- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകദിന ശൈലിയിൽ അടിച്ചുതകർത്ത് ജയ്സ്വാൾ; കരിയറിലെ മൂന്നാം സെഞ്ചുറി; അർധ സെഞ്ചുറിയുമായി വിശ്വാസം കാത്ത് ഗിൽ; പൂജ്യത്തിൽ വീണ് പടിദാർ; രാജ്കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കുറ്റൻ സ്കോറിലേക്ക്
വിശാഖപ്പട്ടണം: ഇംഗ്ലണ്ടിനെതിരെ രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. യശസ്വി ജയ്സ്വാളിന്റെ (104 റിട്ടയേർഡ് ഹർട്ട്) സെഞ്ചുറിയുടെ മികവിൽ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 196 റൺസെടുത്തിട്ടുണ്ട് ഇന്ത്യ. ഇതോടെ ഇന്ത്യയുടെ ലീഡ് 322 ആയി ഉയർന്നു. ശുഭ്മാൻ ഗിൽ (65), കുൽദീപ് യാദവ് (3) എന്നിവരാണ് ക്രീസിൽ. രോഹിത് ശർമ (19), രജത് പടിദാർ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജോ റൂട്ട്, ടോം ഹാർട്ലി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 445നെതിരെ ഇംഗ്ലണ്ട് 319ന് പുറത്താവുകയായിരുന്നു. 126 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ നേടിയത്.
കരിയറിലെ മൂന്നാമത്തേയും പരമ്പരയിലെ രണ്ടാം സെഞ്ചുറിയുമാണ് ജയ്സ്വാൾ നേടിയത്. ഏകദിന ശൈലിയിലാണ് ജയ്സ്വാൾ ബാറ്റ് വീശിയത്. 133 പന്തുകൾ നേരിട്ട താരം അഞ്ച് സിക്സും എട്ട് ഫോറും നേടിയിട്ടുണ്ട്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ താരം ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇതിനിടെ ഗില്ലും അർധ സെഞ്ചുറി പൂർത്തിയാക്കി. രണ്ട് സിക്സും ആറ് ഫോറും നേടിയിട്ടുണ്ട്.
നേരത്തെ, ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ ജോ റൂട്ടിനെ സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിൽ രോഹിത് വിക്കറ്റ് മുന്നിൽ കുടുങ്ങി. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ഇന്ത്യൻ നായകന്റെ സമ്പാദ്യം 19 റൺസായിരുന്നു മൂന്നാമനായെത്തിയ ശുഭ്മാൻ ഗില്ലും ജയ്സ്വാൾ ശൈലിയിൽ പ്രതിരോധത്തിലൂന്നിയായിരുന്നു ഇന്നിങ്സിന് അടിത്തറയിട്ടത്. 70 പന്തുകൾ നേരിട്ടതിന് പിന്നാലെ ജയ്സ്വാൾ ഗിയർ മാറ്റി. 73 പന്തിൽ 35 റൺസ് മാത്രമുണ്ടായിരുന്ന ജയ്സ്വാൾ 122 പന്തിൽ സെഞ്ചുറി തികച്ചു. താരത്തിന്റെ ടെസ്റ്റ് കരിയറിലെ മൂന്നാം ശതകമാണിത്. പരമ്പരയിലെ രണ്ടാം സെഞ്ചുറിയും.
ജയ്സ്വാളിന്റെ സെഞ്ചുറിക്ക് പിന്നാലെ ഗിൽ അർധ സെഞ്ചുറിയും കുറിച്ചു. 98 പന്തുകളിൽ നിന്നായിരുന്നു നേട്ടം. ഗിൽ നാഴികക്കല്ല് പിന്നിട്ട ഓവറിൽ തന്നെ ഇന്ത്യയുടെ ലീഡ് 300 തൊട്ടു. പക്ഷേ, പേശിവലിവിനെ തുടർന്ന് ജയ്സ്വാളിന് കളം വിടേണ്ടി വന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 133 പന്തിൽ 104 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് നേരത്തെ ഇംഗ്ലണ്ടിനെ തകർത്തത്. കുൽദീപ് യാദവ്, ആർ അശ്വിൻ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബെൻ ഡക്കറ്റ് 153 റൺസെടുത്ത് പുറത്തായി. മറ്റാർക്കും അർധസെഞ്ചുറി പോലും നേടാൻ സാധിച്ചില്ല. ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ രോഹിത് ശർമ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് തുണയായത്.
രണ്ടിന് 207 എന്ന നിലയിൽ മൂന്നാംദിനം ആരംഭിച്ച ഇംഗ്ലണ്ടിന് ഇന്ന് ജോ റൂട്ടിന്റെ (18) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ പന്തിൽ യശസ്വി ജയ്സ്വാളിന് ക്യാച്ച്. ജോണി ബെയർസ്റ്റോയ്ക്ക് നാല് പന്ത് മാത്രമായിരുന്നു ആയുയ്. റൺസെടുക്കും മുമ്പ് കുൽദീപ് യാദവ് ബെയർസ്റ്റോയെ വിക്കറ്റിന് മുന്നിൽ കുടുക്കി. വൈകാതെ ഡക്കറ്റും മടങ്ങി. കുൽദീപാണ് ഇന്ത്യക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചത്. രണ്ട് സിക്സും 23 ഫോറും ഉൾപ്പെടുന്നതായിരുന്നു ഡക്കറ്റിന്റെ ഇന്നിങ്സ്.
ഡക്കറ്റ് മടങ്ങിയതോടെ ലഞ്ചിന് പിരിയുമ്പോൾ അഞ്ചിന് 290 എന്ന നിലയിലായി ഇംഗ്ലണ്ട്. ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ 29 റൺസിനിടെ ഇംഗ്ലണ്ടിന് നഷ്ടമായി. ലഞ്ചിന് ശേഷം ബെൻ സ്റ്റോക്സിനെ (41) പുറത്താക്കി ജഡേജ ആദ്യ പ്രഹരമേൽപ്പിച്ചു. ഫോക്സിനെ സിറാജ്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു. റെഹാൻ അഹമ്മദിനേയും (6), ജെയിംസ് ആൻഡേഴ്സണേയും (1) സിറാജ് ബൗൾഡാക്കി. ടോം ഹാർട്ലിയെ (6) ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്ത് പുറത്താക്കി.
സ്പോർട്സ് ഡെസ്ക്