ന്യൂഡൽഹി: രാജ്‌കോട്ട് ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ രണ്ട് പേസർമാരെ ടീമിൽ ഉൾപ്പെടുത്തി ഇംഗ്ലണ്ട്. രണ്ടാം ടെസ്റ്റ് കളിച്ച ടീമിൽ ഒരു നിർണായക മാറ്റവുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങുന്നത്. പേസർ മാർക്ക് വുഡ് ടീമിൽ മടങ്ങിയെത്തിയപ്പോൾ യുവ സ്പിന്നർ ശുഐബ് ബഷീർ ടീമിന് പുറത്തായി. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ വുഡ് കളിച്ചിരുന്നു. അന്ന് ഒരു വിക്കറ്റ് പോലും താരത്തിന് നേടാനായില്ല.

പ്ലെയിങ് ഇലവനെ പതിവുപോലെ മത്സരത്തിന് ഒരുദിവസം മുമ്പേ തന്നെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എസ്.സി.എ) സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ ആദ്യമായാണ് ഇംഗ്ലണ്ട് പ്ലെയിങ് ഇലവനിൽ രണ്ട് പേസർമാരെ കളിപ്പിക്കുന്നത്. വെറ്ററൻ താരം ജെയിംസ് ആൻഡേഴ്‌സണാണ് ടീമിലെ മറ്റൊരു പേസർ.

അതേ സമയം ഇന്ത്യൻ നിരയിൽ മധ്യനിര ബാറ്റർ സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലും അരങ്ങേറിയേക്കും. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും പേസർ മുഹമ്മദ് സിറാജും ടീമിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.

മൂന്നാം ടെസ്റ്റിൽ നിന്ന് ടീമിനൊപ്പം ചേരുമെന്ന് കരുതിയിരുന്ന വിരാട് കോലിക്ക് പരമ്പരയിൽ നിന്നുതന്നെ അവധിയെടുത്തു. കെ എൽ രാഹുലിനാവട്ടെ ഫിറ്റ്നെസ് വീണ്ടെടുക്കാനായതുമില്ല. മുഹമ്മദ് ഷമിയും മൂന്നാം ടെസ്റ്റിൽ തിരിച്ചെത്തുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ പരിക്ക് പൂർണമായും മാറത്തതിനെ തുടർന്ന് ഷമിയേയും തിരിച്ചുവിളിച്ചില്ല.

ജസ്പ്രിത് ബുമ്ര ഇന്ത്യൻ ടീമിനൊപ്പം ചേർന്നില്ലെന്നുള്ളതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വാർത്ത. എന്നാൽ അദ്ദേഹം തിരിച്ചെത്തുമെന്നും ആശങ്കപ്പെടാനില്ലെന്നും ടീം മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു.

രാഹുലും കോലിയും പുറത്തിരിക്കെ മൂന്നാം ടെസ്റ്റിൽ ആരൊക്കെ കളിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഓപ്പണർമാരായി രോഹിത് ശർമ - യഷസ്വി ജയ്സ്വാൾ സഖ്യം തുടരും. മൂന്നാമതായി ശുഭ്മാൻ ഗിൽ. കോലിയുടെ അഭാവത്തിൽ രജത് പടീദാർ നാലാം നമ്പർ ഉറപ്പാണ്. അരങ്ങേറ്റ ടെസ്റ്റിൽ കസറാൻ കഴിഞ്ഞില്ലെങ്കിലും സെലക്റ്റർമാർ ഒരിക്കൽകൂടി വിശ്വാസമർപ്പിക്കും. അഞ്ചമനായി സർഫറാസ് ഖാൻ എത്തിയേക്കും.

രാഹുലിന്റെ പരിക്ക് ഭേദമാകാത്തത് 26 വയസുകാരനായ സർഫറാസിന് ഗുണം ചെയ്യും. കഴിഞ്ഞ മൂന്ന് ആഭ്യന്തര സീസണുകളിൽ നൂറിലേറെ ശരാശരിയുള്ള സർഫറാസിനെ ടെസ്റ്റ് ടീമിലെടുക്കണം എന്ന ആവശ്യം നാളുകളായി ശക്തമാണ്. ധ്രുവ് ജുറെലും അരങ്ങേറുമെന്നാണ് റിപ്പോർട്ട്. ഇതുവരെ ബാറ്റ് കൊണ്ട് മികവിലേക്ക് എത്താനാവാത്ത കെ എസ് ഭരതിന് പകരമാണ് 23 വയസുകാരനായ ധ്രുവ് രാജ്കോട്ട് ടെസ്റ്റിൽ ഗ്ലൗ അണിയുക. ഭരതിനെ ടെസ്റ്റ് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ശക്തമായിരുന്നെങ്കിലും സ്‌ക്വാഡിൽ നിലനിർത്തിയിട്ടുണ്ട്.

രവീന്ദ്ര ജഡേജ തിരിച്ചെത്തുന്നതോടെ അക്സർ പട്ടേലിന് സ്ഥാനം നഷ്ടമായേക്കും. അർ അശ്വിനൊപ്പം കുൽദീപ് യാദവിന് ഒരവസരം കൂടി നൽകിയേക്കും. ബുമ്രയ്ക്കൊപ്പം മുഹമ്മദ് സിറാജും പേസ് എറിയാനെത്തും.

അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓരോ ടെസ്റ്റ് വീതം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ 106 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. നായകൻ ബെൻ സ്റ്റോക്‌സ് നൂറാം ടെസ്റ്റ് മത്സരം കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് രാജ്‌കോട്ട് ടെസ്റ്റിന്. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്‌സിൽ ലീഡ് വഴങ്ങിയിട്ടും ഇംഗ്ലണ്ട് 28 റൺസിന് മത്സരം സ്വന്തമാക്കുകയായിരുന്നു.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ: ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട്, ഒലീ പോപ്, ജോണി ബെയർ‌സ്റ്റോ, ബെൻ ഫോക്‌സ്, റെഹാൻ അഹ്‌മദ്, ടോം ഹാർട്‌ലി, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്‌സൺ.

ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ, യഷസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, ആർ അശ്വിൻ, ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.