വിശാഖപട്ടണം: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അടുത്ത മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ബൗളിംഗിലും ബാറ്റിംഗിലും വൻ മാറ്റങ്ങൾ ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കാം. അതേ സമയം പരമ്പരയിൽ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ വിറപ്പിച്ച സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര രാജ്കോട്ട് വേദിയാവുന്ന മൂന്നാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്നാണ് സൂചന. മത്സരാധിക്യം പരിഗണിച്ച് ബുമ്രക്ക് വിശ്രമം നൽകാനാണ് സെലക്ടർമാരുടെ ആലോചന. സമാനമായി പേസർ മുഹമ്മദ് സിറാജിന് രണ്ടാം ടെസ്റ്റിൽ വിശ്രമം അനുവദിച്ചിരുന്നു.

വിശാഖപട്ടണത്തു നടന്ന രണ്ടാം ടെസ്റ്റിൽ ബുംറയുടെ ബൗളിങ് മികവും യശസ്വ ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറിയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. രണ്ട് ഇന്നിങ്സുകളിലായി 91 റൺസ് വിട്ടുകൊടുത്ത് ഒൻപത് വിക്കറ്റുകളാണ് ബുംറ നേടിയത്. പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളിൽ ബുംറ മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ഇതുവരെ സെലക്ടർമാർ പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ രാജ്‌കോട്ടിൽ ഫെബ്രുവരി 15-ാം തിയതിയാണ് മൂന്നാം മത്സരം തുടങ്ങുക. ഇതിന് മുമ്പ് പത്ത് ദിവസത്തെ വിശ്രമം താരങ്ങൾക്ക് ലഭിക്കുമെങ്കിലും ജസ്പ്രീത് ബുമ്രക്ക് അൽപം കൂടി ഇടവേള നൽകാനാണ് സെലക്ടർമാരുടെ ആലോചന. ട്വന്റി 20 ലോകകപ്പ് വർഷമായതിനാൽ ബുമ്രയുടെ ജോലിഭാരം ക്രമീകരിക്കാൻ മൂന്നാം ടെസ്റ്റിനുള്ള സ്‌ക്വാഡിൽ ബുമ്രയെ ഉൾപ്പെടുത്തിയേക്കില്ല എന്ന് ഇൻസൈഡ്‌സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു. അവസാന രണ്ട് ടെസ്റ്റുകളിൽ ബുമ്ര തിരിച്ചെത്തുന്ന തരത്തിലാണ് ക്രമീകരണത്തിന് ബിസിസിഐ പദ്ധതിയിടുന്നത്.

ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദും വിശാഖപട്ടണവും വേദിയായ ആദ്യ രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളിലുമായി 32 ഓവറുകൾ എറിഞ്ഞ ജസ്പ്രീത് ബുമ്ര അതിശയിപ്പിക്കുന്ന 10.67 ബൗളിങ് ശരാശരിയിൽ 15 വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു. ആകെ 160 റൺസേ ബുമ്ര വിട്ടുകൊടുത്തുള്ളൂ. ഓലീ പോപിനെ പുറത്താക്കിയതടക്കം അതിശയിപ്പിക്കുന്ന യോർക്കറുകൾ എറിയാൻ ജസ്പ്രീത് ബുമ്രക്കായി. വിശാഖപട്ടണം ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിലെ ആറ് വിക്കറ്റ് നേട്ടമടക്കം 9 പേരെ പുറത്താക്കി ജസ്പ്രീത് ബുമ്ര മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി. ബുമ്രക്ക് വിശ്രമം അനുവദിക്കുമ്പോൾ മുഹമ്മദ് സിറാജ് സ്‌ക്വാഡിലേക്ക് മടങ്ങിയെത്തും.

ഒരുപിടി മാറ്റങ്ങളോടെയാവും ബിസിസിഐയുടെ സീനിയർ സെലക്ഷൻ കമ്മിറ്റി ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിക്കുക. ബൗളിങ് നിരയിൽ വലിയ മാറ്റങ്ങൾക്കാണ് കളമൊരുങ്ങുന്നത്. എന്നാൽ ഇന്ത്യയുടെ മറ്റൊരു മാച്ച് വിന്നിങ് പേസറായ മുഹമ്മദ് ഷമി രാജ്യാന്തര മടങ്ങിവരവിന് തയ്യാറായിട്ടില്ല. ഫോമിലെത്താൻ കഴിയാത്ത പേസർ മുകേഷ് കുമാറിനെ ടീം നിലനിർത്തുമോ എന്നത് ആകാംക്ഷയാണ്. രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡിലുണ്ടായിരുന്ന വേഗക്കാരൻ ആവേഷ് ഖാന്റെ കാര്യവും ഉറപ്പില്ല.

ഹൈദരാബാദിലെ ആദ്യ ടെസ്റ്റിനിടെ കാലിൽ പരിക്കേറ്റ സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ രാജ്‌കോട്ടിൽ തന്റെ ഹോം ടെസ്റ്റിൽ കളിക്കാനിടയില്ല. ജഡേജയുടെ ഹാംസ്ട്രിങ് പരിക്ക് പൂർണമായും മാറിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് ജഡേജ നിലവിലുള്ളത്. ഇതോടെ സ്പിന്നർമാരായി രവിചന്ദ്രൻ അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവർ ടീമിൽ തുടരും.

ബാറ്റർമാരിലും വലിയ മാറ്റം പ്രതീക്ഷിക്കാം. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റിൽ നിന്ന് വിട്ടുനിന്ന റൺ മെഷീൻ വിരാട് കോലി മടങ്ങിയെത്തുന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. എന്നാൽ കെ എൽ രാഹുൽ മൂന്നാം ടെസ്റ്റ് മുതൽ സ്‌ക്വാഡിലുണ്ടാകും എന്ന സന്തോഷ സൂചന പുറത്തുവന്നത് ടീമിനും ആരാധകർക്കും ആശ്വാസമാണ്. നാലാം നമ്പറിൽ കനത്ത നിരാശ സമ്മാനിക്കുന്ന ശ്രേയസ് അയ്യറെ പുറത്തിരുത്താൻ സെലക്ടർമാർ മുതിർന്നേക്കും. ശ്രേയസിനൊപ്പം അരങ്ങേറ്റത്തിൽ തിളങ്ങാനാവാതിരുന്ന ബാറ്റർ രജത് പാടിദാറും ടീമിന് പുറത്തായേക്കും.

എന്നാൽ വിക്കറ്റ് കീപ്പർ സ്ഥാനത്ത് കെ എസ് ഭരതിന് മാനേജ്മെന്റിന്റെ പിന്തുണയുണ്ട്. ഭരതിനൊപ്പം ധ്രുവ് ജൂരെലും സ്‌ക്വാഡിൽ തുടരാനാണിട. ഇതുവരെ അരങ്ങേറ്റത്തിന് അവസരം ലഭിക്കാത്ത വിക്കറ്റ് കീപ്പർ ബാറ്റർ സർഫറാസ് ഖാനും ടീമിൽ തുടർന്നേക്കും.