- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായ ഇരട്ട സെഞ്ചുറിയുമായി ജയ്സ്വാൾ; ഇംഗ്ലണ്ടിന് 557 റൺസ് വിജയലക്ഷ്യം
ജയ്പൂർ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഡബിൾ സെഞ്ചറി പൂർത്തിയാക്കിയ യുവതാരം യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ് മികവിൽ ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റിന് 430 റൺസ് എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ 557 റൺസ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിൽ ഉയർത്തിയത്.
രാജ്കോട്ട് ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ 231 പന്തുകളിൽ നിന്നാണ് ജയ്സ്വാൾ പരമ്പരയിലെ രണ്ടാം ഡബിൾ സെഞ്ചറി പൂർത്തിയാക്കിയത്. ജയ്സ്വാൾ 236 പന്തിൽ 214 റൺസ് എടുത്ത് പുറത്താകാതെ നിന്നു. പന്ത്രണ്ട് സിക്സും 14 ഫോറും അകമ്പടി ചേർന്നതാണ് ജയ്സ്വാളിന്റെ ഇന്നിങ്സ്. വിശാഖപട്ടണം ടെസ്റ്റിലും താരം ഡബിൾ സെഞ്ചറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ 209 റൺസായിരുന്നു ജയ്സ്വാൾ അടിച്ചെടുത്തത്.
98 ഓവറിൽ നാല് വിക്കറ്റിന് 430 റൺസ് എന്ന നിലയിൽ നായകൻ രോഹിത് ശർമ്മ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ജയ്സ്വാളും (236 പന്തിൽ 214), സർഫറാസ് ഖാനും (72 പന്തിൽ 68) പുറത്താകാതെ നിന്നു. മൂന്ന് സിക്സും ആറ് ഫോറും ചേർന്നാണ് സർഫറാസിന്റെ അർധ സെഞ്ചുറി.
പരുക്കിനെ തുടർന്ന് മൂന്നാം ദിവസം റിട്ടയേഡ് ഹർട്ടായി ബാറ്റിങ് അവസാനിപ്പിച്ച ജയ്സ്വാൾ ഞായറാഴ്ച വീണ്ടും കളിക്കാനിറങ്ങുകയായിരുന്നു. അതേസമയം ശുഭ്മൻ ഗില്ലിന് സെഞ്ചറി നേടാനാകാതെ പോയത് നാലാം ദിനം ഇന്ത്യയ്ക്കു നിരാശയായി. 91 റൺസിൽ നിൽക്കെ ഗിൽ റൺഔട്ടാകുകയായിരുന്നു.
രണ്ട്് 196 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിവസം കളി അവസാനിപ്പിച്ചത്. സ്കോർ 246 ൽ നിൽക്കെ ഗിൽ റൺ ഔട്ടായി. 64ാം ഓവറിലെ അവസാന പന്തിലായിരുന്നു താരത്തിന്റെ പുറത്താകൽ. സ്പിന്നർ ടോം ഹാർട്ലി എറിഞ്ഞ പന്ത് നേരിട്ട കുൽദീപ് യാദവ് റണ്ണിനായി ഓടാൻ ശ്രമിച്ചെങ്കിലും പിന്നീടു പിൻവാങ്ങുകയായിരുന്നു.
പന്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പിടിച്ചെടുത്തതോടെയാണ് കുൽദീപ് പിന്നോട്ടുപോയത്. ഇതോടെ നോൺ സ്ട്രൈക്കറായിരുന്ന ഗിൽ ഡൈവ് ചെയ്ത് ക്രീസിലെത്താൻ ശ്രമിച്ചെങ്കിലും അതിനു മുൻപു തന്നെ ഹാർട്ലി ബെയ്ൽസ് ഇളക്കിയിരുന്നു.
ഇതോടെ റിട്ടയേഡ് ഹർട്ടായി ശനിയാഴ്ച മടങ്ങിയ ജയ്സ്വാൾ തന്നെ വീണ്ടും മടങ്ങിയെത്തി. പിന്നാലെ 27 റൺസെടുത്ത കുൽദീപ് യാദവിനെയും നഷ്ടപ്പെട്ടു. 91 പന്തിൽ 27 റൺസെടുത്ത കുൽദീപ് റെഹാൻ അഹമ്മദിന്റെ പന്തിൽ ഔട്ടാകുകയായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി ജോ റൂട്ട്, റിഹാൻ അഹ്മദ്, ടോം ഹാർട്ട്ലി എന്നിവർ ഓരോന്നുവീതം വിക്കറ്റ് നേടി.
ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ
ബാസ്ബോൾ ശൈലിയിൽ ഇന്ത്യൻ ബോളർമാരെ അടിച്ചൊതുക്കി മുന്നേറിയ ബെൻ ഡക്കറ്റിന്റെ (151 പന്തിൽ 153) ബലത്തിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോർ അനായാസം മറികടക്കാമെന്നുറപ്പിച്ചാണ് ഇംഗ്ലണ്ട് മൂന്നാം ദിനം തുടങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ ജോ റൂട്ടിനെ (18) മടക്കിയ ജസ്പ്രീത് ബുമ്ര, സന്ദർശകർക്ക് ആദ്യ പ്രഹരം ഏൽപിച്ചു.
പിന്നാലെയെത്തിയ ബാറ്റർമാരെ നിലയുറപ്പിക്കാൻ ഇന്ത്യൻ ബോളിങ് നിര സമ്മതിച്ചില്ല. കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങിയ ആർ.അശ്വിന്റെ അഭാവത്തിൽ കുൽദീപ് യാദവും മുഹമ്മദ് സിറാജും ചേർന്നാണ് ഇന്ത്യൻ ബോളിങ് നിരയെ നയിച്ചത്. സിറാജ് നാലും കുൽദീപും രവീന്ദ്ര ജഡേജയും രണ്ടു വീതവും വിക്കറ്റുകൾ വീഴ്ത്തി. 29 റൺസിനിടെയാണ് ഇംഗ്ലണ്ടിന് അവസാന 5 വിക്കറ്റ് നഷ്ടമായത്.
126 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ രോഹിത് ശർമയെ (19) തുടക്കത്തിലേ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഗില്ലിനെ കൂട്ടുപിടിച്ച് യശസ്വി നടത്തിയ കൗണ്ടർ അറ്റാക്കാണ് മത്സരത്തിൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചത്. രണ്ടാം വിക്കറ്റിൽ 155 റൺസ് കൂട്ടിച്ചേർത്ത സഖ്യം ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ നൽകി. പുറംവേദന മൂലം യശസ്വി മടങ്ങിയതിനു പിന്നാലെ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. രജത് പാട്ടിദാർ (0) നിരാശപ്പെടുത്തിയെങ്കിലും കുൽദീപ് യാദവിനെ കൂട്ടുപിടിച്ച് മറ്റു പരുക്കുകളില്ലാതെ ഗിൽ മൂന്നാം ദിനം അവസാനിപ്പിച്ചു.