- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ പൊരുതിവീണു, രഞ്ജിയിൽ കേരളത്തിന് സീസണിലെ ആദ്യ ജയം
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കരുത്തരായ ബംഗാളിനെ കീഴടക്കി സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. 109 റൺസിന്റെ വിജയമാണ് സഞ്ജു സാംസൺ നയിക്കുന്ന കേരളം തിരുവനന്തപുരത്തു നടന്ന പോരാട്ടത്തിൽ നേടിയത്. 449 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗാൾ രണ്ടാം ഇന്നിങ്‌സിൽ 339 റൺസിന് ഓൾഔട്ടായി. 100 പന്തിൽ 80 റൺസെടുത്തു പുറത്തായ ഷഹബാസാണ് ബംഗാളിന്റെ ടോപ് സ്‌കോറർ. അഭിമന്യു ഈശ്വരൻ ബംഗാളിനായി അർധ സെഞ്ചറി (119 പന്തിൽ 65) നേടി.
449 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗാൾ അവസാന ദിനം അവസാന സെഷനിൽ 339 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഏഴാമനായി ഇറങ്ങി 80 റൺസടിച്ച ഷഹബാസ് അഹമ്മദിന്റെയും എട്ടാമനായി ഇറങ്ങി 40 റൺസടിച്ച കരൺ ലാലിന്റെ പോരാട്ടം അവസാന സെഷനിൽ കേരളത്തിന്റെ ചങ്കിടിപ്പ് കൂട്ടിയെങ്കിലും ഷഹബാസിനെ ബേസിൽ തമ്പിയും കരൺ ലാലിനെ എൻ പി ബേസിലും പുറത്താക്കിയതോടെ ബംഗാളിന്റെ പോരാട്ടം അവസാനിച്ചു. സ്‌കോർ കേരളം 363, 265-6, ബംഗാൾ, 180, 339.
കരൺ ലാൽ (78 പന്തിൽ 40), സുദീപ് കുമാർ ഗരാമി (50 പന്തിൽ 31), മനോജ് തിവാരി (69 പന്തിൽ 35) എന്നിവരാണ് രണ്ടാം ഇന്നിങ്‌സിൽ ബംഗാളിന്റെ മറ്റു പ്രധാന സ്‌കോറർമാർ. ആദ്യ ഇന്നിങ്‌സിൽ ഒൻപതു വിക്കറ്റുകൾ വീഴ്‌ത്തിയ ജലജ് സക്‌സേന രണ്ടാം ഇന്നിങ്‌സിൽ കേരളത്തിനായി നാലു വിക്കറ്റുകൾ പിഴുതു. ശ്രേയസ് ഗോപാലും ബേസിൽ തമ്പിയും കേരളത്തിനായി രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 78 റൺസെന്ന സ്‌കോറിൽ അവസാന ദിനം ക്രീസിലെത്തി ബംഗാളിനായി അർധസെഞ്ചുറി നേടിയ അഭിമന്യു ഈശ്വരൻ ഭീഷണി ഉയർത്തിയെങ്കിലും ജലജ് സക്‌സേന ഒരിക്കൽ കൂടി കേരളത്തിന്റെ രക്ഷകനായി. അനുസ്തൂപ് മജൂംദാറെയും ജലജ് തന്നെ മടക്കി. അഭിഷേക് പോറലിനെ വീഴ്‌ത്തിയ ശ്രേയസ് ഗോപാൽ ബംഗാളിന്റെ തകർച്ച വേഗത്തിലാക്കി. ക്യാപ്റ്റൻ മനോജ് തിവാരിയും ഷഹബാസ് അഹമ്മദും ചേർന്ന് കൂട്ത്തകർച്ച ഒഴിവാക്കിയെങ്കിലും മനോജ് തിവാരിയെ(35)യും ജലജ് തന്നെ വീഴ്‌ത്തി.
പിന്നീടാണ് കരൺ ലാലും ഷഹബാസ് അഹമ്മദും ചേർന്ന് കേരളത്തിന് ആശങ്കയുണ്ടാക്കിയ കൂട്ടുകെട്ട് ഉണ്ടാക്കിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 83 റൺസടിച്ചു. ഷഹബാസിനെ മടക്കിയ ബേസിൽ തമ്പിയാണ് കൂട്ടുകെട്ട് പൊളിച്ചത്. ആദ്യ ഇന്നിങ്‌സിൽ ഒമ്പത് വിക്കറ്റ് വീഴ്‌ത്തി ബംഗാളിനെ കറക്കിയിട്ട ജലജ് സക്‌സേന തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും ബംഗാളിനെ വട്ടം കറക്കിയത്.104റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ജലജ മത്സരത്തിലാകെ 13 വിക്കറ്റുകളാണ് പിഴുതത്. ക്വാർട്ടർ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച കേരളത്തിന് സീസണിൽ ഇതുവരെ ആറ് കളികളിൽ ഒരു ജയവും ഒരു തോൽവിയും നാല് സമനിലയും അടക്കം 14 പോയന്റാണുള്ളത്. ആറ് മത്സരങ്ങളിൽ 30 പോയന്റുള്ള മുംബൈ ആണ് എലൈറ്റ് ഗ്രൂപ്പ് ബിയിൽ ഒന്നാമത്.