വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ 106 റൺസിന്റെ തകർപ്പൻ ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ടേബിളിലും വൻ കുതിപ്പാണ് നടത്തിയത്. വിശാഖപട്ടണത്തെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നു. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിലെ തോൽവിയോടെ തിരിച്ചടി നേരിട്ട ഇന്ത്യ 52.77 വിജയശതമാവുമായാണ് ഓസ്‌ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയത്.

മൂന്ന് ജയവും രണ്ട് തോൽവിയും ഒരു സമനിലയും അടക്കം ഇന്ത്യക്ക് 38 പോയന്റുള്ളപ്പോൾ ആറ് ജയവും മൂന്ന് തോൽവിയും ഒരു സമനിലയും അടക്കം ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 66 പോയന്റും 55 വിജയശതമാനവുമാണുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിൽ ഓസ്‌ട്രേലിയ തോറ്റത് ഇന്ത്യക്ക് അനുഗ്രഹമായെങ്കിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ തോറ്റതോടെ ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരം ഇന്ത്യക്ക് നഷ്ടപ്പെടുകയായിരുന്നു.

അതേ സമയം ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്തിലെ സ്പിൻ പിച്ചിൽ ഇന്ത്യക്ക് ജയം ഒരുക്കിയതിൽ നിർണായകമായത് രണ്ട് ഇന്നിങ്‌സുകളിലുമായി ഒൻപത് വിക്കറ്റുകൾ വീഴ്‌ത്തിയ ജസ്പ്രിത് ബുമ്രയായിരുന്നു. മത്സരത്തിലെ താരവും ബുമ്രയായിരുന്നു. സ്പിന്നർമാരെ പിന്തുണയക്കുന്ന പിച്ചിൽ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ തകർത്തത് ആറ് വിക്കറ്റെടുത്ത ബുമ്രയായിരുന്നു. രണ്ടാം ഇന്നിങ്‌സിലും മികവ് ആവർത്തിച്ചു. മത്സരശേഷം ബുമ്രയെ, ക്യാപ്റ്റൻ രോഹിത് ശർമ പ്രകീർത്തിക്കുകയും ചെയ്തു. മത്സരത്തിൽ ബുമ്രയുടെ യോർക്കർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

പ്രകടനത്തെ കുറിച്ച് മത്സര ശേഷം ബുമ്ര സംസാരിക്കുകയും ചെയ്തു. പ്രകടനത്തിൽ മാത്രമാണ് ശ്രദ്ധയെന്നും അക്കങ്ങൾ നോക്കാറില്ലെന്നും ബുമ്ര വ്യക്തമാക്കി. ബുമ്രയുടെ വാക്കുകൾ... "ഞാൻ മുമ്പ് പറഞ്ഞതുപോലെ, ഞാൻ അക്കങ്ങൾ നോക്കാറില്ല. ചെറുപ്പത്തിൽ ഞാനങ്ങനെ ചെയ്യുമായിരുന്നു. അതെന്നെ ആവേശഭരിതനാക്കി. എന്നാലിപ്പോൾ പ്രകടനത്തില് മാത്രമാണ് ശ്രദ്ധിക്കുന്നത്. യോർക്കർ പന്തുകൾ ഞാൻ ചെറുപ്പത്തിൽ തന്നെ പഠിച്ചെടുത്തത്. വഖാർ യൂനിസ്, വസീം അക്രം, സഹീർ ഖാൻ എന്നിവരെ പന്തുകൾ ഞാൻ ടിവിയിൽ കണ്ട് പഠിക്കുമായിരുന്നു. ടീം ഇപ്പോൾ ഒരു പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ എനിക്ക് കഴിയുന്ന വിധത്തിൽ യുവതാരങ്ങളെ സഹായിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. വളരെക്കാലമായി ഞാൻ രോഹിത്തിനൊപ്പം കളിക്കുന്നു. പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്." ബുമ്ര പറഞ്ഞു.

ജെയിംസ് ആൻഡേഴ്സണെ കുറിച്ചും ബുമ്ര സംസാരിച്ചു. "ശരിക്കും ആൻഡേഴ്സണുമായി ഒരു മത്സരത്തിന് ഞാനില്ല. ഞാൻ ഒരു പേസ് ബൗളിങ് ആരാധകനാണ്. ആരെങ്കിലും നന്നായി ചെയ്യുന്നുണ്ടെങ്കിൽ, അവർക്ക് അഭിനന്ദനങ്ങൾ. ഞാൻ സാഹചര്യം, വിക്കറ്റ് എന്നിവ നോക്കുകയും എന്റെ സാധ്യതകൾ എന്താണെന്ന് ചിന്തിക്കുകയാണുമാണ് ചെയ്യുന്നത്." ബുമ്ര വ്യക്തമാക്കി.

വിശാഖപട്ടണത്ത് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 396 റൺസാണ് നേടിയിരുന്നത്. 209 റൺസ് റൺസ് അടിച്ചെടുത്ത യശസ്വി ജയ്സ്വാളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. താരത്തിന്റെ ആദ്യ ഇരട്ട സെഞ്ചുറിയായിരുന്നു അത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 253ന് പുറത്തായി. ജസ്പ്രിത് ബുമ്ര ആറ് വിക്കറ്റ് വീഴ്‌ത്തി. കുൽദീപ് യാദവിന് മൂന്ന് വിക്കറ്റുണ്ടായിരുന്നു. 143 റൺസിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് 255 റൺസെടുക്കാനാണ് സാധിച്ചത്. ശുഭ്മാൻ ഗിൽ (104) സെഞ്ചുറി നേടി. പിന്നാലെ ഇംഗ്ലണ്ട് 292ന് പുറത്താവുകയായിരുന്നു.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ തോറ്റതോടെ ഇംഗ്ലണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഏഴ് മത്സരങ്ങളിൽ മൂന്ന് ജയവും മൂന്ന് തോൽവിയും ഒരു സമനിലയും അടക്കം 25 വിജയശതമാനവും 21 പോയന്റുമാണ് ഇംഗ്ലണ്ടിനുള്ളത്. ഇതുവരെ 19 പോയന്റുകൾ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇംഗ്ലണ്ടിന് നഷ്ടമായതും തിരിച്ചടിയായി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യക്ക് രണ്ടും ഓസ്‌ട്രേലിയക്ക് 10ഉം പോയന്റുകളും ഇതുവരെ നഷ്ടമായിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക മൂന്നാമതും ന്യൂസിലൻഡ് നാലാമതും ബംഗ്ലാദേശ് അഞ്ചാമതുമുള്ള പോയന്റ് ടേബിളിലെ ആദ്യ അഞ്ച് സ്ഥാനക്കാർ തമ്മിലുള്ള വിജയശതമാനത്തിൽ അഞ്ച് പോയന്റ് വ്യത്യാസം മാത്രമാണുള്ളത്. 15ന് രാജ്കോട്ടിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്.