- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജി ട്രോഫി ഫൈനൽ റൗണ്ടിലും ഝാർഖണ്ഡിനായി ഇറങ്ങിയില്ല; ഡിവൈ പാട്ടീൽ ട്വന്റി20 ടൂർണമെന്റ് കളിക്കാമെന്ന് ഇഷൻ കിഷൻ; ആഭ്യന്തര മത്സരങ്ങൾ നഷ്ടപ്പെടുത്തിയാൽ കടുത്ത നടപടി; മുന്നറിയിപ്പുമായി ജയ് ഷാ
ജംഷഡ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപ് രഞ്ജി ട്രോഫി മത്സരം കളിക്കാനുള്ള ബിസിസിഐയുടെ നിർദ്ദേശം തള്ളിയ ഇഷൻ കിഷനെതിരെ ശക്തമായ മുന്നറിയിപ്പുമായി ബിസിസിഐ. രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര മത്സരങ്ങൾ നഷ്ടപ്പെടുത്തിയാൽ കടുത്ത നടപടികൾ നേരിടേണ്ടിവരും എന്ന് ചൂണ്ടിക്കാണിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ ദേശീയ കരാറിലുള്ള താരങ്ങൾക്കും എ ടീം താരങ്ങൾക്കും കത്തെഴുതി. നേരത്തെ ഇക്കാര്യം പറഞ്ഞ് വാക്കാൽ താരങ്ങൾക്ക് ഷാ താക്കീത് നൽകിയിരുന്നു.
ഇന്നലെ ആരംഭിച്ച രഞ്ജി ട്രോഫി ഫൈനൽ റൗണ്ടിലും ഇഷൻ ഝാർഖണ്ഡിനായി മത്സരത്തിനിറങ്ങിയില്ല. അടുത്തയാഴ്ച മുംബൈയിൽ നടക്കുന്ന ഡിവൈ പാട്ടീൽ ട്വന്റി20 ടൂർണമെന്റിലൂടെ മത്സരത്തിലേക്കു തിരിച്ചെത്താനാണ് ഇഷന്റെ തീരുമാനം. ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്താൻ രഞ്ജി ട്രോഫി കളിച്ച് ഫോം തെളിയിക്കണമെന്ന് ബിസിസിഐ അധികൃതർ നേരത്തേ ഇഷൻ കിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇഷൻ് ഇതു ഗൗനിക്കാതെ വന്നതോടെ രഞ്ജി ട്രോഫി കളിക്കുന്നവരെ മാത്രമേ ഐപിഎലിലേക്കു പരിഗണിക്കൂവെന്നും ബിസിസിഐ പ്രസ്താവനയിറക്കി.
എന്നാൽ ബാറ്റിങ് ടെക്നിക്കുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനത്തിലാണെന്നും ഇതിനിടയിൽ രഞ്ജിയിൽ കളിക്കാൻ ഒരുക്കമല്ലെന്നുമാണ് ഇഷന്റെ നിലപാട്. ഐപിഎല്ലിന്റെ തയ്യാറെടുപ്പിലുള്ള ഇഷാന് ഡിവൈ പാട്ടീൽ ട്വന്റി20 ടൂർണമെന്റിലെ പ്രകടനം ഉപകാരമാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെ റെഡ് ബോൾ മത്സരങ്ങളിൽ നിന്ന് മുങ്ങുന്ന ഇന്ത്യൻ സീനിയർ ടീം, എ ടീം താരങ്ങൾക്ക് ശക്തമായ മുന്നറിയിപ്പാണ് ബിസിസിഐ നൽകുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ രഞ്ജി ട്രോഫി കളിക്കണമെന്ന ബിസിസിഐ നിർദ്ദേശം പാലിക്കാതെ ഐപിഎൽ മനസിൽ കണ്ട് സ്വകാര്യ പരിശീലനവുമായി മുന്നോട്ടുപോകുന്നതാണ് ശക്തമായ മുന്നറിയിപ്പിലേക്ക് നീങ്ങാൻ ബിസിസിഐയെ പ്രേരിപ്പിച്ച ഒരു ഘടകം. രഞ്ജി ട്രോഫിയിലെ പ്രകടനം ദേശീയ ടീം സെലക്ഷനിൽ നിർണായകമാണ് എന്ന് ബിസിസിഐ വ്യക്തമാക്കുന്നു.
'ആശങ്കയുളവാക്കുന്ന പുതിയ പ്രവണതകൾ ഇന്ത്യൻ ക്രിക്കറ്റിൽ കണ്ടുതുടങ്ങിയിരിക്കുന്നു. ചില താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിനേക്കാൾ ഐപിഎല്ലന് പ്രാധാന്യം നൽകുന്നു. ഇത് പ്രോത്സാഹിപ്പിക്കേണ്ട കാര്യമല്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ അടിസ്ഥാനം എപ്പോഴും ആഭ്യന്തര ക്രിക്കറ്റാണ്. അതിനെ ഒരിക്കലും വിലകുറച്ച് കാണാനാവില്ല. ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വ്യക്തമാണ്. ആഭ്യന്തര ക്രിക്കറ്റിൽ മികവ് തെളിയിച്ച് വേണം ഏതൊരു താരവും ടീം ഇന്ത്യക്കായി കളിക്കാൻ. ദേശീയ ടീം സെലക്ഷനിൽ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം നിർണായകമാണ്. അതിനാൽ അത്തരം മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന താരങ്ങൾ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും' എന്നും താരങ്ങൾക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ എഴുതിയ കത്തിൽ പറയുന്നു.
മാനസിക പിരിമുറുക്കം ചൂണ്ടിക്കാണിച്ച് ഇന്ത്യൻ ടീമിൽ നിന്ന് ഇടവേളയെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനോട് രഞ്ജി ട്രോഫി കളിച്ച് ടീമിലേക്ക് മടങ്ങി വരാൻ ബിസിസിഐ സെലക്ടർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രഞ്ജിയിൽ ഝാർഖണ്ഡിനായി കളിക്കാൻ ഇഷാൻ തയ്യാറായില്ല. അതേസമയം ഐപിഎൽ മുൻനിർത്തി ബിസിസിഐയെ അറിയിക്കാതെ താരം സ്വകാര്യ പരിശീലനം തുടങ്ങി. കൂടുതൽ താരങ്ങൾ സമാന നീക്കം നടത്തുന്നത് തടയാനാണ് ബിസിസിഐ കടുത്ത നടപടികളിലേക്ക് കടക്കുന്നത്. കരാറിലുള്ള താരങ്ങൾ രാജ്യാന്തര മത്സരങ്ങളുടെ തിരക്കിലോ പരിക്കിലോ അല്ലെങ്കിൽ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നും മുങ്ങുന്നവരോട് ഒരു തരത്തിലുള്ള മൃദുസമീപനവും ഉണ്ടാവില്ല എന്നും ജയ് ഷാ ഈ വാരം ആദ്യം വ്യക്തമാക്കിയിരുന്നു.
സ്പോർട്സ് ഡെസ്ക്