വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് തുല്യത പാലിക്കുകയാണ്. ഹൈദരബാദിൽ നടന്ന ആദ്യ മത്സരത്തിൽ 28 റൺസിന് പരാജയപ്പെട്ട ഇന്ത്യ വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റിൽ 106 റൺസ് ജയം നേടി ഒപ്പമെത്തുകയായിരുന്നു. രണ്ടാം ടെസ്റ്റിൽ ഇന്ത്യ ജയിച്ചെങ്കിലും ബാറ്റിങ് നിരയിൽ സൂപ്പർ താരം വിരാട് കോലിയുടെ അഭാവം പ്രകടമാണ്. വ്യക്തിപരമായ കാരണങ്ങളാൽ സ്റ്റാർ ബാറ്റർ ടീമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

രണ്ടാം കുഞ്ഞിനെ വരവേൽക്കാൻ 'വിരുഷ്‌ക' തയ്യാറെടുക്കുന്നതാണ് കോലിയുടെ അവധിക്ക് പിന്നിലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫെബ്രുവരി 15ന് ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റ് ആരംഭിക്കുമ്പോൾ കോലി ഇന്ത്യൻ ടീമിനൊപ്പം കാണുമോ. ആരാധകരുടെ ഈ ചോദ്യത്തിന് പരിശീലകൻ രാഹുൽ ദ്രാവിഡ് ഉത്തരം നൽകിയിരിക്കുകയാണ്.

'മൂന്നാം ടെസ്റ്റിൽ വിരാട് കോലിയുണ്ടാകുമേ എന്ന് സെലക്ടർമാരോട് ചോദിക്കുന്നതാണ് ഏറ്റവും ഉചിതം. അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള സ്‌ക്വാഡിനെ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും എന്നതിനാൽ സെലക്ടർമാരാണ് ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ഉചിതർ. കോലിയുമായി സംസാരിച്ച ശേഷം താരത്തിന്റെ ലഭ്യതയെ കുറിച്ച് നിഗമനത്തിലെത്തും' എന്നുമാണ് വിശാഖപട്ടണത്തെ ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ശേഷം ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ പ്രതികരണം.

അതേസമയം വിരാട് കോലി മൂന്നാം ടെസ്റ്റിനുണ്ടാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 'മൂന്നാം ടെസ്റ്റിന് തയ്യാറാണ് എന്ന് വിരാട് ഇതുവരെ അറിയിച്ചിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റുകളുടെ കാര്യം മാത്രമേ അദേഹം അറിയിച്ചിട്ടുള്ളൂ. വിരാട് കോലി പറയാതെ അദേഹത്തെ സെലക്ഷന് പരിഗണിക്കാൻ കഴിയില്ലല്ലോ. മൂന്നാം ടെസ്റ്റിന് വിരാട് കോലിയുണ്ടാകുമോ എന്ന കാര്യത്തിൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ വ്യക്തതയുണ്ടാവും' എന്നും ബിസിസിഐ ഒഫീഷ്യൽ ഇൻഡൈസ് സ്‌പോർടിനോട് പറഞ്ഞു.

അതേ സമയം ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ നാല് ദിവസത്തിനകം പ്രഖ്യാപിച്ചേക്കും. സ്‌ക്വാഡിനെ കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് സെലക്ടർ അജിത് അഗാർക്കർ വിശാഖപട്ടണത്തെത്തിയിരുന്നു. അദ്ദേഹം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനൊപ്പമിരുന്ന് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടീമുകളെ കുറിച്ച് ചർച്ച ചെയ്യും.

ശ്രേയസ് അയ്യർ, കെ എസ് ഭരത്, മുകേഷ് കുമാർ എന്നിവരുടെ കാര്യത്തിലാണ് ടീം മാനേജ്മെന്റിന് ആശങ്ക. ശുഭ്മാൻ ഗിൽ നിറംമങ്ങിയിരുന്നെങ്കിലും വിശാഖപട്ടണത്ത് രണ്ടാം ഇന്നിങ്സിൽ ഫോമിലേക്ക് തിരിച്ചെത്തി. എന്നാൽ ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യർ തന്റെ അവസാന 12 ഇന്നിങ്‌സുകളിൽ നിരാശ മാത്രമാണ് സമ്മാനിച്ചത്. അയ്യർക്ക് ഒരു ഫിഫ്റ്റി പോലും ഇല്ല, കൂടാതെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും അയ്യർ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു.

ഒരു സ്പിൻ സ്പെഷ്യലിസ്റ്റായി കണക്കാക്കപ്പെടുന്ന അയ്യർക്ക് ഇന്ത്യൻ ടീമിന് ആവശ്യമായ ഉറപ്പ് നൽകാൻ കഴിഞ്ഞിട്ടില്ല. അടുത്ത ടെസ്റ്റാവുമ്പോഴേക്ക് വിരാട് കോലിയും കെ എൽ രാഹുലും തിരിച്ചെത്തുമെന്നണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ശ്രേയസിന് സ്ഥാനം നഷ്മാവും. ശ്രേയസ് മാത്രമല്ല, രജത് പടിദാറും പുറത്താവും.

ബാറ്റിങ് പ്രകടനത്തെ കുറിച്ച് രോഹിത് ശർമ മത്സരശേഷം സംസാരിക്കുകയും ചെയ്തു. രോഹിത് പറഞ്ഞതിങ്ങനെ... "പല ബാറ്റർമാർക്കും നന്നായി തുടങ്ങാനായെങ്കിലും വലിയ സ്‌കോർ നേടാനായില്ല. ബാറ്റിംഗിന് യോജിച്ച വിക്കറ്റുകളാണ് ഒരുക്കിയിരുന്നത്. എന്നാൽ ഇതെല്ലാം വരും ദിവസങ്ങളിൽ ശരിയാവും. വളരെ ചെറുപ്പക്കാരായ താരങ്ങൾ ടീമിനൊപ്പമുണ്ട്. അവർക്ക് ആത്മവിശ്വാസം നൽകേണ്ടത് പ്രധാനമാണ്. ഇംഗ്ലണ്ടിനെ പോലെ ശക്തമായ ടീമിനെതിരെ യുവനിര ഉത്തരവാദിത്തം കാണിച്ചതിൽ അഭിമാനമുണ്ട്." രോഹിത് വ്യക്തമാക്കി.

സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, പേസർ മുഹമ്മദ് ഷമി എന്നിവരും ടീമിനൊപ്പം ചേർന്നേക്കും. ഷമി വരുമ്പോൾ മുകേഷിനും സ്ഥാനം നഷ്ടമാവും. പരിക്കിനെ തുടർന്ന് ഷമി ആദ്യ രണ്ട് ടെസ്റ്റിൽ നിന്ന് വിട്ടുനിന്നിരുന്നു. ജഡേജയ്ക്ക് ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് പരിക്കേൽക്കുന്നത്.