രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഒരുക്കങ്ങൾക്കിടെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. പരിക്കേറ്റ മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ ടീമിൽ നിന്നും പുറത്തായി. അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ശ്രേയസിന്റെ പരിക്ക് വലിയ ആഘാതമാകുന്നത്. പുറംവേദന മൂലം ബുദ്ധിമുട്ടുന്ന മധ്യനിര ബാറ്റർ ശ്രേയസ് അയ്യർക്ക് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും നഷ്ടമാവുമെന്നാണ് റിപ്പോർട്ട്. ആദ്യ രണ്ട് ടെസ്റ്റിലും കളിച്ച ശ്രേയസിന് ബാറ്റിംഗിൽ തിളങ്ങാനായിരുന്നില്ല.

ഇതോടെ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ സ്ഥാനമുണ്ടാകുമോ എന്ന ആശങ്കകൾക്കിടെയാണ് പരിക്കും താരത്തെ പിടികൂടുന്നത്. കഴിഞ്ഞ വർഷം പുറംവേദനക്ക് ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള ശ്രേയസിന് വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനുശേഷമാണ് വീണ്ടും പുറം വേദന അനുഭവപ്പെട്ടത്.

ശ്രേയസിന് രാജ്‌കോട്ടിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് പുറമെ പരമ്പര മുഴുവനായും നഷ്ടമാകുമോയെന്ന് വരും ദിവസങ്ങളിലെ വ്യക്തമാവു. മൂന്നാം ടെസ്റ്റിനായി രാജ്‌കോട്ടിലേക്ക് പോകുന്ന ഇന്ത്യൻ ടീമിനൊപ്പം ശ്രേയസ് ഉണ്ടാകില്ല. ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കായിരിക്കും ശ്രേയസ് പോകുകയെന്നാണ് കരുതുന്നത്.

30 പന്തുകളൊക്കെ നേരിട്ടു കഴിയുമ്പോഴേക്കും തനിക്ക് കടുത്ത പുറംവേദന അനുഭവപ്പെടുന്നതായും ഫോർവേർഡ് ഡിഫൻസീവ് ഷോട്ട് കളിക്കാൻ ബുദ്ധിമുട്ടുന്നതായും ശ്രേയസ് രണ്ടാം ടെസ്റ്റിനുശേഷം ബിസിസിഐ മെഡിക്കൽ സംഘത്തെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ശസ്ത്രക്രിയക്ക് ശേഷം ആദ്യമായാണ് ശ്രേയസിന് വീണ്ടും പുറംവേദന അനുഭവപ്പെടുന്നത്. പരിക്കുമൂലം കഴിഞ്ഞ വർഷത്തെ ഐപിഎൽ പൂർണമായും നഷ്ടമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ കൂടിയായ ശ്രേയസിന് ഇത്തവണ ഐപിഎല്ലിൽ കളിക്കാനാകുമോ എന്ന കാര്യത്തിലും ആശങ്ക ഉയർന്നിട്ടുണ്ട്.

ശ്രേയസിന്റെ അഭാവത്തിൽ മൂന്നാം ടെസ്റ്റിൽ സർഫറാസ് ഖാന് പ്ലേയിം ഇലവനിൽ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ച് ഇപ്പോൾ പരമ്പരയിൽ തുല്യത പാലിക്കുകയാണ്.