ബെനോനി: അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് 254 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസെടുത്തു. 64 പന്തുകളിൽ നിന്നും 55 റൺസ് നേടിയ ഹർജാസ് സിങാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി രാജ് ലിംബാനി മൂന്നും നമൻ തിവാരി രണ്ടും വിക്കറ്റ് വീഴ്‌ത്തി. ക്യാപ്റ്റൻ ഹ്യൂഗ് വെയ്‌ബെൻ (66 പന്തിൽ 48), ഹാരി ഡിക്‌സൻ (56 പന്തിൽ 42), ഒലിവർ പീക്ക് (43 പന്തിൽ 46) എന്നിവരും ഓസ്‌ട്രേലിയയ്ക്കായി തിളങ്ങി.

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഓസീസിന് തുടക്കം പിഴച്ചു. എട്ട് പന്ത് നേരിട്ട സാം കോൺസ്റ്റാസ് റൺസൊന്നുമെടുക്കാതെ മടങ്ങുമ്പോൾ ഓസീസ് സ്‌കോർ ബോർഡിൽ 16 റൺസെ ഉണ്ടായിരുന്നുള്ളു. എട്ടു പന്തുകൾ നേരിട്ട താരത്തെ പൂജ്യത്തിന് പേസർ രാജ് ലിംബാനി ബോൾഡാക്കുകയായിരുന്നു.

എന്നാൽ രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ഹ്യൂഗ് വെയ്ബ്ജെനും ഹാരി ഡിക്‌സണും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഓസീസിനെ കരകയറ്റി.വെയ്ബ്ജെനെ(48) മടക്കിയ നമൻ തിവാരിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ 100 എത്തും മുൻപേ ഓസീസ് ക്യാപ്റ്റനെ ഇന്ത്യ മടക്കി. പിന്നാലെ ഹാരി ഡിക്‌സണെയും(42) നമൻ തിവാരി മടക്കിയതോടെ ഓസ്‌ട്രേലിയ പ്രതിരോധത്തിലായി.

ഹ്യൂഗ് വെയ്‌ബെനെ നമൻ തിവാരി മുഷീർ ഖാന്റെ കൈകളിലെത്തിച്ചു. നമൻ തിവാരിയുടെ അടുത്ത ഓവറിൽ ഹാരി ഡിക്‌സനും അടിപതറി. മുരുകൻ അഭിഷേകിന്റെ തകർപ്പനൊരു ക്യാച്ചിലാണു താരം പുറത്തായത്. 23 ഓവറുകളിലാണ് ഓസ്‌ട്രേലിയ 100 പിന്നിട്ടത്. ഹർജാസ് സിങ് ഓസീസ് ഇന്നിങ്‌സിനെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും 35ാം ഓവറിൽ അവരുടെ നാലാം വിക്കറ്റ് വീണു. റയാൻ ഹിക്‌സിനെ രാജ് ലിംബാനി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.

അർധ സെഞ്ചറിയുമായി കുതിച്ച ഹർജാസ് സിങ് ഓസീസ് ഇന്നിങ്‌സിനു പ്രതീക്ഷ നൽകി, പക്ഷേ താരത്തിന്റെ പോരാട്ടം അധികം നീണ്ടില്ല. സൗമി പാണ്ഡെയുടെ പന്തിൽ എൽബിഡബ്ല്യു ആയി ഹർജാസ് മടങ്ങി. റാഫ് മക്മില്ലനെ മുഷീർ ഖാൻ സ്വന്തം പന്തിൽ തകർപ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കി. 42 ഓവറിൽ ഓസ്‌ട്രേലിയൻ സ്‌കോർ 200 പിന്നിട്ടു. തൊട്ടുപിന്നാലെ ആൻഡേഴ്‌സനെ വീഴ്‌ത്തി ലിംബാനി വിക്കറ്റ് നേട്ടം മൂന്നാക്കി. അവസാന ഓവറുകളിൽ സ്‌കോർ കണ്ടെത്തിയ ഒലിവർ പീക്ക് ഓസ്‌ട്രേലിയയെ 250 കടത്തി. ഇന്ത്യക്കായി രാജ് ലിംബാനി( 10 ഓവറിൽ 38 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ നമൻ തിവാരി 9 ഓവറിൽ 63 റൺസിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. സൗമി പാണ്ഡെ, മുഷീർ ഖാൻ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്‌ത്തി.