതിനിടെ നിലംപൊത്തിയതോടെ ഇംഗ്ലണ്ടിന് 399 റൺസ് വിജയലക്ഷ്യമാണ് കുറിക്കപ്പെട്ടത്. അഞ്ച് വിക്കറ്റിന് 211 റൺസെന്ന നിലയിൽനിന്നാണ് ഇന്ത്യ 255 റൺസിന് പുറത്തായത്. ഒന്നാം ഇന്നിങ്‌സിൽ നേടിയ 143 റൺസ് ലീഡാണ് 400 റൺസിനടുത്ത് വിജയലക്ഷ്യം ഒരുക്കാൻ ആതിഥേയർക്ക് തുണയായത്.

രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 255 റൺസെടുത്തു പുറത്തായിരുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം യുവതാരം ശുഭ്മൻ ഗില്ലിന്റെ സെഞ്ചറിയാണ് ഇന്ത്യൻ സ്‌കോറിന്റെ നട്ടെല്ല്. 132 പന്തുകളിൽനിന്നാണ് ഗിൽ സെഞ്ചറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ താരത്തിന്റെ മൂന്നാം സെഞ്ചറിയാണിത്. ഏകദിനത്തിൽ ആറു സെഞ്ചറികളും ട്വന്റി20യിൽ ഒരു സെഞ്ചറിയും ഗില്ലിന്റെ പേരിലുണ്ട്.

അക്ഷർ പട്ടേൽ (84 പന്തിൽ 45), ആർ. അശ്വിൻ (61 പന്തിൽ 29), ശ്രേയസ് അയ്യർ (52 പന്തിൽ 29) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറർമാർ. രണ്ടാം ഇന്നിങ്‌സിൽ വിക്കറ്റ് നഷ്ടപ്പെടാതെ 28 റൺസെന്ന നിലയിലാണ് മത്സരത്തിന്റെ മൂന്നാം ദിവസം ഇന്ത്യ കളി തുടങ്ങിയത്. തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്കു രോഹിത് ശർമയെ നഷ്ടമായി. 21 പന്തിൽ 13 റൺസെടുത്ത രോഹിത്തിനെ ജെയിംസ് ആൻഡേഴ്‌സൻ ബോൾഡാക്കുകയായിരുന്നു. തൊട്ടുപിന്നാലെ യശസ്വി ജയ്‌സ്വാളും (27 പന്തിൽ 17) മടങ്ങി.

ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ശുഭ്മൻ ഗിൽ സ്‌കോർ കണ്ടെത്തിയതോടെ ഇന്ത്യ 100 കടന്നു. സ്‌കോർ 111 ൽ നിൽക്കെ അയ്യർ പുറത്തായി. ടോം ഹാർട്‌ലിയുടെ പന്തിൽ ബെൻ സ്റ്റോക്‌സ് തകർപ്പനൊരു ക്യാച്ചെടുത്താണ് ശ്രേയസ് അയ്യരെ മടക്കിയത്. രജത് പട്ടീദാറിനും (19 പന്തിൽ ഒൻപത്) തിളങ്ങാനായില്ല. പിന്നാലെയെത്തിയ അക്ഷർ പട്ടേൽ നിലയുറപ്പിച്ചു കളിച്ചു. 51.3 ഓവറിൽ ഇന്ത്യ 200 പിന്നിട്ടു. സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ ഗിൽ പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ശുഐബ് ബഷീറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്‌സ് ക്യാച്ചെടുത്താണു താരത്തെ പുറത്താക്കിയത്.

ഇന്ത്യയുടെ മധ്യനിരയും വാലറ്റവും വലിയ പ്രതിരോധമില്ലാതെയാണ് ഇംഗ്ലിഷ് ബോളർമാർക്കു മുന്നിൽ വീണത്. അക്ഷറും അശ്വിനുമൊഴികെ മറ്റാർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഇംഗ്ലണ്ടിനായി ടോം ഹാർട്‌ലി നാലു വിക്കറ്റുകൾ വീഴ്‌ത്തി. റെഹാൻ അഹമ്മദിന് മൂന്നും ജെയിംസ് ആൻഡേഴ്‌സന് രണ്ടും വിക്കറ്റുകളുണ്ട്. ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ചറി നൽകിയ അടിത്തറയുമായി ഒന്നാം ഇന്നിങ്‌സിൽ 396 റൺസ് നേടിയ ടീം ഇന്ത്യ, ബുമ്രയുടെ 6 വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ഇംഗ്ലണ്ട് ഇന്നിങ്‌സ് 253ൽ ചുരുട്ടിക്കെട്ടിയിരുന്നു.