- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോലിയില്ല, രാഹുലും ജഡേജയും തിരിച്ചെത്തി, ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്നു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വിരാട് കോലി പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളും കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ കോലി പരമ്പരയിലെ ആദ്യ മത്സരങ്ങൾ കളിച്ചിരുന്നില്ല. കോലി താൻ പരമ്പരയിൽ നിന്ന് പിന്മാറുന്നതായി ബിസിസിഐയേയും സെലക്ഷൻ കമ്മിറ്റിയേയും അറിയിച്ചു. കുടുംബ കാരണങ്ങളാണ് കോലിയുടെ ഈ പിന്മാറ്റമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ കാരണം ഇതുവരെ അറിവായിട്ടില്ല. താരത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു.
രാജ്‌കോട്ട്, റാഞ്ചി, ധരംശാല എന്നിവിടങ്ങളിലെ ടെസ്റ്റുകൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ചേർന്ന സെലക്ടർമാരുടെ ഓൺലൈൻ യോഗത്തിലാണ് കോലി തന്റെ അവധി നീട്ടുന്നതായി അറിയിച്ചത്. കരിയറിൽ ഇതാദ്യമായാണ് കോലി നാട്ടിൽ നടക്കുന്ന ഒരു പരമ്പരയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുന്നത്. വ്യക്തിപരമായ കാരണങ്ങളുള്ളതിനാലാണു കോലി കളിക്കാതിരിക്കുന്നതെന്നും താരത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായും ബിസിസിഐ വ്യക്തമാക്കി.
പരിക്ക് മാറി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും സ്‌പെഷ്യലിസ്റ്റ് ബാറ്റർ കെ എൽ രാഹുലും മടങ്ങിയെത്തിയതാണ് ശ്രദ്ധേയം. എന്നാൽ ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇരുവരെയും മൂന്നാം ടെസ്റ്റിൽ കളിപ്പിക്കുക. പേശീവലിവാണ് ഇരുവർക്കും പ്രശ്നമായത്. മൂന്നാം ടെസ്റ്റിൽ വിശ്രമം നൽകുമെന്ന് കരുതിയ പേസർ ജസ്പ്രീത് ബുമ്രയും സ്‌ക്വാഡിലുണ്ട്. പകരക്കാരായി ടീമിലെത്തിയ സർഫറാസ് ഖാൻ, വാഷിങ്ടൻ സുന്ദർ എന്നിവരെയും അടുത്ത മത്സരങ്ങൾക്കു പരിഗണിച്ചേക്കും. അതേസമയം സൗരഭ് കുമാറിനെ ടീമിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റിന് ശേഷം നടുവേദന റിപ്പോർട്ട് ചെയ്ത മധ്യനിര ബാറ്റർ ശ്രേയസ് അയ്യരെ സ്‌ക്വാഡിലേക്ക് പരിഗണിച്ചില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി അയ്യരുടെ പുരോഗതി നിരീക്ഷിക്കും. ഇതോടെ ബാറ്റർമാരായ രജത് പാടിദാറും സർഫറാസ് ഖാനും ടീമിൽ സ്ഥാനം നിലനിർത്തി. രണ്ടാം ടെസ്റ്റിൽ വിശ്രമമെടുത്ത പേസർ മുഹമ്മജ് സിറാജ് സ്‌ക്വാഡിലേക്ക് തിരികെയെത്തി. ഫോമിലല്ലെങ്കിലും പേസർ മുകേഷ് കുമാറിനെ നിലനിർത്താൻ സെലക്ടർമാർ തീരുമാനിച്ചപ്പോൾ ആവേഷ് ഖാന് പകരക്കാരനായി പേസർ ആകാശ് ദീപ് ഇടംപിടിച്ചു. നേരത്തേ ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക മത്സരത്തിൽ ആകാശിന്റെ പ്രകടനം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും സെലക്ഷൻ കമ്മിറ്റിക്കും മതിപ്പുളവാക്കിയിരുന്നു.
രവീന്ദ്ര ജഡേജയുടെ വരവോടെ സ്പിൻ ഓൾറൗണ്ടർ സൗരഭ് കുമാറിന് ടീമിലെ സ്ഥാനം നഷ്ടമായി. ഫോമില്ലായ്മയ്ക്ക് വിമർശനം നേരിടുന്നുവെങ്കിലും കെ എസ് ഭരത് വിക്കറ്റ് കീപ്പറായി തുടരുന്നതും സ്‌ക്വാഡ് പ്രഖ്യാപനത്തിലെ പ്രധാന വാർത്തയാണ്. എന്നാൽ പരിക്കിന്റെ പിടിയിലുള്ള പേസർ മുഹമ്മദ് ഷമിക്ക് ഇംഗ്ലണ്ട് പരമ്പരയാകെ നഷ്ടമാകും.
ധ്രുവ് ജുറേലായിരിക്കും ഇനിയുള്ള മത്സരങ്ങളിൽ വിക്കറ്റ് കീപ്പർ എന്നാണ് വിവരം. അഞ്ചു മത്സരങ്ങളുള്ള പരമ്പര 1 - 1 എന്ന നിലയിലാണുള്ളത്. 15ന് രാജ്‌കോട്ടിലാണു പരമ്പരയിലെ മൂന്നാം മത്സരം. 23 ന് റാഞ്ചിയിലും മാർച്ച് ഏഴിന് ധരംശാലയിലുമാണ് നാലും അഞ്ചും മത്സരങ്ങൾ.
ഇന്ത്യൻ ടീം രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, രജത് പട്ടീദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ, കെ.എസ്. ഭരത്, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്