- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാബയിൽ ഓസിസിനെ വിറപ്പിച്ചു, ഒടുവിൽ ഷമർ ജോസഫ് ഐപിഎല്ലിൽ
ഗയാന: മരംവെട്ടും കെട്ടിട നിർമ്മാണ തൊഴിലുമൊക്കെ ഉപജീവനമാർഗമാക്കിയ ഗയാനയിലെ ഒരു സാധാരണക്കാരനിൽ നിന്നും ക്രിക്കറ്റ് ലോകത്തിന്റെ ഭൂമികയിലേക്ക് അവിശ്വസനീയ പ്രകടനത്തിലൂടെയാണ് ഷമർ ജോസഫ് കടന്നുവന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനായി അരങ്ങേറും മുമ്പ് ഷമർ ജോസഫ് എന്ന പേര് പോലും ക്രിക്കറ്റ് ലോകത്ത് അധികമാരും കേട്ടിരുന്നില്ല. എന്നാൽ ഓസ്‌ട്രേലിയക്കെതിരെ ആദ്യ പന്തിൽ തന്നെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഷമർ പിന്നീട് ഓടിക്കയറിയത് ആരാധകരുടെ ഹൃദയത്തിലേക്കായിരുന്നു.
ഓസ്‌ട്രേലിയയിൽ ടെസ്റ്റിൽ 25 വർഷങ്ങൾക്ക് ശേഷം വെസ്റ്റ് ഇൻഡീസ് വിജയം നേടിയത് ഷമറിന്റെ ബൗളിങ് മികവിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ബ്രിസ്ബണിൽ നടന്ന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റുമായി വെസ്റ്റ് ഇൻഡീസ് വിജയത്തിന് നേതൃത്വം നൽകിയത് ഷമറായിരുന്നു. ടെസ്റ്റ് പരമ്പരക്ക് ശേഷം നാട്ടിലെത്തിയ ഷമറിനെ വീരോചിത വരവേൽപ്പാണ് നാട്ടുകാരും ക്രിക്കറ്റ് ബോർഡും ചേർന്നൊരുക്കിയത്.
ഒടുവിൽ താരപ്രഭയിൽ മുങ്ങി നിൽക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലേക്കും ഷമർജോസഫിന് വിളിയെത്തിരിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ നടന്ന ഐപിഎൽ താരലേലത്തിൽ ആരും കാണാതിരുന്ന ഷമർ, ഗാബയിൽ ഓസിസിനെ വിറപ്പിച്ചു വീഴ്‌ത്തിയ ഒറ്റ പ്രകടനത്തിലൂടെ ഐപിഎൽ ടീമുകളുടെയും നോട്ടപ്പുള്ളിയായി മാറി. ടെസ്റ്റ് പരമ്പരക്കുശേഷം നാട്ടിൽ തിരിച്ചെത്തിയ ഷമറിന് വിരോചിത വരവേൽപ്പും വിൻഡീസ് ബോർഡിൽ നിന്ന് സെൻട്രൽ കോൺട്രാക്ടും ലഭിച്ചതിന് തൊട്ടുപിന്നാലെ തേടിയെത്തിയത് കോടികളുടെ ഐപിഎൽ കരാർ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സായിരുന്നു മാർക്ക് വുഡിന് പകരം മൂന്ന് കോടി നൽകി ഷമറിനെ ടീമിലെത്തിച്ചത്.
അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തി എതിരാളികളെ അഭിനന്ദിക്കാൻ പിശുക്കു കാട്ടുന്ന ഓസ്‌ട്രേലിയൻ താരങ്ങളുടെ പോലും അഭിനന്ദനത്തിന് പാത്രമായെങ്കിലും ഷമറിന്റെ യഥാർത്ഥ മികവ് ക്രിക്കറ്റ് ലോകം കാണാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു. 32 വർഷമായി തകരാതെ കാത്ത ഗാബ കോട്ട 2019ൽ ഇന്ത്യ തകർത്തെങ്കിലും ഓസ്‌ട്രേലിയയുടെ ഉറച്ച വിജയവേദിയാണ് ഇന്നും ഗാബ. അവിടെ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ അനായാസ ജയം തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചതും.
ഡേ നൈറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 311 റൺസടിച്ചപ്പോൾ ആത്മവിശ്വാസം കുറച്ചു കൂടിപ്പോയ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമിൻസ് ആദ്യ ഇന്നിങ്‌സ് 289-9ൽ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്‌സിൽ 193 റൺസിന് പുറത്തായ വിൻഡീസ് ഓസീസിന് മുന്നിൽവെച്ചത് 216 റൺസ് വിജയലക്ഷ്യം.
ഓപ്പണറായി ഇറങ്ങിയ സ്റ്റീവ് സ്മിത്ത് പൊരുതി നിന്നെങ്കിലും മറുവശത്ത് ഷമറിന്റെ പന്തുകൾ അതിജീവിക്കാനാകാതെ ഓസീസ് ബാറ്റർമാർ ഓരോരുത്തരായി ക്രീസ് വിട്ടു. ഒടുവിൽ എട്ട് റൺസകലെ ഓസീസിന്റെ അവസാന ബാറ്ററായ ജോഷ് ഹേസൽവുഡിനെയും വീഴ്‌ത്തിയ ഷമർ ഏഴ് വിക്കറ്റുമായി വിൻഡീസിന്റെ അപൂർവ വിജയം ലോകകപ്പ് നേട്ടം പോലെ ആഘോഷിച്ചപ്പോൾ വിൻഡീസ് ഡ്രസ്സിങ് റൂമിലെത്തി ഷമറിന്റെ കൈയൊപ്പിട്ട ജേഴ്‌സി വാങ്ങാൻ ആദ്യമെത്തിയത് ഓസീസ് നായകൻ പാറ്റ് കമിൻസായിരുന്നു.
പൊരുതി നേടിയ ക്രിക്കറ്റ് ജീവിതം
ഗയാനയിലെ കഞ്ചെ നദിക്കരയിലുള്ള ബരാകര ഗ്രാമത്തിലാണ് ഷമർ ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം നാട്ടിലെ പ്രധാന ജോലിയായ തടപ്പിണി തന്നെ ഷമറും തെരഞ്ഞെടുത്തു. ഇതിനിടെ വിവാഹം കഴിഞ്ഞു. ഭാര്യ ഗർഭിണിയായി. ജോലിക്കിടെ മരം ദേഹത്തു വീഴാതെ തലനാരിഴക്ക് ജിവിതത്തിലേക്ക് തിരിച്ചുവരുന്നതും ഈ സമയത്താണ്. അതോടെ മരംവെട്ട് ജോലി മതിയാക്കി പുതിയ ജോലി തേടി നാടുവിട്ട ഷമർ ന്യൂ ആംസ്റ്റർഡാമിലേക്ക് പോയി. അവിടെ കെട്ടിട നിർമ്മാണ തൊഴിലാളിയായെങ്കിലും ഉയരത്തോടുള്ള പേടി കാരണം അത് അധികം തുടരാനായില്ല. പിന്നീട് സെക്യൂരിറ്റി ഗാർഡായി ജോലിനോക്കി. 12 മണിക്കൂർ തുടർച്ചയായുള്ള ജോലി ടെന്നീസ് ബോൾ ക്രിക്കറ്ററായിരുന്ന ഷമറിന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശം കുറച്ചില്ല. ടേപ്പ് ബോൾ ഗെയിമുകൾ കളിച്ചും പഴങ്ങൾ ഉപയോഗിച്ച് പന്തെറിഞ്ഞും ഷമർ പരിശീലനം തുടർന്നു.
വിൻഡീസ് പേസ് ഇതിഹാസമായ കർട്ട്‌ലി ആംബ്രോസ് നടത്തിയ ഒരു ഫാസ്റ്റ് ബൗളിങ് ക്ലിനിക്കിൽ പങ്കെടുത്തതാണ് ഷമറിന്റെ ജീവിതം മാറ്റിമറിച്ചത്. ഒരു ട്രയൽ ഗെയിമിൽ എട്ട് വിക്കറ്റ് വീഴ്‌ത്തിയതോടെ ഗയാന ടീമിലേക്ക് ഷമറിന് വിളിയെത്തി. ഫസ്റ്റ് ഡിവിഷൻ ലീഗിൽ അരങ്ങേറ്റത്തിൽ തന്നെ 13 റൺസിന് ആറ് വിക്കറ്റെടുത്ത് തിളങ്ങി. പിന്നീട് കരീബിയൻ പ്രീമിയർ ലീഗിലെ നെറ്റ് ബൗളർ എന്ന നിലയിലും ഷമർ ശ്രദ്ധേയനായി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഫസ്റ്റ് ക്ലാസ് സീസണിന് മുന്നോടിയായി ഗയാന നാല് പുതുമുഖങ്ങൾക്ക് അവസരം നൽകിയപ്പോൾ അതിലൊരാൾ ഷമറായിരുന്നു. ബാർബഡോസിനെതിരെയായിരുന്നു ഷമറിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം, പിന്നീട് സിപിഎല്ലിൽ പരിക്കേറ്റ കീമോ പോളിന് പകരക്കാരനായി ഗയാന ആമസോൺ വാരിയേഴ്സിനായി ഷമർ കളിച്ചു. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള വിൻഡീസ് ടീമിൽ ഏഴ് പുതുമുഖങ്ങൾക്ക് വിൻഡീസ് സെലക്ടർമാർ അവസരം കൊടുത്തപ്പോൾ ഷമറും ടീമിലെത്തി. പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിലൂടെ ഷമറിന്റെ ബൗളിങ് പ്രകടനം കാണാൻ ഇന്ത്യൻ ആരാധകർക്കും അവസരം ഒരുങ്ങുകയാണ്.