- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച് രോഹിത്; പിന്നാലെ ജഡേജക്കും സെഞ്ചുറി; അരങ്ങറ്റത്തിൽ അതിവേഗ അർധ സെഞ്ചുറിയുമായി സർഫറാസും; രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ
രാജ്കോട്ട്: നായകൻ രോഹിത് ശർമയുടെയും രവീന്ദ്ര ജഡേജയുടെയും തകർപ്പൻ സെഞ്ചുറികളുടെയും യുവതാരം സർഫറാസ് ഖാന്റെ മിന്നുന്ന അർധ സെഞ്ചുറിയുടെയും മികവിൽ ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയിൽ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ്. 110 റൺസുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി നൈറ്റ് വാച്ച്മാൻ കുൽദീപ് യാദവും ക്രീസിൽ.
മൂന്ന് വിക്കറ്റിന് 33 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടിലൂടെ കരകയറ്റിയ രോഹിത് ശർമ-രവീന്ദ്ര ജഡേജ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ആദ്യ ദിനം ഇന്ത്യക്ക് കരുത്തായത്. രോഹിത് 131 റൺസെടുത്ത് പുറത്തായപ്പോൾ അരങ്ങേറ്റ ടെസ്റ്റ് കളിച്ച സർഫറാസ് ഖാൻ 66 പന്തിൽ 61 റൺസെടുത്ത് റണ്ണൗട്ടായി. യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പാടീദാർ എന്നിവരുടെ വിക്കറ്റുകളും ആദ്യ ദിനം ഇന്ത്യക്ക് നഷ്ടമായി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം ഒട്ടും സുഖകരമായിരുന്നില്ല. നാലാം ഓവറിൽ തന്നെ മാർക്ക് വുഡിന്റെ പന്തിൽ ജോ റൂട്ടിന് ക്യാച്ച് നൽകി കഴിഞ്ഞ ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയ യശസ്വി ജയ്സ്വാൾ (10) മടങ്ങി. പിന്നാലെ അക്കൗണ്ട് തുറക്കും മുമ്പ് ശുഭ്മാൻ ഗില്ലിനെയും വുഡ് പുറത്താക്കി. അഞ്ച് റൺസെടുത്ത രജത് പാട്ടിദറും പുറത്തായതോടെ ഇന്ത്യ മൂന്നിന് 33 റൺസെന്ന നിലയിൽ തകർച്ച മുന്നിൽകണ്ടു.
എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച രോഹിത് ശർമ - ജഡേജ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 204 റൺസ് ചേർത്ത ഈ കൂട്ടുകെട്ടാണ് ഒന്നാം ദിനം ഇന്ത്യയെ കാത്തത്. സെഞ്ചുറി നേടിയ രോഹിത് 196 പന്തിൽ നിന്ന് മൂന്ന് സിക്സും 14 ഫോറുമടക്കം 131 റൺസെടുത്തു. രോഹിത്തിനെ മടക്കി വുഡ് തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ രോഹിത്തിനു പിന്നാലെ ക്രീസിലെത്തിയ അരങ്ങേറ്റക്കാരൻ സർഫറാസ് ഖാൻ ഇംഗ്ലീഷ് ബൗളിങ്ങിനെ കടന്നാക്രമിച്ച സ്കോർ ഉയർത്തി. 66 പന്തിൽ നിന്ന് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 62 റൺസെടുത്ത സർഫറാസ്, ജഡേജയുമായുള്ള ധാരണപ്പിശകിനെ തുടർന്ന് റണ്ണൗട്ടാകുകയായിരുന്നു.
I know Ravindra jadega played a very crucial innings and built a important partnership with Rohit Sharma.
- Arpita Singhal (@arpita_singhal1) February 15, 2024
But he should have sacrificed his wicket for the youngster Sarfaraz Khan as it was his call for a run!#SarfarazKhan #selfish #INDvsENG #rohit pic.twitter.com/F55WwQrcPY
ടോസിലെ ഭാഗ്യവുമായി ക്രീസിലെത്തിയ ഇന്ത്യക്ക് യശസ്വി ജയ്സ്വാളും രോഹിത് ശർമയും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 22 റൺസടിച്ചെങ്കിലും നാലാം ഓവറിൽ 10 പന്തിൽ 10 റൺസെടുത്ത യശസ്വിയെ സ്ലിപ്പിൽ ജോ റൂട്ടിന്റെ കൈകളിലെത്തിച്ച് മാർക്ക് വുഡ് ഞെട്ടിച്ചു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി ഫോമിലെത്തിയെന്ന് തെളിയിച്ച ശുഭ്മാൻ ഗില്ലിന്റെ ഊഴമായിരുന്നു അടുത്തത്. സ്കോർ ബോർഡിൽ രണ്ട് റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും ഒമ്പത് നേരിട്ടെങ്കിലും റൺസൊന്നുമെടുക്കാതെ ഗിൽ മടങ്ങി. മാർക്ക് വുഡിന്റെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തിൽ ബാറ്റ് വെച്ച ഗിൽ വിക്കറ്റിന് പിന്നിൽ ഫോക്സിന്റെ കൈകളിലൊതുങ്ങി.
തുടക്കത്തിലെ രണ്ട് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ഇന്ത്യക്ക് മൂന്നാം പ്രഹരമേൽപ്പിച്ചത് സ്പിന്നർ ടോം ഹാർട്ലിയാണ്. രജത് പാടീദാറിനെ കവറിൽ ബെൻ ഡക്കറ്റിന്റെ കൈകളിലെത്തിച്ചാണ് ഹാർട്ലി തുടക്കത്തിലെ ഞെട്ടിച്ചത്. അസാധാരമായി കുത്തി ഉയർന്ന പന്തിൽ ബാറ്റ് വെച്ച പാടീദാർ കവറിൽ പിടികൊടുക്കുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ഇന്ത്യയെ രോഹിത്തും ജഡേജയും ചേർന്ന് കരകയറ്റി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹിത് സ്പിന്നർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ആക്രമിച്ചു. ഇതിനിടെ ടോം ഹാർട്ലിയുടെ പന്തിൽ രോഹിത് സ്ലിപ്പിൽ നൽകിയ പ്രയാസമേറിയ ക്യാച്ച് ജോ റൂട്ട് കൈവിട്ടു. ഇന്ത്യൻ സ്കോർ 50ൽ നിൽക്കെയായിരുന്നു ഇത്. പിന്നാലെ ആൻഡേഴ്സന്റെ പന്തിൽ രോഹിത് വിക്കറ്റിന് മുന്നിൽ കുടുങ്ങിയെന്ന് അമ്പയർ വിധിച്ചെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. പിന്നീട് ബൗളർമാർക്ക് അവസരമൊന്നും നൽകാതെ ഇരുവരും ഇന്ത്യയെ മുന്നോട്ട് നയിച്ചു. 71 പന്തിൽ അർധസെഞ്ചുറി തികച്ച രോഹിത് 157 പന്തിൽ സെഞ്ചുറിയിലെത്തി. ആദ്യ ദിനം രണ്ടാം സെഷനിൽ വിക്കറ്റ് വീഴ്ത്താനാവാതെ ഇംഗ്ലണ്ട് വിയർത്തു.
ചായക്ക് ശേഷം സെഞ്ചുറി തികച്ച രോഹിത് ഒടുവിൽ മാർക്ക് വുഡിന്റെ ഷോർട്ട് ബോൾ തന്ത്രത്തിൽ പുറത്തായി. പിന്നീടെത്തിയ സർഫറാസ് ഖാൻ അരങ്ങേറ്റക്കാരന്റെ പതർച്ചയില്ലാതെ അടിച്ചു തകർത്തതോടെ ഇന്ത്യ സുരക്ഷിത സ്കോറിലേക്ക് നീങ്ങി. ഇന്ത്യക്കായി അരങ്ങേറ്റ താരം നേടുന്ന അതിവേഗ ഫിഫ്റ്റി(48) പന്തിൽ സ്വന്തമാക്കിയ സർഫറാസ് ആദ്യ ദിനം കളി അസാനിക്കുന്നതിന് തൊട്ടു മുമ്പ് റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. 62റൺസെടുത്ത് സർഫറാസ് പുറത്തായശേഷം 198 പന്തിൽ സെഞ്ചുറിയിലെത്തിയ ജഡേജ കൂടുതൽ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 326ൽ എത്തിച്ചു.
നേരത്തെ സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിനും ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നൽകിയപ്പോൾ അക്സർ പട്ടേലിന് പകരം പേസർ മുഹമ്മദ് സിറാജും പ്ലേയിങ് ഇലവനിലെത്തി. മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. രണ്ട് പേസർമാരും രവീന്ദ്ര ജഡേജയടക്കം മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്.
സ്പോർട്സ് ഡെസ്ക്