- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
319 റൺസുമായി കൂടാരം കയറി ഇംഗ്ലണ്ട്; ഇന്ത്യക്ക് 126 റൺസിന്റെ ലീഡ്
രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 319 റൺസിന് എറിഞ്ഞു വീഴ്ത്തിയ ഇന്ത്യക്ക് 126 റൺസിന്റെ നിർണായക ഒന്നാം ഇന്നിങ്സ് ലീഡ്. രാജ്കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 445 റൺസിനെതിരെ മൂന്നാംദിനം ലഞ്ചിന് പിന്നാലെ ഇംഗ്ലണ്ട് 319 റൺസുമായി എല്ലാവരും കൂടാരം കയറി. മുഹമ്മദ് സിറാജ് നാല് വിക്കറ്റെടുത്തു. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ജസ്പ്രീത് ബുംറയും ആർ അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
153 റൺസെടുത്ത ബെൻ ഡക്കറ്റ് ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ. മറ്റാർക്കും അർധസെഞ്ചുറി പോലും നേടാൻ സാധിച്ചില്ല. നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ രോഹിത് ശർമ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.
രണ്ടിന് 207 എന്ന നിലയിൽ മൂന്നാംദിനം ആരംഭിച്ച ഇംഗ്ലണ്ടിന് ഇന്ന് ജോ റൂട്ടിന്റെ (18) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ പന്തിൽ യശസ്വി ജയ്സ്വാളിന് ക്യാച്ച്. ജോണി ബെയർസ്റ്റോയ്ക്ക് നാല് പന്ത് മാത്രമായിരുന്നു ആയുയ്. റൺസെടുക്കും മുമ്പ് കുൽദീപ് യാദവ് ബെയർസ്റ്റോയെ വിക്കറ്റിന് മുന്നിൽ കുടുക്കി. വൈകാതെ ഡക്കറ്റും മടങ്ങി. കുൽദീപാണ് ഇന്ത്യക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചത്. രണ്ട് സിക്സും 23 ഫോറും ഉൾപ്പെടുന്നതായിരുന്നു ഡക്കറ്റിന്റെ ഇന്നിങ്സ്.
ഡക്കറ്റ് മടങ്ങിയതോടെ ലഞ്ചിന് പിരിയുമ്പോൾ അഞ്ചിന് 290 എന്ന നിലയിലായി ഇംഗ്ലണ്ട്. ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ 29 റൺസിനിടെ ഇംഗ്ലണ്ടിന് നഷ്ടമായി. ലഞ്ചിന് ശേഷം ബെൻ സ്റ്റോക്സിനെ (41) പുറത്താക്കി ജഡേജ ആദ്യ പ്രഹരമേൽപ്പിച്ചു. ഫോക്സിനെ സിറാജ്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു. റെഹാൻ അഹമ്മദിനേയും (6), ജെയിംസ് ആൻഡേഴ്സണേയും (1) സിറാജ് ബൗൾഡാക്കി. ടോം ഹാർട്ലിയെ (6) ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്ത് പുറത്താക്കി.
രണ്ടാം ദിനം
അഞ്ചിന് 326 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം തുടങ്ങിയത്. തുടക്കത്തിൽ തന്നെ കുൽദീപ് യാദവിന്റെ (4) വിക്കറ്റ് നഷ്ടമായി. ജെയിംസ് ആൻഡേഴ്സണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന് ക്യാച്ച്. തലേ ദിവസത്തെ സ്കോറിനോട് മൂന്ന് റൺ മാത്രമാണ് കുൽദീപ് കൂട്ടിചേർത്തത്. ജഡേജയും തുടക്കത്തിൽ മടങ്ങി. വ്യക്തിഗത സ്കോറിനോട് രണ്ട് മാത്രമാണ് ജഡേജയ്ക്ക് കൂട്ടിചേർക്കാനായത്. റൂട്ടിന്റെ പന്തിൽ റിട്ടേൺ ക്യാച്ച് നൽകിയാണ് ജഡേജ മടങ്ങുന്നത്. രണ്ട് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്സ്.
തുടർന്ന് ക്രീസിലൊന്നിച്ച ജുറൽ - അശ്വിൻ കൂട്ടുകെട്ട് നിർണായകമായി. 77 റൺസാണ് കൂട്ടിചേർത്തത്. ജുറൽ അരങ്ങേറ്റക്കാരന്റെ ബുദ്ധിമുട്ടൊന്നും കാണിക്കാതെ ബാറ്റ് വീശി. എന്നാൽ അശ്വിനെ ആൻഡേഴ്സണിന്റെ കൈകളിലെത്തിച്ച് റെഹാൻ ബ്രേക്ക് ത്രൂ നൽകി. ജൂറലിനേയും റെഹാൻ തന്നെ വീഴ്ത്തി. മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതാണ് ജുറലിന്റെ ഇന്നിങ്സ്. വാലറ്റത്ത് ബുമ്രയും ഉത്തരവാദിത്തം കാണിച്ചു. ഒരു സിക്സും മൂന്ന് ഫോറും ഉൾപ്പെടുന്നതാണ് ബുമ്രയുടെ ഇന്നിങ്സ്. വുഡിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം.
ആദ്യ ദിനം
മൂന്നിന് 33 എന്ന നിലയിൽ പ്രതിരോധത്തിലായ ഇന്ത്യയെ രോഹിത്തും ജഡേജയും ചേർന്ന് കരകയറ്റുകയായിരുന്നു. യശസ്വി ജയ്സ്വാൾ (10), ശുഭ്മാൻ ഗിൽ (0), രജത് പടിധാർ (5) എന്നിവർ തുടക്കിലെ മടങ്ങി. എന്നാൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹിത് സ്പിന്നർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ആക്രമിച്ചു. ഇതിനിടെ ടോം ഹാർട്ലിയുടെ പന്തിൽ രോഹിത് സ്ലിപ്പിൽ നൽകിയ പ്രയാസമേറിയ ക്യാച്ച് ജോ റൂട്ട് കൈവിട്ടു. ഇന്ത്യൻ സ്കോർ 50ൽ നിൽക്കെയായിരുന്നു ഇത്. പിന്നാലെ ആൻഡേഴ്സന്റെ പന്തിൽ രോഹിത് വിക്കറ്റിന് മുന്നിൽ കുടുങ്ങിയെന്ന് അമ്പയർ വിധിച്ചെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. പിന്നീട് ബൗളർമാർക്ക് അവസരമൊന്നും നൽകാതെ ഇരുവരും ഇന്ത്യയെ മുന്നോട്ട് നയിച്ചു. 71 പന്തിൽ അർധസെഞ്ചുറി തികച്ച രോഹിത് 157 പന്തിൽ സെഞ്ചുറിയിലെത്തി. ആദ്യ ദിനം രണ്ടാം സെഷനിൽ വിക്കറ്റ് വീഴ്ത്താനാവാതെ ഇംഗ്ലണ്ട് വിയർത്തു.
ചായക്ക് ശേഷം സെഞ്ചുറി തികച്ച രോഹിത് ഒടുവിൽ മാർക്ക് വുഡിന്റെ ഷോർട്ട് ബോൾ തന്ത്രത്തിൽ പുറത്തായി. പിന്നീടെത്തിയ സർഫറാസ് ഖാൻ അരങ്ങേറ്റക്കാരന്റെ പതർച്ചയില്ലാതെ അടിച്ചു തകർത്തതോടെ ഇന്ത്യ സുരക്ഷിത സ്കോറിലേക്ക് നീങ്ങി. ഇന്ത്യക്കായി അരങ്ങേറ്റ താരം നേടുന്ന അതിവേഗ ഫിഫ്റ്റി (48) പന്തിൽ സ്വന്തമാക്കിയ സർഫറാസ് ആദ്യ ദിനം കളി അസാനിക്കുന്നതിന് തൊട്ടു മുമ്പ് റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. 62റൺസെടുത്ത് സർഫറാസ് പുറത്തായശേഷം 198 പന്തിൽ സെഞ്ചുറിയിലെത്തിയ ജഡേജ കൂടുതൽ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ആദ്യദിനം 326ൽ എത്തിച്ചു.