- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധ സെഞ്ചുറിയുമായി പ്രിട്ടോറിയസും സെലത്സ്വെയ്‌നും; ഭേദപ്പെട്ട വിജയലക്ഷ്യം കുറിച്ച് ദക്ഷിണാഫ്രിക്ക; ഏഴ് വിക്കറ്റിന് 244 റൺസ്; അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്ക് 245 റൺസ് വിജയലക്ഷ്യം
ജൊഹാനസ്ബർഗ്: അണ്ടർ 19 ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യയ്ക്കു മുന്നിൽ 245 റൺസ് വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 244 റൺസ് നേടിയത്. ലുവാൻ പ്രിട്ടോറിയസും (76) റിച്ചാർഡ് സെലത്സ്വെയ്‌നും (64) പ്രോട്ടീസിനായി അർധ സെഞ്ചറി നേടി. ഇന്ത്യയ്ക്കു വേണ്ടി രാജ് ലിംബാനി മൂന്നു വിക്കറ്റ് വീഴ്‌ത്തി. മുഷീർ ഖാന് രണ്ട് വിക്കറ്റുണ്ട്.
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക്, പ്രോട്ടീസ് ഇന്നിങ്‌സിൽ 50 റൺസ് തികയുന്നതിനു മുൻപ് രണ്ട് വിക്കറ്റ് വീഴ്‌ത്താനായി. സ്റ്റീവ് സ്റ്റോക്കിനെയും (14) പിന്നാലെയിറങ്ങിയ ഡേവിഡ് ടീഗറിനെയും (0) രാജ് ലിംബാനിയാണ് കൂടാരം കയറ്റിയത്. പിന്നീടൊന്നിച്ച ലുവാൻ പ്രിട്ടോറിയസും മധ്യനിരയിൽ റിച്ചാർഡ് സെലത്സ്വെയ്‌നും നിലയുറപ്പിച്ചു കളിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ സ്‌കോർ ഉയർന്നു.
സ്‌കോർ 118ൽ നിൽക്കേ പ്രിട്ടോറിയസിനെ മുഷീർ ഖാൻ പുറത്താക്കി. 102 പന്തിൽ 3 സിക്‌സും 6 ഫോറും ഉൾപ്പെടെ 76 റൺസാണ് താരത്തിന്റെ സമ്പാദ്യം. 100 പന്തിൽ 64 റൺസ് നേടിയ സെലത്സ്വെയ്‌നെ നമൻ തിവാരി പ്രിയാൻഷു മൊലിയയുടെ കൈകളിലെത്തിച്ചു. ഒലിവർ വൈറ്റ്‌ഹെഡ് (22), ക്യാപ്റ്റൻ യുവാൻ ജയിംസ് (24) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡെവൻ മരെയ്‌സ് (3), റിലെ നോർട്ടൻ (7*), ട്രിസ്റ്റൻ ലൂസ് (23*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്‌കോർ.
മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ആദ്യ പത്ത് ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്‌ത്താൻ ഇന്ത്യൻ ബൗളർമാർക്കായി. സ്റ്റോൾക്കിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമാകുന്നത്. ലിംബാനിയുടെ പന്തിൽ വിക്കറ്റ് കീപ്പർ അരവെല്ലി അവനിഷിന് ക്യാച്ച്. പിന്നലെ ടീഗറും മടങ്ങി. രണ്ട് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. ലിംബാനിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം.
തുടർന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 72 റൺസാണ് പിറന്നത്. എന്നാൽ പിടോറ്യൂസിനെ പുറത്താക്കി മുഷീർ ഖാൻ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റ ഇന്നിങ്സ്. സെലറ്റ്സ്വാനെ ആവട്ടെ ടെസ്റ്റ് ശൈലിയിലാണ് തുടക്കത്തിൽ ബാറ്റ് വീശിയത്. പിന്നീട് റൺനിരക്ക് ഉയർത്തുകയായിരുന്നു. എന്നാൽ 47-ാം ഓവറിൽ താരം മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
സ്പോർട്സ് ഡെസ്ക്