തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെതിരെ തുടക്കത്തിലെ തകർച്ചയിൽ നിന്നും സച്ചിൻ ബേബിയുടെ സെഞ്ചുറിയുടെ മികവിൽ ഭേദപ്പെട്ട നിലയിൽ കേരളം. തുമ്പ, സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ഒന്നാംദിനം സ്റ്റംപെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെന്ന നിലയിലാണ്. സെഞ്ചുറി നേടിയ സച്ചിൻ ബേബിയും (110), അർധ സെഞ്ചുറി നേടിയ അക്ഷയ് ചന്ദ്രനുമാണ് (76) ക്രീസിൽ. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ വീണ്ടും (8) നിരാശപ്പെടുത്തി.

മുൻനിര തകർന്നിട്ടും വീറോടെ പൊരുതി സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെ ഇന്നിങ്‌സായിരുന്നു കേരളത്തിന് കരുത്തായത്. തകർപ്പൻ സെഞ്ചുറിയോടെ രഞ്ജി ട്രോഫി സീസണിലെ റൺവേട്ടക്കിൽ രണ്ടാം സ്ഥാനത്തെത്തി കേരളത്തിന്റെ സച്ചിൻ ബേബി. ഇന്ന് ബംഗാളിനെതിരെ സെഞ്ചുറി നേടിയതോടെയാണ് സച്ചിൻ രണ്ടാമതെത്തിയത്. 35കാരൻ ഇപ്പോഴും 110 റൺസുമായി ക്രീസിലുണ്ട്. സീസണിലൊന്നാകെ പത്ത് ഇന്നിങ്സിൽ നിന്ന് 652 റൺസാണ് സച്ചിൻ നേടിയത്. അസമിനെതിരെ നേടിയ 131 റൺസാണ് ഉയർന്ന സ്‌കോർ. മൂന്ന് വീതം സെഞ്ചുറിയും അർധ സെഞ്ചുറിയും സച്ചിൻ നേടി. 93.14 ശരാശരിയിലാണ് സച്ചിന്റെ റൺവേട്ട പുരോഗമിക്കുന്നു.

ആറ് ഇന്നിങ്സിൽ നിന്ന് 679 റൺസ് നേടിയ തമിഴ്‌നാട് താരം എൻ ജഗദീഷനാണ് ഒന്നാമൻ. 321 റൺസാണ് ജഗദീഷന്റെ മികച്ച സ്‌കോർ രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും താരം നേടി. ചേതേശ്വർ പൂജാര മൂന്നാം സ്ഥാനത്ത്. ഒമ്പത് ഇന്നിങ്സിൽ നിന്ന് സൗരാഷ്ട്ര താരം നേടിയത് 648 റൺസാണ്. ഇന്നും പൂജാര സെഞ്ചുറി നേടിയിരുന്നു. പുറത്താവാതെ നേടിയ 243 റൺസാണ് ഉയർന്ന സ്‌കോർ. രണ്ട് വീതം സെഞ്ചുറിയും അർധ സെഞ്ചുറിയും പൂജാരയ്ക്കുണ്ട്.

ഉത്തർ പ്രദേശിനെതിരെ 38 റൺസ് നേടികൊണ്ടാണ് സച്ചിൻ സീസൺ തുടങ്ങിയത്. രണ്ടാം ഇന്നിങ്സിൽ ഒരു റൺസുമായി പുറത്താവാത നിന്നു. രണ്ടാം മത്സരത്തിൽ അസമിനെതിരെ 35കാരൻ സെഞ്ചുറി നേടി. 135 റൺസായിരുന്നു സമ്പാദ്യം. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനെത്തിയില്ല. മുംബൈക്കെതിരെ ആദ്യ ഇന്നംഗ്സിൽ 65 റൺസും രണ്ടാം ഇന്നിങ്സിൽ 12 റൺസിനും പുറത്തായി. പിന്നീട് നാലാം മത്സരത്തിൽ ബിഹാറിനെതിരെ ഒരു റൺസിന് പുറത്ത്. എന്നാൽ രണ്ടാം ഇന്നിംഗിസിൽ പുറത്താവാതെ 109 റൺസ് നേടി. ഛത്തീസ്‌ഗഡിനെതിരെ രണ്ട് ഇന്നിങ്സുകളിലും 90കളിലാണ് താരം മടങ്ങിയത്. ആദ്യ ഇന്നിങ്സിൽ 91 റൺസ് നേടിയ താരം, രണ്ടാം ഇന്നിങ്സിൽ 94 റൺസും നേടി.

ഇന്ന് ബംഗാളിനെതിരെ ഇതുവരെ 220 പന്തുകൾ നേരിട്ട താരം ഒരു സിക്സും 10 ഫോറും നേടിയിട്ടുണ്ട്. നാളെ ഒന്നാമതെത്താനുള്ള അവസരവും സച്ചിനുണ്ട്. എന്നാൽ കർണാടകയക്കെതിരെ കളിക്കുന്ന തമിഴ്‌നാട് താരം ജഗദീഷൻ ബാറ്റ് ചെയ്യാനുള്ളതിനാൽ സ്‌കോർ അങ്ങോട്ടും ഇങ്ങോട്ടും മാറിയേക്കും. രാജസ്ഥാനെതിരെ പൂജാര 110ന് പുറത്തായിരുന്നു.

കേരളത്തിന്റെ രക്ഷകനായി വീണ്ടും സച്ചിൻ

മോശം തുടക്കമായിരുന്നു കേരളത്തിന്. സ്‌കോർ ബോർഡിൽ 26 റൺസ് മാത്രമുള്ളപ്പോൾ രോഹന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. ജയ്‌സ്വാളിന്റെ പന്തിൽ ക്യാപ്റ്റൻ മനോജ് തിവാരിക്ക് ക്യാച്ച് നൽകിയാണ് രോഹൻ മടങ്ങുന്നത്. മൂന്നാമതായി ക്രീസിലെത്തിയ രോഹൻ പ്രേമിന് 15 പന്ത് മാത്രമായിരുന്നു ആയുസ്. ആകാശിന്റെ പന്തിൽ അഭിഷേക് പോറലിന് ക്യാച്ച് നൽകിയാണ് രോഹൻ പ്രേം മടങ്ങുന്നത്. 40 റൺസ് മാത്രമായിരുന്നു അപ്പോൾ കേരളത്തിനുണ്ടായിരുന്നത്. പിന്നീട് ക്രീസിലെത്തിയ സച്ചിൻ ബേബി നല്ലരീതിയിൽ പ്രതിരോധം തീർത്ത് ആദ്യ സെഷനിലെ തകർച്ച ഒഴിവാക്കി.

എന്നാൽ രണ്ടാം സെഷന്റെ തുടക്കത്തിൽ സക്സേന മടങ്ങി. ഓപ്പണറായി എത്തിയ സക്‌സേന അഞ്ച് ബൗണ്ടറികളാണ് നേടിയത്. തുടർന്നെത്തിയ സഞ്ജുവിന് 17 പന്ത് മാത്രമായിരുന്നു ആയുസ്. ഷഹ്ബാസ് അഹമ്മദിന്റെ പന്തിൽ തിവാരിക്ക് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങുന്നത്. ഒരു ബൗണ്ടറി പോലും ഇന്നിങ്സിൽ ഉണ്ടായിരുന്നില്ല. ഒരു പക്ഷേ തിളങ്ങിയിരുന്നെങ്കിൽ ഇംഗ്ലണ്ടിനെതിരെ അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടാൻ നേരിയ സാധ്യതയെങ്കിലും ഉണ്ടായിരുന്നു.

സഞ്ജു മടങ്ങിയെങ്കിൽ അക്ഷയ് ചന്ദ്രനെ കൂട്ടുപിടിച്ച് സച്ചിൻ ബേബി കേരളത്തെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും ഇതുവരെ 143 റൺസാണ് കൂട്ടിചേർത്തത്. ഇതിനിടെ സച്ചിൻ സെഞ്ചുറി പൂർത്തിയാക്കി. ഇതുവരെ 220 പന്തുകൾ നേരിട്ട താരം ഒരു സിക്സും 10 ഫോറും നേടി. അക്ഷയ് 150 പന്തുകൾ നേരിട്ടു. ഏഴ് ബൗണ്ടറികൾ അക്കൗണ്ടിലുണ്ട്. നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. വിഷ്ണു വിനോദ്, അഖിൻ സത്താർ എന്നിവർ പുറത്തായി. ബേസിൽ എൻ പി, അക്ഷയ് ചന്ദ്രൻ എന്നിവരാണ് പകരമെത്തിയത്.