- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷകരായി സച്ചിനും സഹറാനും, ഇന്ത്യ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ
കേപ്ടൗൺ: അവിസ്മരണീയ തിരിച്ചുവരവിലൂടെ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് കീഴടക്കി ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 256 വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 48.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. മുൻനിര തകർന്നപ്പോഴും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സച്ചിൻ ദാസ് (96), ഉദയ് സഹാരൺ (81) എന്നിവരുടെ തകർപ്പൻ ഇന്നിങ്‌സായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിസ്റ്റൺ ലസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഓസ്ട്രേലിയ - പാക്കിസ്ഥാൻ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലിൽ നേരിടുക.
കൂട്ടത്തകർച്ചയ്ക്കിടയിലും അസാധാരണമായ പോരാട്ടവീര്യം കാട്ടി ഇന്ത്യൻ കൗമാരപ്പടയെ രക്ഷിച്ചത് സച്ചിൻ ദാസും അവസരോചിത ഇന്നിങ്‌സുമായി അവസാന നിമിഷം പൊരുതിയ ക്യാപ്റ്റൻ ഉദയ് സഹറാനുമായിരുന്നു. സെഞ്ചറി നഷ്ടത്തിന്റെ വേദനയ്ക്കിടയിലും സച്ചിനും കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ച് സഹറാനും ഇന്ത്യയെ തോളേറ്റിയതോടെ, അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ അഞ്ചാം ഫൈനലിൽ. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ടു വിക്കറ്റിനു തകർത്താണ് ബെനോനിയിലെ വില്ലോമൂർ പാർക്കിൽ നീലപ്പടയുടെ വിജയക്കുതിപ്പ്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 244 റൺസ്. മറുപടി ബാറ്റിങ്ങിൽ തുടക്കം തകർന്നെങ്കിലും സച്ചിൻ ദാസ്, ക്യാപ്റ്റൻ ഉദയ് സഹറാൻ എന്നിവർ അർധസെഞ്ചറികളുടെ മികവിൽ ഏഴ് പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ വിജയത്തിലെത്തി. ഞായറാഴ്ച ഇതേ വേദിയിൽ നടക്കുന്ന ഫൈനലിൽ ഓസ്‌ട്രേലിയ പാക്കിസ്ഥാൻ രണ്ടാം സെമിഫൈനൽ വിജയികളുമായി ഇന്ത്യ ഏറ്റുമുട്ടും. വെള്ളിയാഴ്ചയാണ് രണ്ടാം സെമി ഫൈനൽ നടക്കുക.
മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽത്തന്നെ വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, 32 റൺസിനിടെ നാലു വിക്കറ്റുകളാണ് നഷ്ടമായത്. ഒടുവിൽ അഞ്ചാം വിക്കറ്റിൽ സച്ചിൻ ഉദയ് സഖ്യം കൂട്ടിച്ചേർത്ത സെഞ്ചറി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ജീവവായുവായത്. 187 പന്തുകൾ നേരിട്ട ഇരുവരും കൂട്ടിച്ചേർത്തത് 171 റൺസ്! കൂട്ടത്തകർച്ചയ്ക്കിടയിലും അക്ഷോഭ്യനായി നിന്ന് തകർപ്പൻ അർധസെഞ്ചറി കുറിച്ച സച്ചിൻ ദാസിന്റെ പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ല്. 95 പന്തുകൾ നേരിട്ട സച്ചിൻ 11 ഫോറും ഒരു സിക്‌സും സഹിതം നേടിയത് 96 റൺസ്. അർഹിച്ച സെഞ്ചറിയിലേക്കുള്ള കുതിപ്പിൽ ക്വേന മഫാകയാണ് സച്ചിനെ പുറത്താക്കിയത്.
സച്ചിന് ഉറച്ച പിന്തുണയുമായി കൂട്ടുനിന്ന ക്യാപ്റ്റൻ ഉദയ് സഹറാനും അർധസെഞ്ചറി നേടി. അവസരോചിത ഇന്നിങ്‌സുമായി കളം നിറഞ്ഞ സഹറാൻ, 124 പന്തുകൾ നേരിട്ട സഹറാൻ ആറു ഫോറുകൾ സഹിതം 81 റൺസുമായി അവസാന നിമിഷം പുറത്തായി. ഇന്ത്യൻ സ്‌കോർ 203ൽ നിൽക്കെ സച്ചിനും വിജയം ഒരു റൺ അകലെ നിൽക്കെ സഹറാനും മടങ്ങിയെങ്കിലും, വാലറ്റത്തിന്റെ സഹായത്തോടെ ഇന്ത്യ വിജയം പിടിച്ചെടുത്തു. സച്ചിനും പിന്നാലെ മുരുകൻ അഭിഷേകും പുറത്തായതിന്റെ കടുത്ത സമ്മർദ്ദത്തിനിടയിലും, നേരിട്ട ആദ്യ പന്തിൽത്തന്നെ സിക്‌സർ നേടി ഇന്ത്യയെ വിജയത്തോട് അടുപ്പിച്ച രാജ് ലിംബാനിയുടെ പ്രകടനവും നിർണായകമായി. ഒടുവിൽ 49ാം ഓവറിലെ അഞ്ചാം പന്തിൽ ഫോറടിച്ച് വിജയം കുറിച്ചതും ലിംബാനി തന്നെ. ലിംബാനി നാലു പന്തിൽ 13 റൺസുമായി പുറത്താകാതെ നിന്നു.
245 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, ആദ്യ പന്തിൽത്തന്നെ ഓപ്പണർ ആദർശ് സിങ് സംപൂജ്യനാകുന്ന ഞെട്ടിക്കുന്ന കാഴ്ചയോടെയാണ് മറുപടിക്കു തുടക്കമിട്ടത്. മഫാകയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് ആദർശ് പുറത്തായത്. പിന്നീട് ട്രിസ്റ്റൻ ലൂസിന്റെ ഊഴമായിരുന്നു. ഈ ലോകകപ്പിൽ ഇന്ത്യയെ മുന്നിൽനിന്നു നയിച്ച മുഷീർ ഖാൻ ട്രിസ്റ്റൻ എറിഞ്ഞ നാലാം ഓവറിൽ പുറത്തായി. സമ്പാദ്യം 12 പന്തിൽ നാലു റൺസ്. ഇന്ത്യയാകട്ടെ രണ്ടിന് എട്ടു റൺസ് എന്ന നിലയിൽ.
ടീം സ്‌കോർ 25-ൽ നിൽക്കേ, അർഷിൻ കുൽക്കർണിയും (12) മടങ്ങിയതോടെ പ്രതീക്ഷ അറ്റു. ഏഴ് റൺസ് കൂടി ചേർക്കുന്നതിനിടെ പ്രിയാൻഷു മോല്യയും പോയതോടെ കളി കൈവിട്ടെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. 11.2 ഓവറിൽ 32 റൺസിനിടെ നാല് വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ തകർന്നു. അവസാനത്തെ മൂന്ന് വിക്കറ്റുകളും ട്രിസ്റ്റൻ ലൂസിനായിരുന്നു.
പക്ഷേ, പിന്നീടായിരുന്നു യഥാർഥ കളി. ക്യാപ്റ്റൻ ഉദയ് സാഹറനും സച്ചിൻ ദാസും നിലയുറപ്പിച്ചുള്ള പോരാട്ടം തന്നെ നടത്തി. സച്ചിൻ കുറെക്കൂടി ആക്രമണ സ്വഭാവം കാണിച്ചെങ്കിൽ ഉദയ് നിലയുറപ്പിച്ചുകൊണ്ടാണ് നീങ്ങിയത്. ഫലത്തിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് തുടക്കത്തിലെ ആനുകൂല്യം മുതലെടുക്കാനാകാതെ വന്നു. ഒരു സിക്സും 11 ഫോറും നിറഞ്ഞതായിരുന്നു സച്ചിൻ ദാസിന്റെ ഇന്നിങ്സ്. അഞ്ച് ഫോറുകൾ അടങ്ങിയതാണ് ഉദയ് സാഹറന്റെ പ്രകടനം.
നേരത്തെ, ല്വാൻ-ഡ്രേ പ്രിടോറ്യൂസ് (76), റിച്ചാർഡ് സെലറ്റ്സ്വാനെ (64) എന്നിവരുടെ ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ആദ്യ പത്ത് ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്‌ത്താൻ ഇന്ത്യൻ ബൗളർമാർക്കായി. സ്റ്റീവ് സ്റ്റോൾക്കിന്റെ (14) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമാകുന്നത്. രാജ് ലിംബാനിയുടെ പന്തിൽ വിക്കറ്റ് കീപ്പർ അവനിഷിന് ക്യാച്ച്. പിന്നലെ ഡേവിഡ് ടീഗറും (0) മടങ്ങി. രണ്ട് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. ലിംബാനിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. തുടർന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പ്രിടോറ്യൂസ് - സെലറ്റ്സ്വാനെ സഖ്യം 72 റൺസാണ് കൂട്ടിചേർത്തത്.
എന്നാൽ പിടോറ്യൂസിനെ പുറത്താക്കി മുഷീർ ഖാൻ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റ ഇന്നിങ്സ്. സെലറ്റ്സ്വാനെ ആവട്ടെ ടെസ്റ്റ് ശൈലിയിലാണ് തുടക്കത്തിൽ ബാറ്റ് വീശുന്നത്. പിന്നീട് റൺനിരക്ക് ഉയർത്തുകയായിരുന്നു. എന്നാൽ 47-ാം ഓവറിൽ താരം മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഒലിവർ വൈറ്റ്ഹെഡ് (22), ഡേവാൻ മറൈസ് (3), ജുവാൻ ജെയിംസ് (34) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. റിലി നോർട്ടൺ (7), ത്രിസ്റ്റൺ ലുസ് (23) എന്നിവർ പുറത്താവാതെ നിന്നു. ലിംബാനി മൂന്നും മുഷീർ ഖാൻ രണ്ടും നമൻ തിവാരി, സൗമി പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും പിഴുതു.