- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലണ്ടിന്റെ ബാസ്‌ബോൾ തന്ത്രം പൊളിച്ച് ബുമ്രയും അശ്വിനും; രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 106 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ; സന്ദർശകർ നാലാം ദിനം രണ്ടാം ഇന്നംഗ്സിൽ 292 റൺസിന് പുറത്ത്; പരമ്പരയിൽ ഒപ്പത്തിനൊപ്പം; മൂന്നാം മത്സരം 15ന് രാജ്‌കോട്ടിൽ
വിശാഖപട്ടണം: ഹൈദരാബാദിൽ ഒലി പോപ്പിലൂടെ ഇന്ത്യയെ വീഴ്‌ത്തിയ ഇംഗ്ലണ്ടിന്റെ ബാസ്‌ബോൾ തന്ത്രത്തിന് വിശാഖപട്ടണത്ത് മറുപടി നൽകി ഇന്ത്യ. ഇന്ത്യൻ സ്പിന്നർമാരെ അടിച്ചൊതുക്കി ജയം നേടാൻ ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 106 റൺസിന്റെ മിന്നും ജയം. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292ന് പുറത്തായി. രണ്ട് ഇന്നിങ്‌സുകളിലുമായി ഒൻപത് വിക്കറ്റുകൾ വീഴ്‌ത്തി ഇംഗ്ലണ്ട് ബാറ്റിങ് നിരയെ വിറപ്പിച്ച ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരം.
ആദ്യ ഇന്നിങ്‌സിൽ ഇരട്ട സെഞ്ചറിയുമായി തിളങ്ങിയ യശസ്വി ജയ്‌സ്വാളിന്റെയും (209) രണ്ടാം ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിന്റെയും (104) വീരോചിത ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് നിർണായകമായത്. അഞ്ചുമത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയം വീതമായി. മൂന്നാം ടെസ്റ്റ് 15ന് രാജ്‌കോട്ടിൽ ആരംഭിക്കും. സ്‌കോർ: ഇന്ത്യ 396 & 255, ഇംഗ്ലണ്ട് 253 & 292.
399 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നാലാം ദിനം ലഞ്ചിന് ശേഷം 292 റൺസിന് ഓൾ ഔട്ടായി. 78 റൺസെടുത്ത സാക്ക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ജസ്പ്രീത് ബുമ്രയും ആർ അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
നാലാം ദിനം 67-1 എന്ന സ്‌കോറിൽ ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ബാസ്‌ബോൾ ശൈലിയിലാണ് തുടങ്ങിയത്. നൈറ്റ് വാച്ച്മാൻ റെഹാൻ അഹമ്മദ് തുടർച്ചയായി ബൗണ്ടറികൾ നേടി ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയെങ്കിലും റെഹാനെ വിക്കറ്റിന് മുന്നിൽ കുടുക്കിയ അക്‌സർ പട്ടേൽ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.
എന്നാൽ പിന്നീടെത്തിയ ഒലി പോപ്പും ബാസ്‌ബോൾ ശൈലിയിൽ അടിച്ചു തകർത്തതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. അക്‌സറിനെതിരെ സ്വീപ്പ് ഷോട്ടിലൂടെും റിവേഴ്‌സ് സ്വീപ്പിലൂടെയും ബൗണ്ടറി നേടിയ ഒലി പോപ്പ് ഇന്ത്യക്ക് ഭീഷണിയായപ്പോഴാണ് അശ്വിൻ രക്ഷക്കെത്തിയത്. അശ്വിന്റെ പന്തിൽ പോപ്പിനെ സ്ലിപ്പിൽ രോഹിത് മനോഹരമായി കൈയിലൊതുക്കി. 21 പന്തിൽ 23 റൺസായിരുന്നു പോപ്പ് നേടിയത്. പോപ്പ് വീണെങ്കിലും പ്രതിരോധത്തിലേക്ക് വലിയാതിരുന്ന ഇംഗ്ലണ്ടിനായി ജോ റൂട്ടാണ് പിന്നീട് ക്രീസിലെത്തിയത്.
അശ്വിനെതിരെ തുടർച്ചയായി റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി നേടിയ റൂട്ട് അക്‌സറിനെയും സിക്‌സിന് പറത്തി ഭീഷണി ഉയർത്തിയെങ്കിലും അമിതാവേശം വിനയായി. 10 പന്തിൽ 16 റൺസെടുത്ത റൂട്ടിനെ അശ്വിന്റെ പന്തിൽ അക്‌സർ കൈയിലൊതുക്കി. കരുതലോടെ ബാറ്റ് ചെയ്ത സാക് ക്രോളിയെ(73) ലഞ്ചിന് തൊട്ടു മുമ്പ് കുൽദീപ് യാദവ് വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ ജോണി ബെയെർസ്റ്റോയെ(26) ബുമ്ര വിക്കറ്റിന് മുന്നിൽ കുടുക്കി ഇംഗ്ലണ്ടിന്റെ ബാസ്‌ബോളിന് ബ്രേക്കിട്ടു.
ലഞ്ചിന് ശേഷം ബെൻ സ്റ്റോക്‌സും ബെൻ ഫോക്‌സും ചേർന്ന് കരുതലോടെ കളിച്ച് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയെങ്കിലും സ്റ്റോക്‌സ് ശ്രേയസ് അയ്യരുടെ ഡയറക്ട് ഹിറ്റിൽ അപ്രതീക്ഷിതമായി റണ്ണൗട്ടായതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. 11 റൺസായിരുന്നു സ്റ്റോക്‌സിന്റെ സമ്പാദ്യം. എന്നാൽ കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന ഫോക്‌സും ടോം ഹാർട്ലിയും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വീണ്ടും സമ്മർദ്ദത്തിലാക്കി. ഒടുവിൽ ഫോക്‌സിനെ സ്വന്തം ബൗളിംഗിൽ പിടികൂടി ബുമ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഷൊയ്ബ് ബഷീറിനെ(0) മുകേഷ് കുമാർ വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിന്റെ കൈകളിലെത്തിച്ചു.
പൊരുതി നിന്ന ഹാർട്ലിയുടെ(36) ഓഫ് സ്റ്റംപ് പിഴുത് ബുമ്ര തന്നെ ഇന്ത്യൻ ജയം പൂർത്തിയാക്കി. ആദ്യ ഇന്നിങ്ലിൽ ആറ് വിക്കറ്റെടുത്ത ബുമ്ര രണ്ടാം ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സിൽ വിക്കറ്റ് വീഴ്‌ത്താൻ കഴിയാതിരുന്ന അശ്വിൻ രണ്ടാം ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും അഞ്ഞൂറാം വിക്കറ്റിനായി ഇനിയും കാത്തിരിക്കണം. 499 വിക്കറ്റുകളാണ് അശ്വിനിപ്പോഴുള്ളത്.
രണ്ടാം ഇന്നിങ്‌സിലെ മൂന്നു വിക്കറ്റ് ഉൾപ്പെടെ മത്സരത്തിലെ ആകെ വിക്കറ്റു നേട്ടം 9 ആക്കി ബുമ്ര ഉയർത്തി. സ്പിന്നർ ആർ അശ്വിനും മൂന്നു വിക്കറ്റു പിഴുതു. അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റുവീതം സ്വന്തമാക്കി.
ഞായറാഴ്ച ശുഭ്മൻ ഗില്ലിന്റെ സെഞ്ചറി പ്രകടനത്തോടെയാണ് ഇന്ത്യ മികച്ച ലീഡുയർത്തിയത്. 147 പന്തുകളിൽനിന്ന് 104 റൺസാണ് താരത്തിന്റെ സംഭാവന. അക്ഷർ പട്ടേൽ (45) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാഞ്ഞതോടെ ഇന്ത്യ 255ന് പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനായി ടോം ഹാർട്ലി നാലും രഹാൻ അഹമ്മദ് മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി.
ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 253 റൺസിന് ഓൾഔട്ടാക്കി 143 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 255 റൺസിന് പുറത്തായിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറി മികവിൽ ഒന്നാം ഇന്നിങ്സിൽ ടീം 396 റൺസെടുത്തിരുന്നു.
സ്പോർട്സ് ഡെസ്ക്