മുംബൈ: രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനായുള്ള മത്സരങ്ങൾ കളിക്കാതെ ഐപിഎലിനായി പരിശീലനം തുടരുന്ന ഇഷാൻ കിഷന് അന്ത്യശാസനം നൽകി ബിസിസിഐ. ജംഷഡ്പുരിൽ രാജസ്ഥാനെതിരെ പതിനാറിനു തുടങ്ങുന്ന രഞ്ജി മത്സരത്തിൽ ഝാർഖണ്ഡിനായി കളിച്ചില്ലെങ്കിൽ ഐപിഎലിൽ പങ്കെടുപ്പിക്കില്ലെന്നാണ് ഇഷാൻ കിഷനു ക്രിക്കറ്റ് ഭരണസമിതി നൽകിയിരിക്കുന്ന സന്ദേശം.

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ പങ്കെടുക്കാൻ ബിസിസിഐയുടെ പുതിയ നിബന്ധനയാണ് താരങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത്. രഞ്ജി ട്രോഫി മത്സരം കളിച്ചവർ മാത്രം ഐപിഎഎൽ ലേലത്തിൽ പങ്കെടുത്താൽ മതിയെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനടക്കം രഞ്ജി ട്രോഫിയിൽനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ നിർണായക തീരുമാനം.

ഇന്ത്യൻ ടീമിൽ നിന്ന് അവധിയെടുത്ത കിഷൻ ഒരു രഞ്ജി മത്സരം പോലും കളിക്കാതെ ഐപിഎല്ലിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ പാതിവഴിയിൽ വച്ച് നാട്ടിലേക്കു മടങ്ങിയ ഇഷാൻ പിന്നീട് വിനോദയാത്രയിലും മറ്റുമായിരുന്നു. രഞ്ജി ഗ്രൂപ്പിൽ ജാർഖണ്ഡ് തകർന്നടിഞ്ഞ നേരത്ത് ബറോഡയിൽ മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം ഐപിഎൽ തയ്യാറെടുപ്പുകളിലായിരുന്നു ഇരുപത്തഞ്ചുകാരൻ ഇഷാൻ.

ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തുന്നതിനു മുന്നോടിയായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടിട്ടും ഇഷാൻ അനുസരിക്കാൻ തയാറായില്ല.

ഇതു പരക്കെ വിമർശനമുയർത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തവർക്ക് ഐപിഎലിൽ അവസരം നൽകില്ലെന്ന നിലപാടുമായി ബിസിസിഐ രംഗത്തെത്തിയത്. ഐപിഎല്ലിനു മുകളിൽ ആഭ്യന്തര ക്രിക്കറ്റിനു പ്രാധാന്യം നൽകണമെന്ന് ബിസിസിഐ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ഝാർഖണ്ഡിനായുള്ള രഞ്ജി ട്രോഫിയിൽ ഇഷാൻ പങ്കെടുത്തില്ല. ഇഷാൻ സന്നദ്ധത അറിയിച്ചാൽ ടീമിൽ ഉൾപ്പെടുത്തുമെന്ന് ജാർഖണ്ഡ് ക്രിക്കറ്റ് സംഘടന സന്നദ്ധത അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഹർദിക് പാണ്ഡ്യക്കൊപ്പം ഇഷാൻ കിഷൻ പരിശീലനം നടത്തുന്നതായി റിപ്പോർട്ടുകൾ വന്നു. ഈ മാസം 16-ന് നടക്കുന്ന ഝാർഖണ്ഡിന്റെ ഗ്രൂപ്പ് ഘട്ട അവസാന രഞ്ജി മത്സരത്തിൽ പങ്കെടുക്കാൻ ഇഷാന് നിർദ്ദേശം നൽകിയിരിക്കുകയാണിപ്പോൾ ബി.സി.സിഐ.

ഇഷാൻ കിഷന് സമാനമായി ഐപിഎൽ മാത്രം കളിക്കുന്ന രീതിയാണ് ഇപ്പോൾ പല താരങ്ങളും സ്വീകരിക്കുന്നത്. ഇനിയത് നടക്കില്ലെന്നാണ് ബിസിസിഐ പറയുന്നത്. ബിസിസിഐ വൃത്തങ്ങൾ പറയുന്നതിങ്ങനെ... ''ഇന്ത്യൻ ജേഴ്സിയിൽ നിറംമങ്ങിയാൽ ടി20 ടൂർണമെന്റായ മുഷ്താഖ് അലി ട്രോഫി കളിക്കുന്നവരുണ്ട്. അവരിൽ പലരും മികച്ച പ്രകടനം പുറത്തെടുക്കാറുമുണ്ട്. എന്നാൽ അവർ രഞ്ജിയിൽ കളിക്കില്ല. ഇത് സമ്മതിക്കാനാവില്ല. അവർ മൂന്നോ നാലോ രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കട്ടെ. അതു ചെയ്യാത്തവരെ ഐപിഎൽ ലേലത്തിൽ പങ്കെടുപ്പിക്കില്ല.'' ബിസിസിഐ വ്യക്തമാക്കി.

ഐ.പി.എൽ. കളിക്കണമെങ്കിൽ ഇനിമുതൽ കുറഞ്ഞത് മൂന്നോ നാലോ രഞ്ജി ട്രോഫി മത്സരങ്ങളെങ്കിലും കളിച്ചിരിക്കണമെന്നാണ് പുതിയ നിബന്ധന. രഞ്ജി ട്രോഫി കളിക്കാതെ ഐ.പി.എൽ. മാത്രം കളിക്കുന്ന പ്രവണത പല താരങ്ങളും പുലർത്തിവരുന്നുണ്ട്. ഇത് തടയിടുക കൂടിയാണ് ബി.സി.സിഐ.യുടെ ലക്ഷ്യം. ദേശീയ ടീമിൽ നിറംമങ്ങി പുറത്തായാൽ, മുഷ്താഖ് അലി ട്രോഫിയിൽ മികച്ച കളി കളിക്കുന്നവരുണ്ട്.

അവർ റെഡ്ബോൾ ക്രിക്കറ്റ് കളിക്കില്ല. ഈ പ്രവണത മറികടക്കാൻ മൂന്നോ നാലോ രഞ്ജി ട്രോഫിയിൽ കളിക്കണമെന്ന നിബന്ധന കൊണ്ടുവരികയാണ്. അതിൽ പങ്കെടുക്കാത്ത പക്ഷം, അവർക്ക് ഐ.പി.എലിൽ കളിക്കാനോ ലേലത്തിൽ ഉൾപ്പെടാനോ പോലും പറ്റില്ലെന്നും ബി.സി.സിഐ. വൃത്തങ്ങൾ അറിയിച്ചു.