- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകർപ്പൻ സെഞ്ചുറിയോടെ രോഹിത്; രാജ്ക്കോട്ട് ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നായകൻ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ടെസ്റ്റ് കരിയറിലെ പതിനൊന്നാം സെഞ്ചുറിയാണ് രോഹിത് പൂർത്തിയാക്കിയത്. 196 പന്തിൽ പതിനാല് ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 131 റൺസ് എടുത്ത് രോഹിത് പുറത്തായി. 33 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് രോഹിത് നടത്തിയ പോരാട്ടമാണ് കരകയറ്റിയത്. ഇന്ത്യ നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് എന്ന നിലയിലാണ്. രവീന്ദ്ര ജഡേജയും സർഫ്രാസ് ഖാനുമാണ് ക്രീസിൽ. മാർക്ക് വുഡ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓരോ വിജയങ്ങൾ വീതം സ്വന്തമാക്കിയിരുന്നു.
ഒരു ഘട്ടത്തിൽ മൂന്നിന് 33 എന്ന നിലയിലായിരുന്നു ആതിഥേയർ. നാലാം ഓവറിൽ തന്നെ ഇന്ത്യക്ക് യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായി. 10 റൺസെടുത്ത താരത്തെ വുഡ് സ്ലിപ്പിൽ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി ഫോമിലെത്തിയെന്ന് തെളിയിച്ച ശുഭ്മാൻ ഗില്ലിന്റെ ഊഴമായിരുന്നു അടുത്തത്. സ്കോർ ബോർഡിർ രണ്ട് റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും ഗിൽ (0) മടങ്ങി. മാർക്ക് വുഡിന്റെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തിൽ ബാറ്റ് വെച്ച ഗിൽ വിക്കറ്റിന് പിന്നിൽ ഫോക്സിന്റെ കൈകളിലൊതുങ്ങി.
തുടക്കത്തിലെ രണ്ട് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ഇന്ത്യക്ക് മൂന്നാം പ്രഹരമേൽപ്പിച്ചത് സ്പിന്നർ ടോം ഹാർട്ലിയാണ്. രജത് പടിദാറിനെ (5) കവറിൽ ബെൻ ഡക്കറ്റിന്റെ കൈകളിലെത്തിച്ചാണ് ഹാർട്ലി തുടക്കത്തിലെ ഞെട്ടിച്ചത്. അസാധാരമായി കുത്തി ഉയർന്ന പന്തിൽ ബാറ്റ് വെച്ച പാടീദാർ കവറിൽ പിടികൊടുക്കുകയായിരുന്നു. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന രോഹിത് - ജഡേജ സഖ്യം 234 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി.
കൂട്ടത്തകർച്ചയിലേക്ക് വീണ ടീമിനെ സെഞ്ചുറിയുമായി കരകയറ്റിയ ക്യാപ്റ്റൻ രോഹിത് ശർമ മറ്റൊരു ഇന്ത്യൻ നായകനുമില്ലാത്ത റെക്കോർഡ് സ്വന്തമാക്കി. രാജ്കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടി ഇന്ത്യൻ നായകനെന്ന റെക്കോർഡാണ് 36കാരനായ രോഹിത് സ്വന്തമാക്കിയത്.
രണ്ട് തവണ പന്ത് അതിർത്തതിക്ക് മുകളിലൂടെ പറത്തിയ രോഹിത് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ ബാറ്റർമാരിൽ എം എസ് ധോണിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 57 ടെസ്റ്റുകളിൽ 79 സിക്സുകൾ അടിച്ച രോഹിത് 90 ടെസ്റ്റിൽ 78 സിക്സുകൾ പറത്തിയ എം എസ് ധോണിയെ ആണ് ഇന്ന് പിന്നിലാക്കിയത്.
103 ടെസ്റ്റുകളിൽ 90 സിക്സുകൾ പറത്തിയിട്ടുള്ള വീരേന്ദർ സെവാഗ് മാത്രമാണ് ഇനി രോഹിത്തിന് മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു.
ആദ്യ രണ്ട് ടെസ്റ്റുകളിലും ഫോമിലാവാൻ കഴിയാതിരുന്നതോടെ രോഹിത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ രാജ്കോട്ടിൽ യുവ ബാറ്റിങ് നിരയുമായി ഇറങ്ങിയ ഇന്ത്യ തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടമായി സമ്മർദ്ദത്തിലായപ്പോഴാണ് ക്യാപ്റ്റന്റെ ഇന്നിങ്സുമായി രോഹിത് രക്ഷകനായത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇരു ടീമുകളും ഓരോന്ന് വീതം ജയിച്ച് തുല്യതയിലാണ്.
നേരത്തെ സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിനും ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നൽകിയപ്പോൾ അക്സർ പട്ടേലിന് പകരം പേസർ മുഹമ്മദ് സിറാജും പ്ലേയിങ് ഇലവനിലെത്തി. മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. രണ്ട് പേസർമാരും രവീന്ദ്ര ജഡേജയടക്കം മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്.