- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ കീഴടക്കി, അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയക്ക് നാലാം കിരീടം
ബനോനി: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയക്ക് നാലാം കിരീടം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഏകദിന ലോകകപ്പ് ഫൈനലുകൾക്ക് പിന്നാലെ അണ്ടർ 19 ലോകകപ്പ് ഫൈനലിലും ഇന്ത്യയുടെ കണ്ണീർ വീഴ്ത്തിയാണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. 79 റൺസിനായിരുന്നു യുവരക്തങ്ങൾ ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനലിൽ ഓസീസിന്റെ വിജയം. ഓസീസ് ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ 43.5 ഓവറിൽ 174 റൺസിന് ഓൾഔട്ടായി.
കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യയിൽ നടന്ന സീനിയർ താരങ്ങളുടെ ലോകകപ്പിൽ പരാജയമറിയാതെ ഫൈനലിലെത്തിയ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയതിന് സമാനമായിരുന്നു ഓസീസ് കൗമരാപ്പടയുടെയും കിരീട നേട്ടം. സ്കോർ ഓസ്ട്രേലിയ 50 ഓവറിൽ 253-7, ഇന്ത്യ 43.5 ഓവറിൽ 174ന് ഓൾ ഔട്ട്.
അണ്ടർ 19 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയലക്ഷ്യം ഓസ്ട്രേലിയ മുന്നോട്ടുവെച്ചപ്പോഴെ ഇന്ത്യ അപകടം മണത്തിരുന്നു. ഫൈനലുകളിൽ ഓസ്ട്രേലിയക്ക് മാത്രം സാധ്യമാവുന്ന മേധാവിത്വത്തോടെ ഓസീസ് ബൗളർമാർ പന്തെറിഞ്ഞപ്പോൾ തുടക്കത്തിലെ ഇന്ത്യ പ്രതിരോധത്തിലായി. ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷകളായ അർഷിൻ കുൽക്കർണി(4), മുഷീർ ഖാൻ(22), ക്യാപ്റ്റൻ ഉദയ് സഹാരൺ, സച്ചിൻ ദാസ്(9) എന്നിവർ സ്കോർ ബോർഡിൽ 68 റൺസെത്തിയപ്പോഴേക്കും ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തിതോടെ ഇന്ത്യ പ്രതിരോധത്തിലായി.
മൂന്നാം ഓവറിൽ അർഷിൻ കുൽക്കർണിയെ പുറത്താക്കി കാളം വൈൽഡ്ളർ ആണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. മൂന്നാമനായി എത്തിയ മുഷീർ ഖാൻ ആദർശ് സിംഗിനൊപ്പം പ്രതീക്ഷ നൽകിയെങ്കിലും സ്കോർ 40ൽ നിൽക്കെ ബേർഡ്മാന്റെ പന്തിൽ ബൗൾഡായി പുറത്തായി. 33 പന്തിൽ 22 റൺസാണ് മുഷീറിന്റെ നേട്ടം.
നാലാം നമ്പറിലിറങ്ങിയ ക്യാപ്റ്റൻ ഉദയ് സഹാരണിനെയും (9) ബേർഡ്മാൻ പുറത്താക്കി. ഇതോടെ പ്രതിരോധത്തിലായ ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷയായ സച്ചിൻ ദാസിനെ(8) റാഫ് മക്മില്ലൻ പുറത്താക്കി. 40-1ൽ നിന്ന് 68-4ലേക്ക് ഇന്ത്യ കൂപ്പുകുത്തി. ഒറ്റക്ക് പൊരുതി നോക്കിയ ഓപ്പണർ ആദർശ് സിംഗിനെ(47) ബേർഡ്മാൻ തന്നെ വീഴ്ത്തിയതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു.
എട്ടാമനായി ക്രീസിലെത്തി 43 പന്തിൽ 46 റൺസടിച്ച മുരുഗൻ അഭിഷേകിന്റെ പോരാട്ടത്തിന് ഇന്ത്യയുടെ തോൽവിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. അഭിഷേകിനെ കാളം വാൽഡ്ളർ പുറത്താക്കിയപ്പോൾ സൗമി പാണ്ഡെയയെ വീഴ്ത്തി സ്ട്രേക്കർ ഇന്ത്യൻ പോരാട്ടം അവസാനിപ്പിച്ചു. ഓസ്ട്രേലിയക്കു വേണ്ടി ബേർഡ്മാനും മക്മില്ലനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സെമിയിൽ പാക്കിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടോം സ്ട്രേക്കർക്ക് ഒരു വിക്കറ്റെടുത്തു.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് യുവനിര നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 253 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ ഇന്ത്യൻ വംശജൻ ഹർജാസ് സിങ്ങിന്റെയും ഹാരി ഡിക്സൺ, ക്യാപ്റ്റൻ ഹ്യൂഗ് വെയ്ബ്ജെൻ, ഒളിവർ പീക്ക് എന്നിവരുടെയും ഇന്നിങ്സുകളാണ് കലാശപ്പോരിൽ ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. മൂന്നാം ഓവറിൽ തന്നെ സാം കോൺസ്റ്റാസ് (0) മടങ്ങി. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഡിക്സൺ - വെയ്ബ്ജെൻ സഖ്യം 78 റൺസ് ചേർത്ത് ഇന്നിങ്സ് ട്രാക്കിലാക്കി. എന്നാൽ 21-ാം ഓവറിൽ വെയ്ബ്ജെനെയും (48), 23ാം ഓവറിൽ ഡിക്സണെയും (42) പുറത്താക്കി നമൻ തിവാരി ഓസീസിനെ ഞെട്ടിച്ചു. എന്നാൽ നാലാം വിക്കറ്റിൽ റയാൻ ഹിക്സിനെ കൂട്ടുപിടിച്ച് ഹർജാസ് സിങ് ഇന്നിങ്സ് മൂന്നോട്ടുനയിച്ചു. 66 റൺസ് ചേർത്ത ഈ കൂട്ടുകെട്ട് പൊളിച്ചത് രാജ് ലിംബാനിയായിരുന്നു. 20 റൺസുമായി ഹിക്സ് പുറത്ത്. തുടർന്ന് അർധ സെഞ്ചുറി പിന്നിട്ടതിനു പിന്നാലെ ഹർജാസിനെ സൗമി പാണ്ഡെ വിക്കറ്റിന് മുന്നിൽ കുടുക്കി. 64 പന്തിൽ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 55 റൺസെടുത്ത ഹർജാസാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ.
പിന്നാലെ റാഫ് മക്മില്ലനെയും (2), ചാർളി ആൻഡേഴ്സണെയും (13) മടക്കി ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തിയെങ്കിലും അവസാന ഓവറുകളിൽ ഒളിവർ പീക്ക് പുറത്തെടുത്ത പ്രകടനമാണ് ഓസീസ് സ്കോർ 250 കടത്തിയത്. 43 പന്തിൽ നിന്ന് 46 റൺസുമായി പീക്ക് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രാജ് ലംബാനി മൂന്നും നമൻ തിവാരി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ഓസ്ട്രേലിയയുടെ നാലാം (1988, 2002, 2010) അണ്ടർ 19 ലോകകപ്പ് കിരീടമാണിത്. ഒമ്പതു തവണ ഫൈനൽ കളിച്ച ഇന്ത്യ ഇത് നാലാം തവണയാണ് തോറ്റുമടങ്ങുന്നത്. 2023-ലെ ഏകദിന ലോകകപ്പിൽ ഫൈനൽവരെ ഇന്ത്യ അപരാജിതരായാണ് മുന്നേറിയത്. ഫൈനലിൽ ഓസീസിനു മുന്നിൽ വീണു. സീനിയേഴ്സിനു സമാനമായി ജൂനിയേഴ്സും ടൂർണമെന്റിൽ അപരാജിതരായി മുന്നേറി ഒടുക്കം ഫൈനലിൽ ഓസീസിനു മുന്നിൽ കളിമറന്നു. 254 റൺസ് ലക്ഷ്യത്തിലേക്ക് ഒന്ന് പൊരുതി നോക്കുക പോലും ചെയ്യാതെയായിരുന്നു ഇന്ത്യയുടെ കീഴടങ്ങൽ.