- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 122ന് ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് 434 റൺസ് വിജയം
രാജ്കോട്ട്: യശ്വസി ജയ്സ്വാളും സർഫറാസും റൺസ് വാരിക്കൂട്ടിയ രാജ്കോട്ടിലെ പിച്ചിൽ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതോടെ ഇന്ത്യക്ക് പടുകൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 557 റൺസ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്സിൽ ബാസ്ബോൾ ശൈലിയിൽ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ച ഇംഗ്ലണ്ട് ബാറ്റിങ് നിരയെ രവീന്ദ്ര ജഡേജയും സംഘവും കറക്കി വീഴ്ത്തിയതോടെ ആതിഥേയർക്ക് 434 റൺസിന്റെ വമ്പൻ വിജയം.
557 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിൽ 39.3 ഓവറിൽ 122 റൺസിന് എറിഞ്ഞിട്ടാണ് 434 റൺസിന്റെ റെക്കോർഡ് വിജയം സ്വന്തമാക്കിയത്. റൺസുകളുടെ അടിസ്ഥാനത്തിൽ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമാർജിനും 1934നുശേഷം ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ തോൽവിയുമാണിത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തി കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ബുമ്രയും അശ്വിനും ചേർന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. പരമ്പരയിലെ നാലാം ടെസ്റ്റ് 23ന് റാഞ്ചിയിൽ തുടങ്ങും.സ്കോർ ഇന്ത്യ 445, 430-4, ഇംഗ്ലണ്ട് 319, 122.
557 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 39.4 ഓവറിൽ 122 റൺസെടുത്തു പുറത്തായി. വാലറ്റത്ത് ജയിംസ് ആൻഡേഴ്സണെ കൂട്ടുപിടിച്ച് 15 പന്തുകളിൽനിന്ന് 33 റൺസെടുത്ത മാർക് വുഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2 - 1ന് മുന്നിലെത്തി. ഇനി രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.
സാക് ക്രൗലി (26 പന്തിൽ 11), ബെൻ സ്റ്റോക്സ് (39 പന്തിൽ 15), ബെൻ ഫോക്സ് (39 പന്തിൽ 16), ടോം ഹാർട്ലി (36 പന്തിൽ 16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഇംഗ്ലിഷ് ബാറ്റർമാർ. ഇന്ത്യൻ സ്പിന്നർമാർക്കു മുന്നിൽ രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിൽക്കാൻ ഇംഗ്ലണ്ടിനു സാധിച്ചില്ല.
Super Jurel ????♂️ with some ????glove-work ????????#IDFCFirstBankTestSeries #INDvENG #BazBowled #JioCinemaSports pic.twitter.com/dTlzQZXKAn
— JioCinema (@JioCinema) February 18, 2024
ഇന്ത്യ ഉയർത്തിയ റൺമലക്ക് മുന്നിൽ തുടക്കത്തിലെ ഇംഗ്ലണ്ടിന് അടിതെറ്റി. ആദ്യ ഇന്നിങ്സിലെ സെഞ്ചുറി വീരൻ ബെൻ ഡക്കറ്റ് തുടക്കത്തിലെ റണ്ണൗട്ടായി. മുഹമ്മദ് സിറാജിന്റെ ത്രോയിൽ ധ്രുവ് ജുറെൽ പറന്നെത്തിയാണ് ഡക്കറ്റിനെ റണ്ണൗട്ടാക്കിയത്.
സ്കോർ 15 ൽ നിൽക്കെയാണ് ബെൻ ഡക്കറ്റിനെ റൺഔട്ടാക്കി ഇന്ത്യ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നാലെ സാക് ക്രൗലിയെ ജസ്പ്രീത് ബുമ്ര വിക്കറ്റിനു മുന്നിൽ കുടുക്കി. ഒലി പോപ്പ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട് എന്നിവരെ മടക്കി ജഡേജ ഇംഗ്ലണ്ടിന് വൻ പ്രഹരമേൽപിച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ കുൽദീപ് യാദവും പുറത്താക്കി. സ്കോർ 82 ൽ നിൽക്കെ ബെൻ ഫോക്സിനെ ജഡേജ വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിന്റെ കൈകളിലെത്തിച്ചു. വാലറ്റത്ത് വമ്പനടികൾ നടത്തിയ മാർക് വുഡ് മാത്രമാണ് കുറച്ചു നേരത്തേക്കെങ്കിലും ഗ്രൗണ്ടിൽ ബാസ് ബോൾ കളിച്ചത്. ഒരു സിക്സും ആറു ഫോറുകളും താരം ബൗണ്ടറി കടത്തി. വുഡിനെ ജയ്സ്വാളിന്റെ കൈകളിലെത്തിച്ച് ജഡേജ അഞ്ച് വിക്കറ്റ് പൂർത്തിയാക്കി.
രണ്ടാം ഇന്നിങ്സിൽ 98 ഓവറിൽ നാലിന് 430 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ 231 പന്തുകളിൽ നിന്നാണ് ജയ്സ്വാൾ പരമ്പരയിലെ രണ്ടാം ഡബിൾ സെഞ്ചറി പൂർത്തിയാക്കിയത്. വിശാഖപട്ടണം ടെസ്റ്റിലും താരം ഡബിൾ സെഞ്ചറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ 209 റൺസായിരുന്നു ജയ്സ്വാൾ അടിച്ചെടുത്തത്.
ജയ്സ്വാളും (236 പന്തിൽ 214), സർഫറാസ് ഖാനും (72 പന്തിൽ 68) പുറത്താകാതെനിന്നു. പരുക്കിനെ തുടർന്ന് മൂന്നാം ദിവസം റിട്ടയേഡ് ഹർട്ടായി ബാറ്റിങ് അവസാനിപ്പിച്ച ജയ്സ്വാൾ ഞായറാഴ്ച വീണ്ടും കളിക്കാനിറങ്ങുകയായിരുന്നു. അതേസമയം ശുഭ്മൻ ഗില്ലിന് സെഞ്ചറി നേടാനാകാതെ പോയത് നാലാം ദിനം ഇന്ത്യയ്ക്കു നിരാശയായി. 91 റൺസിൽ നിൽക്കെ ഗിൽ റൺഔട്ടാകുകയായിരുന്നു.
2ന് 196 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിവസം കളി അവസാനിപ്പിച്ചത്. സ്കോർ 246 ൽ നിൽക്കെ ഗിൽ റൺ ഔട്ടായി. 64ാം ഓവറിലെ അവസാന പന്തിലായിരുന്നു താരത്തിന്റെ പുറത്താകൽ. സ്പിന്നർ ടോം ഹാർട്ലി എറിഞ്ഞ പന്ത് നേരിട്ട കുൽദീപ് യാദവ് റണ്ണിനായി ഓടാൻ ശ്രമിച്ചെങ്കിലും പിന്നീടു പിൻവാങ്ങുകയായിരുന്നു.
പന്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പിടിച്ചെടുത്തതോടെയാണ് കുൽദീപ് പിന്നോട്ടുപോയത്. ഇതോടെ നോൺ സ്ട്രൈക്കറായിരുന്ന ഗിൽ ഡൈവ് ചെയ്ത് ക്രീസിലെത്താൻ ശ്രമിച്ചെങ്കിലും അതിനു മുൻപു തന്നെ ഹാർട്ലി ബെയ്ൽസ് ഇളക്കിയിരുന്നു. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കുൽദീപ് യാദവാണ് ഞായറാഴ്ച പുറത്തായ മറ്റൊരു ഇന്ത്യൻ താരം. 91 പന്തിൽ 27 റൺസെടുത്ത കുൽദീപ് റെഹാൻ അഹമ്മദിന്റെ പന്തിൽ ഔട്ടാകുകയായിരുന്നു.
യശസ്വി 236 പന്തിൽ 214 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ സർഫറാസ് ഖാൻ 72 പന്തിൽ 68 റൺസെടുത്ത് അരങ്ങേറ്റ ടെസ്റ്റിലും തുടർച്ചയായ രണ്ടാം അർധസെഞ്ചുറി നേടി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജോ റൂട്ടും ടോം ഹാർട്ലിയും റെഹാൻ അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.