- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു രഞ്ജി മത്സരം പോലും ഇതുവരെ കളിച്ചില്ല; ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച് തിരിച്ചുവരണമെന്ന് പറഞ്ഞിട്ടില്ല; കുറച്ച് ക്രിക്കറ്റ് കളിക്കണം എന്ന് മാത്രമാണ് പറഞ്ഞത്'; ഇഷാൻ കിഷന്റെ തിരിച്ചുവരവിൽ നിലപാട് വ്യക്തമാക്കി രാഹുൽ ദ്രാവിഡ്
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കൻ പരമ്പരക്കിടെ വിശ്രമം ആവശ്യപ്പെട്ട് ടീമിൽനിന്ന് പോയ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ അടുത്ത ഒരു വർഷത്തേക്ക് ഇന്ത്യൻ ടീമിൽ കളിപ്പിക്കില്ലെന്ന റിപ്പോർട്ടുകൾക്കിടെ നിലപാട് വ്യക്തമാക്കി പരിശീലകൻ രാഹുൽ ദ്രാവിഡ്. വിശാഖപട്ടണത്ത്, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷമാണ് ഇഷാൻ കിഷന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് ദ്രാവിഡ് മറുപടി നൽകിയത്.
പരിശീലകന്റെ വാക്കുകൾ... ''ഞങ്ങൾ ആരെയും ഒന്നിൽ നിന്നും ഒഴിവാക്കുന്നില്ല. ആർക്കും എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം. അദ്ദേഹം ഒരു ഇടവേള ആവശ്യപ്പെട്ടു. ഒരു ഇടവേള നൽകിയതിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. വീണ്ടും ഇഷാൻ കിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മനസിലാവുന്ന രീതിയിയിൽ നേരത്തെ ഇക്കാര്യം പറഞ്ഞതാണ്. അവൻ സ്ഥിരമായി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. അവൻ എപ്പോഴാണ് തയ്യാറാവുന്നത്, അപ്പോൾ ഒന്നോ രണ്ടോ മത്സരങ്ങൾ കളിച്ചിട്ട് വേണം തിരിച്ചെത്താൻ. തീരുമാനം അവന്റെതാണ്. ഞങ്ങൾ അവനെ ഒന്നും ചെയ്യാൻ നിർബന്ധിക്കുന്നില്ല.'' ദ്രാവിഡ് പറഞ്ഞു.
ഞങ്ങൾ കിഷനുമായി ബന്ധപ്പെട്ടിരുന്നു. ഇതുവരെ ശരിയായി ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ടില്ല അതിനാൽ മടങ്ങിവരവിനെക്കുറിച്ച് ഇപ്പോൾ പരിഗണിക്കാനാവില്ലെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു. കിഷൻ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച് തിരിച്ചുവരണമെന്ന് പറഞ്ഞിട്ടില്ല. കുറച്ച് ക്രിക്കറ്റ് കളിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തിനത് തിരഞ്ഞെടുക്കാം. താരത്തിന്റെ മേൽ ഒരു സമ്മർദവും ചെലുത്തിയിട്ടില്ല. റിഷഭ് പന്തിന് പരിക്കേറ്റതടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സെലക്റ്റർമാർ ഇതെല്ലാം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കി.
അഭ്യന്തര മത്സരങ്ങളിലൂടെ അല്ലാതെ, പിന്നെ എങ്ങനെ ക്രിക്കറ്റ് കളിച്ചാണ് കിഷൻ മടങ്ങിവരേണ്ടത്, എന്ന് ദ്രാവിഡ് വ്യക്തമായിപ്പറയുന്നില്ല. ഈ സീസണിൽ ഝാർഖണ്ഡിന് വേണ്ടി ഒരു രഞ്ജി മത്സരത്തിൽ പോലും കിഷൻ കളിച്ചിട്ടില്ല. ഇതുവരെ അഞ്ച് മത്സരങ്ങളാണ് പൂർത്തിയായത്. വരാനിരിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനും അറിവൊന്നുമില്ല. അതേ സമയം യുവതാരം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി കളിക്കാൻ ഇറങ്ങിയേക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ബാറ്റിംഗിൽ മികച്ച പ്രകടനം നടത്തിയിട്ടും ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും കിഷനെ ബഞ്ചിലിരുത്തുകയായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് കിഷൻ പിൻവാങ്ങുകയായിരുന്നു. മനസിക സമ്മർദ്ദമെന്ന് പറഞ്ഞാണ് കിഷൻ അവധിയെടുക്കുന്നത്. ടീം മാനേജ്മെന്റ് സമ്മതം മൂളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ഒരു വർഷത്തേക്ക് യുവതാരത്തെ ടീം ഇന്ത്യ പരിഗണിക്കില്ലെന്ന വാർത്തകൾ പ്രചരിച്ചത്. പ്രമുഖ സ്പോർട്സ് റിപ്പോർട്ടറായ അഭിഷേക് ത്രിപാഠിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
സ്പോർട്സ് ഡെസ്ക്